കാഞ്ഞിരമറ്റംകാരെ പാലം കടത്തുമോ..?

Wednesday 27 January 2016 10:10 pm IST

തൊടുപുഴ: കാഞ്ഞിരമറ്റം നിവാസികളുടെ ചിരകാല സ്വപ്നമായ മാരിയില്‍ കലുങ്ക് - കാഞ്ഞിരമറ്റം പാലത്തിന്റെ ഉദ്ഘാടനം വഴിമുട്ടുന്നു. പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെങ്കിലും അപ്രോച്ച് റോഡിനാവിശ്യമായ സ്ഥലമേറ്റെടുക്കല്‍ എങ്ങും എത്താത്തതാണ് ഉദ്ഘാടനം വഴിമുട്ടാന്‍ കാരണമാകുന്നത്. കാഞ്ഞിരമറ്റത്തെ ഒന്നിലധികം സ്വകാര്യ വ്യക്തികളുടെ സ്ഥലം അടക്കം ഏറ്റെടുത്തെങ്കില്‍ മാത്രമെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏറ്റെടുക്കല്‍ എങ്ങും എത്തിയിട്ടില്ല. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴും റോഡ് നിര്‍മ്മാണം എങ്ങും എത്താത്തത് സമീപവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതിന് കാരണമായിട്ടുണ്ട്. ഏകദേശം 80 മീറ്റര്‍ നീളം വരുന്ന് പാലത്തിന് 11 മീറ്റര്‍ ആണ് വീതി. ഇരുവശങ്ങളിലും ഒന്നേകാല്‍ മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയും ക്രമീകരിക്കുന്നുണ്ട്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതാണ് പണി നീളുവാന്‍ കാരണമെന്നാണ് വിവരം. പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്ന മൂവാറ്റുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മേരിമാത കമ്പനി ആണ്. ആറര കോടി രൂപ മുതല്‍ മുടക്കിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം വൈകുന്നതിനാല്‍ താല്‍ക്കാലികമായി കാഞ്ഞിരമറ്റത്തു നിന്ന് പുഴ കടവിലേക്ക് എത്തുന്ന റോഡിലേക്ക് പാലം മണ്ണിട്ട് പൊക്കി മുട്ടിക്കാനുള്ള ശ്രമവും നടന്നുവരികയാണ്. അടുത്തമാസം ആരംഭിക്കുന്ന കാഞ്ഞിരമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്‍പായി ആളുകള്‍ക്ക് നടക്കുവാനുള്ള സൗകര്യം ചെയ്ത് കൊടുക്കുവാനുള്ള ശ്രമത്തിലാണ് കമ്പനി അധിക്യതര്‍. പാലത്തിന്റെ പെയിംന്റിംഗ് ജോലികളും നടപ്പാതയുടെ നിര്‍മ്മാണവും അടക്കം ഏതാനം ചില ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഈ ജോലികളും പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. എത്രയും വേഗം റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.