സര്‍ക്കാര്‍ ആടിയുലയുന്നു

Wednesday 27 January 2016 10:54 pm IST

കൊച്ചി: മന്ത്രിമാരുടെ രാജി പരമ്പരയിലും മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ ഉയര്‍ന്ന വെളിപ്പെടുത്തലുകളിലും യുഡിഎഫ്് സര്‍ക്കാര്‍ ആടിയുലയുന്നു.   ബാര്‍ക്കോഴ കേസില്‍ കോടതികളുടെ പരാമര്‍ശത്തെ തുടര്‍ന്ന്  കെ.എം. മാണിയും കെ.ബാബുവും രാജിവച്ചിരുന്നു. അതിനു പിന്നാലെയാണ്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രമുഖ കോണ്‍ഗ്രസ് നേതാവും വൈദ്യുതി മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിനുമെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബാബുവിന്റെ  രാജിക്കത്ത്  ഗവര്‍ണര്‍ക്ക് കൈമാറാതെ അഴിമതിക്കാരായ മന്ത്രിമാരെ മുഖ്യമന്ത്രി രക്ഷിക്കാന്‍ നടത്തുന്ന ഗൂഢ നീക്കത്തിനിടയിലാണ് അദ്ദേഹം  തന്നെ കുരുക്കില്‍പ്പെട്ടത്. മുഖ്യമന്ത്രി 1.90 കോടി രൂപയും മന്ത്രി ആര്യാടന്‍ മുഹമ്മദ് 40 ലക്ഷവും വാങ്ങിയെന്നാണ്  സരിത.എസ്.നായര്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റീസ് ശിവരാജന് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെയും ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകള്‍ ഉയര്‍ന്നപ്പോഴെല്ലാം അതിനെ പ്രതിരോധിച്ച് നിന്ന മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ പണം വാങ്ങിയെന്ന ശക്തമായ ആരോപണം തന്നെയാണ് ഉയര്‍ന്നിരിക്കുന്നത്. ബാര്‍ അസോസിയേഷന്‍ നേതാക്കളില്‍ കെ.എം. മാണി ഒരു കോടി വാങ്ങിയെന്ന് പറയുമ്പോള്‍ കെ.ബാബുവിന് അമ്പത് ലക്ഷമാണ് നല്‍കിയിരിക്കുന്നത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന തരത്തിലുള്ള കോഴ വിവാദമാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ മന്ത്രിസഭയിലെ  പ്രശ്‌നങ്ങളും മറ്റും മൂലം സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് സരിതയുടെ വെളിപ്പെടുത്തലുകള്‍. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ നിയമപരമായി രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി ഇതിനെല്ലാം മറുപടി പറയേണ്ടി വരും.സോളാര്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും നടത്തുന്ന നീക്കത്തിന്റെ ശക്തമായ തെളിവു കൂടിയാണ് സരിതയുമായി തമ്പാനൂര്‍ രവി നടത്തിയ ഫോണ്‍ സന്ദേശം. തമ്പാനൂര്‍ രവി നടത്തിയ ഫോണ്‍ വിളി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സൂചനയുണ്ട്.  നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മന്ത്രിസഭ തലവന്‍ തന്നെ കുരുക്കില്‍പ്പെട്ടതോടെ ഇതില്‍നിന്ന് തലയൂരാന്‍ സാധിക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.