പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകന്‍ പിടിയില്‍

Wednesday 27 January 2016 11:04 pm IST


സൂര്യ എസ്. നായര്‍

ആറ്റിങ്ങല്‍ : നഗരമദ്ധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തി ഒളിവില്‍പ്പോയ കാമുകനെ ആത്മഹത്യാശ്രമത്തിനിടെ പോലീസ് പിടികൂടി. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ ശശിധന്റെയും സുശീലയുടെയും മകളും വെഞ്ഞാറമൂട് തൈക്കാട് സെന്റ്‌ജോണ്‍സ് ആശുപത്രിയിലെ നഴ്‌സുമായ സൂര്യ എസ്. നായര്‍(25) ആണ് കൊല്ലപ്പെട്ടത്. ഒളിവില്‍പ്പോയ വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശി ഷിജു(28)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 10 മണിയോടെ കെഎസ്ആര്‍ടിസി ബസ്സ്സ്റ്റാന്റിന് പുറകുവശത്താണ് സംഭവം. നിലവിളികേട്ട് പുറത്തിറങ്ങിയ സമീപവാസിയാണ് പെണ്‍കുട്ടിയെ വെട്ടേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നു വെട്ടുകത്തി പോലീസ് കണ്ടെടുത്തു. പത്തിലധികം വെട്ടുകളാണ് കഴുത്തിനുചുറ്റും കാണപ്പെട്ടത്. വെട്ടേറ്റ് മുടി മുറിഞ്ഞ് സമീപത്ത് കിടന്നിരുന്നു. ബാഗും മൊബൈല്‍ഫോണും സ്‌കൂട്ടറിന്റെ താക്കോലും പോലീസ് കണ്ടെടുത്തു. മൊബൈല്‍ഫോണിലെയും മറ്റും രേഖകള്‍ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സൂര്യയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ട ഷിനുവിനെ വൈകുന്നേരം ആറോടെ കൊല്ലത്തെ ഒരു ലോഡ്ജില്‍ ആത്മഹത്യയ്ക്ക്ശ്രമിക്കുന്നതിനിടെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. വിഷം കഴിച്ച് അവശനിലയിലായ ഷിജുവിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരും കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നെന്നാണ് അറിയുന്നത്. ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടിന്റെ മകളുടെ വിവാഹത്തിന് ഗിഫ്റ്റ് വാങ്ങാനെന്ന് പറഞ്ഞാണ് സൂര്യ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഗിഫ്റ്റ് വാങ്ങാനായി സഹപ്രവര്‍ത്തകരോട് പത്ത് മണിക്ക് വെഞ്ഞാറമൂട് എത്തുവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എട്ടരമണിയോടെ കൂട്ടുകാരിയുടെ മൊബൈലില്‍ വിളിച്ചശേഷം പതിനൊന്ന് മണിക്ക് എത്തിയാല്‍മതി എന്ന് അറിയിച്ചു. സ്‌കൂട്ടര്‍ നെല്ലനാട് പഞ്ചായത്ത് ഓഫീസിന് സമീപം വച്ചശേഷം ബസില്‍ ആറ്റിങ്ങലില്‍ എത്തുകയായിരുന്നു. രാവിലെ ബാഗുമായി ഷിനുവും വീട്ടില്‍ നിന്ന് പോയതായി സുഹൃത്തുക്കള്‍ പറയുന്നു.
വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സൂരജാണ് സൂര്യയുടെ സഹോദരന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.