കുളമ്പുരോഗം സ്ഥിരീകരിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചില്ല

Wednesday 27 January 2016 11:19 pm IST

വിളപ്പില്‍ശാല: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം സ്ഥിരീകരിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മൃഗസംരക്ഷണ വകുപ്പിന്റെ കടുത്ത അനാസ്ഥ മൂലം രോഗം മറ്റ് കന്നുകാലികളിലേക്കും പടരുമെന്ന ആശങ്കയിലാണ് ക്ഷീരകര്‍ഷകര്‍. നെടുങ്കുഴി ജംഗ്ഷനിലെ ഫ്രാന്‍സിസ്, മുളയറയിലെ കുമാര്‍ എന്നീ കര്‍ഷകരുടെ സങ്കരയിനം പശുക്കളിലാണ് കുളമ്പുരോഗം കണ്ടെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടയുടന്‍ കാരോട് മൃഗാശുപത്രിയില്‍ വിവരമറിയിച്ചെങ്കിലും ഡോക്ടര്‍ ചില അശാസ്ത്രീയ നാടന്‍ ചികിത്സാരീതികള്‍ ഉപദേശിച്ച് കര്‍ഷകരെ മടക്കി അയയ്ക്കുകയായിരുന്നു. വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന കുളമ്പുരോഗം ഏതെങ്കിലും കന്നുകാലികളില്‍ കണ്ടെത്തിയാലുടന്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി രോഗത്തിന്റെ പകര്‍ച്ച തടയുകയാണ് പതിവ്. ഇതിനായി മൃഗസംരക്ഷണ വകുപ്പ് അടിയന്തിരമായി ഇടപെടണം. എന്നാല്‍ കാരോട് മൃഗാശുപത്രിയില്‍ വല്ലപ്പോഴും മാത്രമെത്തുന്ന ഡോക്ടര്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ നേരമില്ലെന്നാണ് കര്‍ഷകരുടെ പരാതി. കാരോട് ക്ഷീരസംഘം പരിധിയില്‍ മാത്രം നാനൂറോളം ക്ഷീരകര്‍ഷകരും ആയിരത്തിലധികം സങ്കരയിനം പശുക്കളുമാണുള്ളത്. പ്രാദേശിക വില്‍പ്പനയ്ക്ക് പുറമെ ദിവസേന അയ്യായിരം ലിറ്റര്‍ പാലാണ് ഈ മേഖലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് കാരോട് മൃഗാശുപത്രിയുടേതെന്ന് ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.