എല്ലാവര്‍ക്കും വീട് പദ്ധതി; 1.72 ലക്ഷം പേര്‍ക്ക് വീട് നല്‍കും: മുഖ്യമന്ത്രി

Wednesday 27 January 2016 11:47 pm IST

തിരുവനന്തപുരം: എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത് 1.72 ലക്ഷം പേര്‍ക്ക് വീടുവച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഭൂരഹിതരും അല്ലാത്തവരുമായ ബിപിഎല്ലം താഴ്ന്ന വരുമാന വിഭാഗത്തിലുമുള്ള കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നല്‍കുന്നത്. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂരഹിതരായ ബിപിഎല്‍ വിഭാഗത്തിലുള്ള 75,000 കുടുംബങ്ങള്‍ക്ക് ബഹുനില അപ്പാര്‍ട്ടുമെന്റുകള്‍, ഭൂമി സ്വന്തമായുള്ള താഴ്ന്ന വരുമാനത്തിലുള്ള 75,000 കുടുംബങ്ങള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്ന ഭവന വായ്പ, ഭൂമിയില്ലാത്തവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളിലെ ഒരു വാര്‍ഡില്‍ ഒരു വീട് എന്ന പദ്ധതി പ്രകാരം 22,000 വീടുകളുമാണ് നിര്‍മിച്ച് നല്‍കുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 29,000 വീടുകള്‍ നിര്‍മിച്ച് നല്‍കും. ഭൂമി സ്വന്തമായുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ ചെലവു വരുന്ന 7,000 വീടുകള്‍ നിര്‍മിക്കും. മുതലും പലിശയും ഉള്‍പ്പെടെ മുഴുവന്‍ തുകയ്ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ഇതോടൊപ്പം അതിദരിദ്രര്‍ക്കുള്ള 22,000 വീടുകളും നിര്‍മിക്കും. ഇതിന്റെ  50 ശതമാനം തുക തദ്ദേശ സ്ഥാപനങ്ങളും ബാക്കി തുക സര്‍ക്കാരും വഹിക്കും. എം.എന്‍. ഭവന പദ്ധതിയിലെ കാലപ്പഴക്കം സംഭവിച്ച വീടുകളുടെ ഉടമകള്‍, ജനസമ്പര്‍ക്ക പരിപാടിയില്‍ വീടിനുവേണ്ടി നല്‍കിയ അപേക്ഷകള്‍, ഭൂരഹിരില്ലാത്ത കേരളം പദ്ധതിയില്‍ വീടുകളില്ലെന്ന് കണ്ടെത്തിയവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. ഭവന നിര്‍മാണ ബോര്‍ഡാണ് ആദ്യഘട്ടത്തിലെ പദ്ധതികള്‍ നടപ്പാക്കുന്നത്. മറ്റു ഭവനനിര്‍മാണ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന ഹൗസിംഗ് സൊസൈറ്റിയും എല്ലാ ജില്ലകളിലും ജില്ലാ ഹൗസിംഗ് സൊസൈറ്റികളും രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.