ട്വന്റി-20: വനിതകള്‍ക്കും ജയം

Thursday 28 January 2016 3:37 am IST

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് പിന്നാലെ വനിതകള്‍ക്കും തകര്‍പ്പന്‍ വിജയം. ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരെയാണ് ഇന്ത്യന്‍ വനിതകള്‍ റെക്കോഡ് ജയം നേടിയത്. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ട്വന്റി-20യില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ വിജയം നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 141 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എട്ട് പന്തുകള്‍ ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ ഏഴിന് 128 റണ്‍സെടുത്തതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് അലീസ ഹീലിയുടെ വെടിക്കെട്ടിലൂടെയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടിയത്. 15 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും അടക്കം അലീസ 41 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓപ്പണര്‍ ബെത് മൂണി 36 റണ്‍സും അലക്‌സ് ബ്ലാക്ക്‌വെല്‍ 22 പന്തില്‍ 27 റണ്‍സും നേടി മികച്ച ബാറ്റിങ് കാഴ്ചവെച്ചു. ഇന്ത്യക്ക് വേണ്ടി പൂനം യാദവ് രണ്ടു വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ 31 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സറുമടക്കം 46 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറിന്റെയും, 32 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത വേദ കൃഷ്ണമൂര്‍ത്തിയുടെയും, 25 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത സ്മൃതി മന്ദനയുടെയും കരുത്തിലാണ് വിജയം പിടിച്ചെടുത്തത്. സ്മൃതിയും വേദയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 7.3 ഓവറില്‍ നിന്ന് നേടിയ 55 റണ്‍സും അഞ്ചാം വിക്കറ്റില്‍ ഹര്‍മന്‍പ്രീതും അനുജ പാട്ടിലും ചേര്‍ന്ന് നേടിയ 41 റണ്‍സും ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായി. ഹര്‍മന്‍പ്രീത് കൗറാണ് മാന്‍ ഓഫ് ദി മാച്ച്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.