മലപ്പുറത്തിന്റെ മനംനിറച്ച് കുമ്മനം

Thursday 28 January 2016 7:36 am IST

മലപ്പുറം: ഇടതും വലതും കെട്ടിപൊക്കിയ നുണക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച വിമോചനയാത്ര ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയത്. സമാപനദിനമായ ഇന്നലെ ഏഴ് മണ്ഡലങ്ങളിലാണ് യാത്രക്ക് സ്വീകരണം നല്‍കിയത്. അക്ഷരാര്‍ത്ഥത്തില്‍ മലപ്പുറത്തിന്റെ മനം നിറച്ചുകൊണ്ടാണ് സഹിഷ്ണുതയുടെ കാവല്‍ഭടന്‍ കുമ്മനം നയിക്കുന്ന യാത്ര കേരളത്തിന്റെ നെല്ലറയായ പാലക്കാടിലേക്ക് കടന്നത്. ഇന്നലെത്തെ ആദ്യ സ്വീകരണം മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറത്തായിരുന്നു. തളി ക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ പ്രത്യേക വേദിയിലേക്ക് വലിയ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ കുമ്മനത്തെ സ്വീകരിച്ചത്. ആയിരങ്ങള്‍ തങ്ങളുടെ പ്രിയനേതാവിന് വിജയാശംസകള്‍ നേരാന്‍ കാത്തുനിന്നു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു. രണ്ടാമത്തെ സ്വീകരണം ജില്ലാ ആസ്ഥാനമായ മലപ്പുറത്തായിരുന്നു. ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്ത് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തൃപുരാന്തക ക്ഷേത്ര പരിസരത്ത് നിന്നും വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. തുറന്ന ജീപ്പില്‍ ജനസാഗരത്തിന് നടുവിലൂടെ കടന്നുപോകുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കാണാന്‍ ധാരാളം പേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. യോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറത്തെ ന്യൂനപക്ഷങ്ങള്‍ ബിജെപിക്കെതിരാണെന്ന ഇടത് വലത് മുന്നണികളുടെ വാദം തെറ്റാണെന്ന് ജില്ലയിലെ സ്വീകരണങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.സി.ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനോപാകാര പദ്ധതികളെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് തീവ്രവാദ സംഘടനകളുടെ ഭീഷണി നേരിട്ട മേലാറ്റൂര്‍ സ്വദേശിനി അതികയും വേദിയിലുണ്ടായിരുന്നു. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, ജില്ലാ സെക്രട്ടറി അഡ്വ.ശ്രീപ്രകാശ്, ന്യൂനപക്ഷ മോര്‍ച്ച നേതാക്കളായ പി.ടി.ആലിഹാജി, ജലീല്‍, അലി പുത്തനത്താണി തുടങ്ങിയവര്‍ പങ്കെടുത്തു. മഞ്ചേരിയില്‍ ഊഷ്മളമായ സ്വീകരണമാണ് യാത്രക്ക് ലഭിച്ചത്. ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.ജെ.ഉപേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, എ.എന്‍.രാധകൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ്ബാബു എന്നിവര്‍ സംസാരിച്ചു. ഏറനാട് മണ്ഡലത്തിലെ സ്വീകരണം എടവണ്ണയിലായിരുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നല്‍കിയ സ്വീകരണത്തില്‍ മണ്ഡലം പ്രസിഡന്റ് സോമസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. നിലമ്പൂരിലെ സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണയില്‍ യാത്ര സമാപിച്ചു. സമാപനസമ്മേളനം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ശിവദാസന്‍ അദ്ധ്യതക്ഷത വഹിച്ചു. ഇന്ന് പാലക്കാട് ജില്ലയില്‍ യാത്ര പര്യടനം ആരംഭിക്കും. യാത്രയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും യുഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ വിലയിരുത്തികൊണ്ടുള്ള ഡോക്യുമെന്ററി പ്രദര്‍ശനവുമുണ്ട്. സാംസ്‌കാരിക വിഭാഗം പ്രവര്‍ത്തകര്‍ നയിക്കുന്ന തെരുവ് നാടകം യാത്രയുടെ മുഖ്യ ആകര്‍ഷണമാണ്. എന്റെ നാട് എന്റെ പ്രതീക്ഷ എന്ന വിഷയത്തില്‍ അഭിപ്രായ കുറിപ്പുകള്‍ എഴുതി പെട്ടിയിലിടാനുള്ള സൗകര്യവും യാത്രയിലുടനീളം ഒരുക്കിയിരുന്നു. ധാരാളം ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. കേരളം ഇന്നൊരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്. കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും വരുത്തിവെച്ച വികസനമുരടിപ്പിന്റെ ആഴകയങ്ങളില്‍ നിന്നും കരകയറണമെങ്കില്‍ സുപ്രധാനമായ ഒരു രാഷ്ട്രീയ മാറ്റം വേണമെന്ന തിരിച്ചറിവിലാണ് കേരളം. എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് എന്ന പതിവുരീതികള്‍ വരുത്തിവെച്ച ദുരന്തത്തില്‍ നിന്നും കേരളജനത പഠിച്ച പാഠത്തില്‍ നിന്നാണ് പരിവര്‍ത്തനം രൂപമെടുക്കുന്നത്. മുന്നണി ഭരണത്തിന്റെ കെടുതികളില്‍ നിന്ന് മറ്റൊരു പോംവഴിയില്ലെന്ന സാഹചര്യമാണ്. ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇരുമുന്നണികളില്‍ നിന്നും വിടുതല്‍ തേടി വികസന മുന്നേറ്റത്തിന്റെ മറ്റൊരു കേരളം സാധ്യമാണെന്ന സുപ്രധാനമായ തിരിച്ചറിവാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്. അവഗണിക്കപ്പെട്ട ദരിദ്രപക്ഷത്തിന്റെ മുന്നേറ്റമാണ് അത്. അന്നം. വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ രാഷ്ട്രീയമാണത്. തകര്‍ന്ന കേരളാ മോഡലിന്റെ ചാരകൂമ്പാരത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങാനുള്ള നവകേരളത്തിന്റെ പുതിയ മുദ്രാവാക്യം. ജനപക്ഷ വികസനത്തിന്റെയും പരിസ്ഥിതിരഞ്ജകമായ സ്ഥായിയായ വികസനത്തിന്റെയും സുസ്ഥിര സമീപനമാണത്. അടിച്ചമര്‍ത്തപ്പെട്ട വനവാസി സമൂഹത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നോക്ക വിഭാഗത്തിന്റെയും മോചനത്തിനുള്ള പുതിയ മാര്‍ഗ്ഗമാണത്. കേരളത്തെ കയ്യടക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് മൂലധനത്തിനെതിരായ മുന്നേറ്റമാണത്. കേരളത്തിന്റെ മനസാക്ഷിയെ തൊട്ടറിഞ്ഞ പാവങ്ങളുടെ പടത്തലവന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി നവകേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിലാണ്. കേരളത്തെ പുറകോട്ട് നയിച്ച ഇരുമുന്നണികളില്‍ നിന്നും മാത്രമല്ല നാടിന്റെ ഭദ്രതയെ തകര്‍ക്കുന്ന എല്ലാവിധ ശക്തികളില്‍ നിന്നുമുള്ള സ്ഥിരമോചനമാണ് വിമോചനയാത്രയുടെ ലക്ഷ്യവും ഉള്ളടക്കവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.