മാര്‍ക്‌സിസ്റ്റുകാരെകൊണ്ട് വന്ദേമാതരം വിളിപ്പിക്കും: സി.കെ.പത്മനാഭന്‍

Thursday 28 January 2016 7:37 am IST

പെരിന്തല്‍മണ്ണ: ഇന്‍ക്വിലാബ് മാത്രം വിളിച്ച് ശീലിച്ച മാര്‍ക്‌സിസ്റ്റുകാരെകൊണ്ട് വന്ദേമാതരം വിളിപ്പിക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍. വിമോചനയാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപനം പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നയിച്ച ജനരക്ഷായാത്രയുടെ ഉദ്ഘാടന വേദിയില്‍ വന്ദേമാതരം ചൊല്ലിയിരുന്നു. വന്ദേമാതരം മറന്നുതുടങ്ങിയ കോണ്‍ഗ്രസുകാര്‍ വീണ്ടുമത് പഠിക്കേണ്ട അവസ്ഥവന്നു. അത് തന്നെയായിരിക്കും സിപിഎമ്മുകാരുടെയും അവസ്ഥ. എന്നും വന്ദേമാതരവും ദേശീയബോധവും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുള്ളവരാണ് ബിജെപി പ്രവര്‍ത്തകര്‍. അതാണ് തുടര്‍ച്ചയായി തോല്‍വിയുണ്ടാകുമ്പോഴും വീണ്ടും ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍ ബിജെപിക്ക് കരുത്തേകുന്നത്. പോരാട്ടങ്ങളില്‍ കുഴിബോംബ് എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോള്‍ കേരളത്തില്‍ ധാരാളം മൊഴി ബോംബ് പൊട്ടുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആ ബോംബുകളാല്‍ തകര്‍ന്നു കഴിഞ്ഞു. നാണമുണ്ടെങ്കില്‍ രാജിവെച്ച് ജനങ്ങളോട് മാപ്പുപറയാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ആര്‍ജ്ജവം കാണിക്കണം. 14 മണിക്കൂര്‍ കമ്മീഷന് മുന്നില്‍ കുത്തിയിരുന്ന് ഗിന്നസ് ബുക്കില്‍ പേര് വരുത്താനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. അര്‍ദ്ധരാത്രിവരെ കുറ്റവാളിയെപ്പോലെ കമ്മീഷന് മുന്നിലിരുന്ന മുഖ്യമന്ത്രിയാണ് കേരളത്തിന്റേതെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ അപമാനമാണ്. ബിജെപിയെ നിയമസഭ കാണിക്കില്ലെന്നാണ് ഇരുമുന്നണികള്‍ പറയുന്നത്. രാജ്യം ഭരിക്കുന്ന മോദിയുടെ പാര്‍ട്ടിക്ക് കേരളം ഭരിക്കാന്‍ ആരുടെയും ഒത്താശ ആവശ്യമില്ല ജനപിന്തുണ മാത്രം മതി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എ.ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, പി.എം.വേലായുധന്‍, പ്രമീള നായിക്, വി.കെ.സജീവന്‍, വി.വി.രാജേഷ്, ശോഭാ സുരേന്ദ്രന്‍, പി.രാഘവന്‍, കെ.രാമചന്ദ്രന്‍, രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.