കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ചക്കാര്‍ക്കു നേരെ ബലപ്രയോഗം

Thursday 28 January 2016 9:42 pm IST

  കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോര്‍ച്ചയുടെ പ്രതിഷേധ പരമ്പര. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേസ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വൈകിട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ബലപ്രയോഗം നടത്തിയ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി, കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് സുഗീഷ് കൂട്ടാലിട, ജില്ലാ പ്രസിഡന്റ് കെ. പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍. ഇന്നലെ പുലര്‍ച്ചെ 5.15 ഓടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ട്രെയിനിറങ്ങിയത്. അപ്പോള്‍ത്തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടുകയായിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ നീക്കാനായിരുന്നു പോലീസ് ശ്രമം. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിവീശി. തൊട്ടുപിന്നാലെ എത്തിയ ഡിവൈഎഫ്‌ഐക്കാരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. സ്ഥലത്തുണ്ടായിരുന്ന യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐക്കാരുമായി സംഘര്‍ഷത്തിലായി. പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതിനെച്ചൊല്ലി പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള തര്‍ക്കത്തിനിടെ പോലീസ് സംരക്ഷണത്തില്‍ മുഖ്യമന്ത്രിയെ വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസിലേക്കു കൊണ്ടുപോയി. കാര്‍ തടയാനും ഡിവൈഎഫ്‌ഐക്കാര്‍ ശ്രമിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, വൈസ് പ്രസിഡന്റ് സുഗീഷ് കൂട്ടാലിട, സംസ്ഥാന സമിതി അംഗങ്ങളായ അജി തോമസ്, ഷിദു കൃഷ്ണ, ജില്ലാ പ്രസിഡന്റ് കെ. പ്രേംജിത്ത്, ജില്ലാസെക്രട്ടറി പി. ദിപിന്‍, മണ്ഡലം ഭാരവാഹികളായ ബബീഷ് ഉണ്ണികുളം, പി. ബബീഷ്, ഇ. സാലു, സഞ്ജുനാഥ്, കെ. വിവേക് എന്നിവര്‍ യുവമോര്‍ച്ചാ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വന്‍പോലീസ് സന്നാഹമുണ്ടായിരുന്നു. ഗസ്റ്റ്ഹൗസില്‍ മന്ത്രി എ.പി. അനില്‍കുമാറുമായി കണ്ട ശേഷം വിവിധ പരിപാടികള്‍ക്ക് മുഖ്യമന്ത്രി മലപ്പുറത്തേക്കു പോയി. സോളാര്‍ കേസ് സംബന്ധിച്ച് വിജിലന്‍സ് കോടതി ഉത്തരവു പുറത്തുവന്നതോടെ വൈകീട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.