സംസ്ഥാന മന്ത്രിസഭ പിരിച്ചു വിടണം: കുമ്മനം

Thursday 28 January 2016 4:13 pm IST

പാലക്കാട്: സോളാര്‍ തട്ടിപ്പുകേസില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണം നടത്താന്‍ തൃശൂരിലെ വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിമോചനയാത്രക്ക് പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി തവണ കോടതി പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ മന്ത്രിസഭക്ക് തുടരാന്‍ അവകാശമില്ല. ഉമ്മന്‍ ചാണ്ടിക്ക് നാണവും മാനവും ഉണ്ടെങ്കില്‍ അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാതെ സഭപിരിച്ചു വിട്ട് തെരഞ്ഞെടുപ്പിനെ നേരിടണം. ചുറ്റുമുള്ളവരെല്ലാം അഴിമതിക്കേസില്‍ പ്രതികളായിട്ടും രാജിവെക്കില്ല എന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സോളാര്‍ പണമിടപാട് നടന്നത് ദല്‍ഹിയില്‍ ആണെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിപോലീസില്‍ പരാതി നല്‍കാന്‍ നടപടിയെടുക്കുമെന്നും കുമ്മനം പറഞ്ഞു. താന്‍ രാജിവെക്കില്ല അന്വേഷണത്തെ നേരിടും എന്നു മുഖ്യമന്ത്രി പറയുന്നത് അപഹാസ്യമാണ്. സോളാര്‍ കേസില്‍ ഇടതു-വലതു മുന്നണികള്‍ക്ക് ഒരു പോലെ പങ്കുണ്ട്. പരസ്പരം രക്ഷിയ്ക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. ആരോപണവുമുന്നയിക്കുന്നവരെ എന്റെ കൈയില്‍ സിഡി ഉണ്ടെന്നും പുറത്തായാല്‍ പലരും പുറത്താവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തുന്നത് അതുകൊണ്ടാണ്. എന്നാല്‍ ഒരു മുഖ്യമന്ത്രി ഇങ്ങനെ കോമാളി കളിക്കുന്നതെന്തിനാണ്. അദ്ദേഹം സംസ്ഥാനത്തിന്റെ ഭരണാധികാരിയാണ്. തെറ്റു ചെയ്യുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ തെളിവുണ്ടെങ്കില്‍ അതു ഹാജരാക്കാന്‍ ആര്‍ജവം കാണിക്കണം. സ്വന്തം അഴിമതി പുറത്താകാതിരിക്കാന്‍ ബ്ലാക്‌മെയില്‍ ചെയ്യുന്ന മുഖ്യമന്ത്രി നാടിന് അപമാനമാണ്. ആറു പതിറ്റാണ്ടായി കേരളം ഭരിച്ച ഇടതു-വലതു മുന്നണികള്‍ നടത്തുന്ന അഴിമതിയില്‍ മനം മടുത്ത കേരളജനതയുടെ പ്രതീക്ഷ നിലനിര്‍ത്താനുള്ള സംശുദ്ധ ഭരണം ബിജെപി യുടെ നേതൃത്വത്തില്‍ ഉണ്ടാകുമെന്നും അതിന് ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും കുമ്മനം ആഹ്വാനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.