പയ്യോളി മനോജ് വധം: അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു

Thursday 28 January 2016 10:45 pm IST

കൊച്ചി: സിപിഎംകാര്‍ പ്രതിയായ പയ്യോളി മനോജ് വധക്കേസിന്റെ തുടരന്വേഷണം സിബിഐയ്ക്കു കൈമാറി ഹൈക്കോടതി ഉത്തരവിട്ടു. ബിഎംഎസ് പ്രവര്‍ത്തകനായിരുന്ന കൊല്ലപ്പെട്ട മനോജിന്റെ സുഹൃത്ത് സാജിദിന്റെ ഹര്‍ജിയില്‍ ജസ്റ്റീസ് ബി. കെമാല്‍പാഷയുടേതാണ് ഉത്തരവ്. കേസന്വേഷണം സിബിഐ എത്രയും വേഗം ഏറ്റെടുക്കണമെന്നും അന്വേഷണം ശരിയായി നടത്താന്‍ മതിയായ പോലീസ് സഹായവും സംരക്ഷണവും നല്‍കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായാല്‍ സിബിഐയ്ക്ക് കോടതിയെ സമീപിക്കാമെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് പയ്യോളിയിലെ ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയായിരുന്ന ഓട്ടോഡ്രൈവര്‍ മനോജിനെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ 2012 ഫെബ്രുവരി 12 നാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ സിപിഎം പ്രവര്‍ത്തകരായ കെ.ടി. സജിത്ത്, നിസാന്‍, സനൂജ്. സനൂപ് തുടങ്ങി പത്തിലേറെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തങ്ങള്‍ നിരപരാധികളാണെന്നും തങ്ങളെ സിപിഎം ബലിയാടുകളാക്കുകയാണെന്നും പ്രതികള്‍ വ്യക്തമാക്കി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നതിനിടെയാണ് സിബിഐ അന്വേഷണമാവശ്യപ്പെട്ട് സാജിദ് ഹൈക്കോടതിയിലെത്തിയത്. സാക്ഷികള്‍ക്കെതിരെ ഭീഷണിയുള്ളതിനാല്‍ ഈ കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ സാധ്യമല്ലെന്ന് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി. സംഭവത്തില്‍ ദുരൂഹതയുണ്ട്. മനോജിന്റെ അമ്മയുടെ അപേക്ഷ കൂടി മാനിച്ച്, ഈ കേസിലെ ദുരൂഹത പുറത്തു കൊണ്ടുവരണം. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനാല്‍ സിബിഐ അന്വേഷണത്തിന് പരിമിതികളുണ്ടെന്ന് അറിയാം. എന്നാല്‍ ഇക്കാരണത്താല്‍ സിബിഐയ്ക്ക് അന്വേഷണത്തില്‍ നിന്ന് ഒഴിയാനാവില്ല. ഫലപ്രദമായ അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടു. ഭീഷണിതന്ത്രം പ്രയോഗിച്ച് നീതിയെ തകിടം മറിക്കുന്നത് അനുവദിക്കാനാവില്ല. സിബിഐ അന്വേഷണത്തെ മനോജിന്റെ ഭാര്യ പുഷ്പ എതിര്‍ത്തത് ദുഃഖകരമാണ്. എന്തുകൊണ്ടാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് അവര്‍ക്കു മാത്രമറിയാം. പലതവണ അവസരം നല്‍കിയിട്ടും ഈ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ അവര്‍ തയ്യാറായില്ല. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കില്‍ നീതി നടപ്പാവില്ല, കോടതി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.