കൊല്ലം: തട്ടാമല പിണയ്ക്കല്‍ പുത്തന്‍പുര ചതുര്‍ബാഹു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ 30ന് തുടങ്ങുന്ന മഹാഗായത്രി യാഗത്തിന്റെ വിഗ്രഹ രഥഘോഷയാത്രക്ക് അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിദ്ധ്യത്തില്‍ പുഷ്പാര്‍ച്ചനയും ഗായത്രി മന്ത്രജപവും നടന്നു. രഥഘോഷായാത്ര പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്. കൊട്ടാരക്കര ഗണപതിക്ഷേത്രം, ഓച്ചിറ പരബ്രഹ്മസന്നിധി എന്നിവടങ്ങള്‍ വഴി അമൃതപുരിയിലെത്തുകയായിരുന്നു. വിദേശികളടക്കം നിരവധി പേരാണ് വിഗ്രഹ രഥ ഘോഷയാത്രയെ സ്വീകരിച്ചത്. രഥഘോഷയാത്ര ഇന്ന് വൈകിട്ട് നാലിന് ആനന്ദവല്ലിശ്വരം ക്ഷേത്രം ചിന്നക്കട വഴി പുതിയകാവ് ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് തട്ടാമല കുളങ്ങര ബാലഭദ്രാദേവിക്ഷേത്രത്തിലെത്തി താലപ്പൊലിയുടെയും ചമയവിളക്കിന്റെയും അകമ്പടിയോടെ യാഗഭൂമിയിലെത്തിച്ചേരും. കൊടിയേറ്റ് കര്‍മ്മം സ്വാമി തമ്പൂരാന്റെയും ക്ഷേത്രം തന്ത്രി വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരിയുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. വലിയകാണിക്ക സമര്‍പ്പണം എന്‍.കെ.പ്രേമചന്ദ്രന് എംപി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: