സംസ്ഥാനത്തെ ഭരണ പ്രതിസന്ധി: കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ നീളുന്നു

Thursday 28 January 2016 7:02 pm IST

സ്വന്തം ലേഖകന്‍ കണ്ണൂര്‍: സോളാര്‍, ബാര്‍ കോഴക്കേസുകളില്‍പ്പെട്ട് സംസ്ഥാന ഭരണകൂടം പ്രതിസന്ധിയിലായതോടെ കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ തീയതി സംബന്ധിച്ച അവ്യക്തത തുടരുന്നു. കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫെബ്രുവരി 8 ന് പരീക്ഷണ പറക്കല്‍ നടന്നേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ മൂര്‍ഖന്‍ പറമ്പില്‍ പരീക്ഷണപ്പറക്കലിനായി ഒരുക്കങ്ങള്‍ നടക്കുകയാണ്. നേരത്തേ 2015 ഡിസംബര്‍ 31 ന് പരീക്ഷണപ്പറക്കല്‍ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നടക്കാത്തത് സര്‍ക്കാരിന് ക്ഷീണമായിരുന്നു. തുടര്‍ന്ന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ജനുവരി 25ന് പരീക്ഷണപ്പറക്കല്‍ നടത്തുമെന്ന് മന്ത്രിയായിരുന്ന കെ.ബാബു അറിയിച്ചിരുന്നു. ഇതും നടക്കാത്ത സാഹചര്യം വന്നപ്പോഴാണ് പുതിയ പ്രഖ്യാപനത്തിനു നില്‍ക്കാതെ സര്‍ക്കാര്‍ മാറി നില്‍ക്കുന്നത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബി.സി.ശര്‍മ്മയും ഉന്നത ഉദ്യോഗസ്ഥ സംഘവും മൂര്‍ഖന്‍പറമ്പില്‍ ഈയാഴ്ച സന്ദര്‍ശനം നടത്തുമെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അതു സംബന്ധിച്ചും ഇന്നലെവരെ വ്യക്തതയായിട്ടുമില്ല. ഇതിനിടെ വകുപ്പ് മന്ത്രി കെ.ബാബുവിന്റെ രാജി പരീക്ഷണപ്പറക്കല്‍ പ്രഖ്യാപനത്തിന് തടസ്സമായേക്കുമെന്ന് സൂചനയുണ്ട്. കെ.ബാബുവിനായിരുന്നു വിമാനത്താവള നിര്‍മ്മാണത്തിന്റെ ചുമതല. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് കണ്ണൂരില്‍ വിമാനമിറക്കി പേരെടുക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ ശ്രമത്തിനിടയിലാണ് മന്ത്രി കെ. ബാബുവിന്റെ രാജിയുണ്ടായത്. നിര്‍മ്മാണം പൂര്‍ത്തിയായ 2400 മീറ്റര്‍ റണ്‍വേയില്‍ പരീക്ഷണപ്പറക്കലിനായി 1500 മീറ്റര്‍ പ്രത്യേകം അടയാളപ്പെടുത്തുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. പരീക്ഷണ പറക്കലിനായി മൂര്‍ഖന്‍ പറമ്പില്‍ എല്ലാവിധ സുരക്ഷാക്രമീകരണവും അധികൃതര്‍ ഒരുക്കിക്കഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിനുള്ള സൗകര്യം ഏര്‍പെടുത്തുന്നതിന് പ്രത്യേകം ബാരിക്കേഡുകള്‍ നിര്‍മിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഏവിയേഷന്‍ ഉദ്യോഗസ്ഥ സംഘം പദ്ധതിപ്രദേശത്തു സന്ദര്‍ശനം നടത്തുന്നതു സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് കിയാല്‍ ചീഫ് പ്രൊജക്ട് എന്‍ജിനീയര്‍ കെ.പി.ജോസ് പറഞ്ഞു. പരീക്ഷണപ്പറക്കല്‍ നടന്നാല്‍ മാത്രമേ റണ്‍വേയുടേയും മറ്റും പോരായ്മ മനസിലാകുകയുള്ളൂ. അതു പരിഹരിച്ചുവേണം മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തി വിമാനത്താവളം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിശ്ചയിക്കാന്‍. 2016 ജൂണില്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം എന്ന് നടക്കുമെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.