അപകട ഭീഷണി ഉയര്‍ത്തി കുഞ്ചിത്തണ്ണി-ആനച്ചാല്‍ റോഡ്

Thursday 28 January 2016 10:11 pm IST

അടിമാലി: കുഞ്ചിത്തണ്ണി-ആനച്ചാല്‍ റോഡില്‍ ആഡിറ്റ് റോഡ് ഭാഗം പൊട്ടിപ്പൊളിഞ്ഞ് കോണ്‍ക്രീറ്റ് കമ്പികള്‍ അപകടഭീഷണി ഉയര്‍ത്തിയിട്ടും അധികൃതര്‍ കണ്ണടയ്ക്കുന്നു. അമ്പതോളം ബസുകള്‍ ഉള്‍പ്പെടെ ഭാരവാഹനങ്ങളും നൂറ് കണക്കിന് ചെറുവാഹനങ്ങളും ദിവസവും കടന്നുപോകുന്ന റോഡിനാണ് ഈ ദുരവസ്ഥ. അടിമാലിയില്‍ നിന്നും രാജാക്കാട്, കുഞ്ചിത്തണ്ണി, പൊട്ടന്‍കാട്, ബൈസണ്‍വാലി, മുട്ടുകാട് പ്രദേശങ്ങളിലേക്ക് ഈ വഴിയാണ് കടന്നുപോകേണ്ടത്. ആനച്ചാല്‍ ആലിന്‍ചുവട്ടില്‍ നിന്നും ഒരുകിലോമീറ്ററോളം കുത്തിറക്കവും കൊടുംവളവുമുള്ള റോഡ് തകര്‍ന്നതോടെ വാഹനങ്ങളുടെ യാത്ര ദുഷ്‌കരമായിരിക്കുകയാണ്. ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ റോഡ് തകര്‍ന്നതോടെ റൂട്ട് മാറ്റി ഓടുന്നതും പതിവായിട്ടുണ്ട്. കൊടും വളവുള്ള ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നുവെങ്കിലും കോണ്‍ക്രീറ്റ് ഇളകിമാറി കമ്പികള്‍ തെളിയുകയും വാഹനങ്ങളുടെ ടയറുകള്‍ക്ക് കേടുപാടുണ്ടാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന് നില്‍ക്കുന്ന കമ്പികള്‍ മുറിച്ച് മാറ്റുന്നതിന് പോലും അധികൃതര്‍ തയ്യാറാവുന്നില്ല. മുട്ട്കാട് മേഖലയിലേക്കുള്ള റോഡിന്റെയും സ്ഥിതി ഭിന്നമല്ല. നിരവധി വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിന്  എന്നാണ് ശാപമോഷം കിട്ടുന്നതെന്നറിയില്ല. റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.ഇലക്ഷന് മുന്നോടിയായി നിര്‍മ്മണ പ്രവര്‍ത്തനം നടത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.