ചുമര്‍ ചിത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി കലാകാരന്‍മാരുടെ ഒത്തുചേരല്‍

Friday 29 January 2016 9:38 pm IST

പയ്യന്നൂര്‍: ചുമര്‍ ചിത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി തനത് ചിത്രകലയെ പുതുതലമുറിലേക്ക് പകര്‍ന്നുകൊണ്ടുള്ള കലാകാരന്‍മാരുടെ ഒത്തുചേരല്‍ ശ്രദ്ധേയമാകുന്നു. ദേശീയ നാടന്‍ലാസ്ഥാപനമായ ഫോക്‌ലാന്റും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവസംഗ്രഹാലയും ചേര്‍ന്ന് കുഞ്ഞിമംഗലം തെക്കുമ്പാട് വല്ലാര്‍കുളങ്ങര ഭഗവതികോട്ടത്ത് നടത്തിവരുന്ന ദശദിന ചുമര്‍ചിത്ര പഠനശില്‍പ്പശാലയാണ് പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും കയ്യൊപ്പാകുന്നത്. കോട്ടത്തെ ഭണ്ഡാരപ്പുരയുടെ വെളുത്ത ചുമരുകളിലാണ് 34 ചിത്രകാരന്‍മാരുടെ നേതൃത്വത്തില്‍ ഭാവനകള്‍ പൂവിടരുന്നത്. ഉത്തര കേരളത്തില്‍ ആദ്യമായി നടക്കുന്ന ചുമര്‍ചിത്ര കലാശില്‍പ്പശാലയില്‍ തനത് ചിത്രരചനാ സമ്പ്രദായങ്ങളാണ് അവലംബിച്ചത്. പ്രശസ്ത ചുമര്‍ചിത്രകാരന്‍ ഗുരുവായൂര്‍ മമ്മിയൂരിലെ കെ.ആര്‍.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്യാമ്പില്‍ പി.രഞ്ചിത്ത്, പ്രദീഷ് മേലൂര്‍, ശബരീശന്‍, നിജേഷ്, പ്രിയ, ഗ്രീഷ്മ, നവീന്‍രാജ്, രഘുനാഥ്, പി.അനില്‍ കുമാര്‍, കെ.വി.കേശവന്‍, ബിന്ദു, പുരുഷോത്തമന്‍, രേഷ്മ തുടങ്ങി വിവിധ ദേശങ്ങളില്‍നിന്നെത്തിയ ചിത്രകാരന്‍മാര്‍ തങ്ങളുടെ വൈഭവം പങ്കിടുന്നു. തെയ്യം ചുമര്‍ചിത്രങ്ങളായി വരയുന്നത് ആദ്യമാണെന്ന പ്രത്യേകതയും ഈ ശില്‍പ്പശാലക്കുണ്ട്. വല്ലാര്‍കുളങ്ങരയിലെ വല്ലാര്‍കുളങ്ങര ഭഗവതി, മഠയില്‍ ചാമുണ്ടി, വിഷ്ണുമൂര്‍ത്തി, കുറത്തി, ശ്രീഭൂതം, വെളുത്ത ഭൂതം തുടങ്ങി തെയ്യങ്ങളുടെ രൂപങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയില്‍ കോട്ടത്തെ ഭണ്ഡാരപ്പുരയുടെ ചുമരുകളില്‍ സ്ഥാനം പിടിക്കും. ഫോക്‌ലാന്റ് ചെയര്‍മാന്‍ ഡോ.വി.ജയരാജന്‍, ഐജിആര്‍എംഎസ് ഡയരക്ടര്‍ പ്രൊഫ.സരിത് കുമാര്‍ ചൗധരി, കോട്ടം മാനേജിങ്ങ് ട്രസ്റ്റി കെ.പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ മുന്‍ ലളിതകലാ അക്കാദമി സെക്രട്ടറി അജയകുമാര്‍, പ്രശസ്ത പെയിന്റര്‍ സുരേന്ദ്രന്‍ നായര്‍, ലക്ഷദ്വീപിനെ ലോക പ്രശസ്ത പെയിന്റര്‍ മുത്തുക്കോയ, ഡോ.വൈ.വി.കണ്ണന്‍, ബറാഡ് സര്‍വ്വകലാശാല ആര്‍ട്ട് ഹിസ്റ്റരറി തലവന്‍ ജയറാം പൊതുവാള്‍, കെ.കെ.മാരാര്‍ തുടങ്ങി നിരവധി പേര്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. വിവിധ സെമിനാറുകളില്‍ കെ.കെ.മാരാര്‍, പ്രൊഫ.ചന്ദ്രദാസന്‍, ഡോ.വി.കെ.ജനാര്‍ദ്ദനന്‍, ഡോ.ദിനേശന്‍ വടക്കിനിയില്‍, ഗണേശ് കുമാര്‍ കുഞ്ഞിമംഗലം, ഡോ.ലിസി മാത്യു. കെ.കെ.ആര്‍.വെങ്ങര, ഡോ.ഇ.ശ്രീധരന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. ശില്‍പ്പശാല 30 ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.