ജീവനകലയുടെ ആചാര്യന്‍ നാളെ കേരളത്തിലെത്തുന്നു; മാനവരാശിയുടെ സന്തോഷത്തിനും സമാധാനത്തിനും

Friday 29 January 2016 11:52 pm IST

  ജന്മസിദ്ധമായ കുറെ ദൈവികഗുണങ്ങളുമായാണ് നാം നാമോരുരുത്തരും ഈ ഭൂമുഖത്ത് വന്നിട്ടുള്ളത്. അവയൊക്കെ നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്. എന്നാല്‍ നാം പലപ്പോഴും കാണുന്ന നിഷേധാത്മക ഗുണങ്ങള്‍ ഉപരിതലത്തില്‍ മാത്രമാണുള്ളത്. നമ്മിലെ നന്മകളെ പൊതിഞ്ഞിരിക്കുന്ന ഈ തിന്മകളെ ഒഴിവാക്കാനാണ് ഭഗവാന്‍ കൃഷ്ണന്‍ ഭഗവത്ഗീതയിലെ പതിനാറാമത്തെ അധ്യായത്തില്‍ പറയുന്നത്. ആദ്യം അവ എന്തൊക്കെയാണെന്ന് തിരിച്ചറിയണം. എങ്കില്‍ തുടച്ചു മാറ്റുക എളുപ്പമാണ്. പിന്നീട് ഭഗവാന്‍ ആസുരിക ഭാവങ്ങള്‍ എന്താണെന്ന് വിശദീകരിക്കുന്നു. ധാര്‍ഷ്ട്യം, എന്നെയാരും സ്‌നേഹിക്കുന്നില്ല എന്ന തോന്നല്‍, ആവലാതി പറഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയ ഭാവങ്ങള്‍ നമ്മെ പൊതിഞ്ഞിരിക്കുന്ന നിഷേധങ്ങള്‍ മാത്രമാണ്. അവ നിങ്ങളുടെ ശരിയായ ഗുണങ്ങളല്ല. അതുകൊണ്ട് അവയെ നമുക്ക് സൗകര്യപൂര്‍വ്വം ഒഴിവാക്കാം. ''സത്യം പരം ധീമഹീ'' സത്യവും ദൈവീകതയും എന്റെ ബുദ്ധിയില്‍ ഉദിക്കട്ടെ, എന്റെ ബോധത്തില്‍ ഉദിക്കട്ടെ. ഈ മന്ത്രം ജപിക്കാന്‍ തുടങ്ങുന്നത് വളരെ നല്ലതാണ്. മഹത്തായ ജ്ഞാനം ലോകത്തിലെ ജനങ്ങളിലേക്ക് പകരുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും ഉദാത്തമായ കര്‍ത്തവ്യം. മന്ത്രോച്ചാരണവും ഭജനാലാപാനവും സസ്യജാലങ്ങളെയും പ്രാണിജാലങ്ങളെയും സ്വാധീനിക്കുമെന്നുള്ളത് ലോകത്ത് നിരവധി ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മന്ത്രോച്ചാരണം മൃഗങ്ങളിലും, എന്തിന് ജലത്തില്‍പോലും സ്വാധീനം സൃഷ്ടിക്കുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ജപ്പാനില്‍ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണഫലം ഞാന്‍ നിങ്ങളോട് പങ്ക് വെയ്ക്കാം. വളരെ ചെറിയ പളുങ്കുമണികള്‍പോലുള്ള കണികകളുടെ ഒരു സമാഹാരമാണല്ലോ ജലം. വിവിധ രീതിയിലുള്ള ശബ്ദതരംഗങ്ങള്‍ ഈ ജലകണികകളില്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നതെന്ന് നമുക്ക് നോക്കാം. മന്ത്രങ്ങള്‍ ജലതന്മാത്രകളില്‍ ഗാഢമായ സ്വാധീനം ചെലുത്തുമെന്നത് പലവീഡിയോ ദൃശ്യങ്ങളില്‍കൂടിയും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ശരീരം എഴുപത് ശതമാനം ജലമാണല്ലോ. ഓരോ നിഷധവാക്കുകളും അസന്തുഷ്ടമായ ശബ്ദങ്ങളും ജലസാന്ദ്രമായ നമ്മുടെ ശരീരത്തില്‍ പ്രതികൂലമായ സ്വാധീനമാണ് സൃഷ്ടിക്കുന്നത്. നെറ്റിയില്‍ നാം ചാര്‍ത്തുന്ന സിന്ദൂരക്കുറിയുടെയും തിലകത്തിന്റെയും പിന്നിലുള്ള ഒരു ശാസ്ത്രീയ സത്യം നമ്മുടെ ഭാരത പൈതൃകമനുസരിച്ചുണ്ട്. ചന്ദനക്കുറി തിരുനെറ്റിയില്‍ ചാര്‍ത്തുമ്പോള്‍ അത് ആജ്ഞാചക്രത്തെ ഉത്തേജിപ്പിക്കുകയാണ്. ജാഗരൂകതയുടെ ചക്രമാണ് ഭ്രൂമധ്യത്തിലെ ആജ്ഞാചക്രം. ഇത്തരം പാരമ്പര്യരീതികളെ വെറുമൊരു അന്ധവിശ്വാസമായല്ല നാം കാണേണ്ടത്. എന്തെന്നാല്‍ അത് നമ്മുടെ പൗരാണികമായ പാരമ്പര്യത്തില്‍ നിന്നുള്ള ശാസ്ത്രീയതയെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങള്‍ക്കറിയാമോ, ചിത്രശലഭങ്ങള്‍ ചിറകടിക്കുമ്പോഴുള്ള സ്പന്ദനങ്ങളുടെ സ്വാധീനത്തെക്കുറിച്ചുപോലും ശാസ്ത്രജ്ഞന്മാര്‍ പറയുന്നുണ്ട്. തെക്കേഅമേരിക്കയില്‍ ഒരു ചിത്രശലഭം ചിറകടിക്കുമ്പോള്‍ അത് ചൈനയ്ക്ക് മുകളില്‍ നീങ്ങുന്ന മേഘങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ നാം ഇവിടെയിരുന്ന് ചൊല്ലുന്ന മന്ത്രങ്ങള്‍ പ്രപഞ്ചബോധത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് നമുക്ക് എങ്ങനെ പറയാന്‍ കഴിയും? ഓരോ ചെറിയ ചെറിയ കാര്യങ്ങള്‍പോലും പ്രപഞ്ചത്തില്‍ അതിന്റേതായ സ്വാധീനം ചെലുത്തുന്നുണ്ട്. എന്തെന്നാല്‍ നാം ഓരോരുത്തരും പ്രപഞ്ചത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. സാധാരണ ഗതിയില്‍ ജനങ്ങള്‍ പൊതുവെ പറയാറുണ്ട് എന്തിനാണ് മന്ത്രങ്ങള്‍ ചൊല്ലുന്നത്? കുറെപേര്‍ ചിലയിടത്ത് മന്ത്രങ്ങള്‍ ചൊല്ലുന്നതുകൊണ്ട് എന്ത് സംഭവിക്കാനാണ്? നിങ്ങള്‍ വീഡിയോയില്‍ കണ്ടു. മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ ജലത്തില്‍ അതിന് അനുകൂലമായ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു. പൗരാണികമായ ഈ മന്ത്രങ്ങള്‍ നാം ഉരുവിടുമ്പോള്‍ ജലകണികകള്‍ ശ്രേഷ്ഠമായ ഒരു രൂപം കൈകൊള്ളുകയാണ്. രമ്യതയും കാന്തിയും അവിടെ അത്ത്ഥംകൊള്ളുന്നു. സൂക്ഷ്മ ജഗത്തിന്റെ ഈ പരിപൂര്‍ണ്ണത മഹാവിശ്വത്തിലുമുണ്ടാകുന്നു. നമ്മുടെ സമൂഹത്തിലും നമുക്കു ചുറ്റുമുള്ള ജനങ്ങളിലും അതിന്റെ സ്വാധീനമുണ്ടാകുന്നു. ഇന്ന് ലോകം തീവ്രവാദത്തെയും ആക്രമണത്തെയും പിരിമുറുക്കവും പരസ്പര വിശ്വാസമില്ലായ്മയും നേരിടുമ്പോള്‍ പ്രതികൂലമായ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ഇതുപോലുള്ള ഊര്‍ജ്ജത്തിന്റെ അനുകൂല സ്പന്ദനങ്ങള്‍ സമൂഹത്തെ സഹായിക്കാന്‍ പര്യാപ്തമാകുന്നു. മുപ്പതു ലക്ഷം ജനങ്ങള്‍ നമ്മോടൊപ്പം ഒരുമിച്ചിരുന്ന് മന്ത്രോച്ചാരണവും ഭജനയും നടത്തുന്നു. ഇത് തീര്‍ച്ചയായും ലോകബോധത്തില്‍ സ്വാധീനം ചെലുത്താന്‍ പോന്നതുമാണ്. ഈ മന്ത്രങ്ങളും പ്രാര്‍ത്ഥനകളും ഇന്ന് ഉരുവിടുമ്പോള്‍ അത് ഈ ലോകത്ത് സൂക്ഷ്മമായ വഴിയില്‍ പ്രതിധ്വനികള്‍ സൃഷ്ടിക്കുകതന്നെ ചെയ്യും നമ്മുടെ ചിന്തകളിലൂടെയാണ് ഓരോ പ്രവൃത്തിയും നാം ചെയ്യുന്നത്. അങ്ങനെയല്ലേ? ഒരു പ്രവൃത്തി സംഭവിക്കുന്നതിനുമുമ്പ് ആദ്യം മനസ്സില്‍ ഉദിച്ചുവരുന്നത് ആ പ്രവൃത്തിക്കുവേണ്ടിയുള്ള ചിന്തയാണ്. എന്നിട്ട് ആ ചിന്തയ്ക്കനുസരിച്ച് നിങ്ങള്‍ പ്രവൃത്തിച്ചു തുടങ്ങുന്നു. ഒരു ചിന്ത എന്നാല്‍ എന്താണ്? എങ്ങനെയാണ് ഒരു ചിന്ത ഉയര്‍ന്നുവരുന്നത? ഒരു ചിന്ത മറ്റൊന്നുമല്ല. ഊര്‍ജ്ജത്തിന്റെയും ബുദ്ധിശക്തിയുടെയും ആവേഗമാണ് ഒരു ചിന്ത. ഈ ഊര്‍ജ്ജം നിങ്ങളില്‍ നിഷേധങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നതെങ്കില്‍ അപ്പോള്‍ ആ ചിന്ത കൂടുതല്‍ നിഷേധകാര്യങ്ങളെയും നിഷേധവികാരങ്ങളെയും ആകര്‍ഷിക്കുന്നു. അതുപോലെ നിങ്ങള്‍ ഒരു നിയതമായ സ്ഥലത്തായിരിക്കുമ്പോള്‍ കൂടുതല്‍ അനുഗുണങ്ങളായ ചിന്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. വിക്രമാദിത്യരാജാവിനെക്കുറിച്ചൊരു കഥയുണ്ട്. ഭാരത്തിലെ ചന്ദ്രവംശജനായ രാജാക്കന്മാരുടെ കാലഘട്ടത്തിലെ ഭരണാധികാരിയായിരുന്നു അദ്ദേഹം. വിക്രമ സംവത്സരങ്ങള്‍ എന്നാണ് ആ കാലഘട്ടത്തെ വിശേഷിപ്പിച്ചിരുന്നത്. ഗ്രിഗോറിയന്‍ ശ്രേണിയിലെ ബിസി കാലഘട്ടം പോലെലയായിരുന്നു ഭാരതശ്രേണിയില്‍ വിക്രമ സംവത്സരങ്ങള്‍. വിക്രമാദിത്യരാജാവുമായി ബന്ധപ്പെട്ടതാണ് ഈ കഥ. ഒരു സംഭവത്തെക്കാള്‍ വലിയ കഥ: വളരെ മനോഹരമായ പൂക്കളും ഫലങ്ങളും പച്ചക്കറികളുമുള്ള ഒരു വലിയ പുന്തോട്ടത്തിലാണ് ആ കഥ. പൂന്തോട്ടത്തില്‍ നല്ല വളക്കൂറുള്ള മണ്ണായിരുന്നു. ആളുകളെപ്പോഴും ആ പൂന്തോട്ടത്തില്‍ കയറി പൂക്കളും ഫലങ്ങളും പച്ചക്കറികളും പറിക്കുമായിരുന്നു. ആ പൂന്തോട്ടത്തിന് ഒരു കാവല്‍ക്കാരനുമുണ്ട്. എന്നാല്‍ അയാള്‍ തൊട്ടടുത്തുള്ള ചെറിയൊരു കുന്നിന്‍മുകളില്‍ പോയാണ് നിന്നിരുന്നത്. എന്നിട്ട് അവിടെനിന്നുകൊണ്ട് ആളുകളെ അദ്ദേഹം പൂന്തോട്ടത്തിലേക്ക് ക്ഷണിക്കുമായിരുന്നു. 'പ്രിയപ്പെട്ടവരേ, വരിക വരിക ആപൂന്തോട്ടത്തിലെ കനികളെ ആസ്വദിക്കാനായി നിങ്ങള്‍ വരിക'! ഇതുകേട്ട് ആളുകള്‍ പൂന്തോട്ടത്തിലേക്ക് നടന്നുവരുമ്പോള്‍,പൂന്തോട്ടക്കാരന്‍ കുന്നില്‍ നിന്ന് ഇറങ്ങി താഴേക്ക് വരികയായി. എന്നിട്ട് വേഗത്തില്‍ അയാള്‍ സന്ദര്‍ശകരെ പിന്തുടരുന്നു. അയാള്‍ അവരോട് വഴക്കടിക്കുന്നു. കാവല്‍ക്കാരന്റെ തികച്ചും വിത്യസ്തമായ ഈ രണ്ടുസ്വഭാവങ്ങളും സന്ദര്‍ശകര്‍ക്ക് മനസ്സിലായില്ല. അവര്‍ അത്ഭുതപ്പെടുന്നു. എന്താണ് ഈ പൂന്തോട്ടക്കാരന്റെ പ്രശ്‌നം? അയാള്‍ കുന്നിനുമുകളില്‍ നില്‍ക്കുമ്പോള്‍ വളരെ ദയാലുവാണ്. എന്നാല്‍ കുന്നിനുമുകളില്‍ നിന്ന് താഴേക്ക് ഇറങ്ങിവന്നാല്‍ അയാള്‍ ആകെ മാറുന്നു. ധാര്‍ഷ്ട്യക്കാരനും, പിശുക്കനും, കര്‍ക്കശക്കാരനുമാകുന്നു. ഇതുകേട്ട് പണ്ഡിതന്മാരില്‍ ഒരാള്‍ ജനങ്ങളോട് പറഞ്ഞു. 'ഈ ചെറിയ കുന്ന് കുഴിച്ച് അതിനുള്ളിലിരിക്കുന്നതെന്താണെന്ന് ശരിക്കും നിങ്ങള്‍ കണ്ടുപിടിക്കണം'. അങ്ങനെ ആളുകള്‍ ആ കുന്ന് കുഴിക്കാന്‍ തുടങ്ങി. മണ്ണ് കുറെ മാറിയപ്പോള്‍ അവിടെ വിക്രമദിത്യ മഹാരാജാവിന്റെ കിരീടം കുഴിച്ചിട്ടിരിക്കുന്നത് അവര്‍ കണ്ടു. ഈ കഥയുടെ പൊരുള്‍ എന്തെന്നാല്‍, സ്ഥലങ്ങള്‍ പോലും ചില സ്പന്ദനങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുന്നുവെന്നതാണ്. ഈ സ്പന്ദനങ്ങള്‍ നമ്മുടെ ചിന്തകളെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. അതിനാല്‍ നാം എല്ലാവരും ഇവിടെയിരുന്ന് മന്ത്രം ചൊല്ലുമ്പോഴും ഭജന ആലപിക്കുമ്പോഴും നിയതമായ അതിന്റെ സ്പന്ദനങ്ങളും അന്തരീക്ഷത്തിലെവിടെയും വ്യാപിക്കുന്നു. ഈ സ്പന്ദനങ്ങള്‍ മനുഷ്യമനസ്സിന്റെ രീതിയെതന്നെ മാറ്റുന്നു. നിഷേധത്തില്‍നിന്ന് നിയതമായ അവസ്ഥയിലേക്ക് അത് മാറുന്നു. അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്ക് അത് മാറുന്നു! അതിനാല്‍ നമ്മള്‍ വെറുതെയിരുന്ന് ഭജിക്കുയാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഇതിന് ഒരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് നിങ്ങള്‍ വിചാരിക്കരുത്. മന്ത്രോച്ചാരണങ്ങളിലൂടെ നമ്മള്‍ സൂക്ഷ്മമായ സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്നു, അത് അദൃശ്യമാണ്. ആദ്യം നാം ചോല്ലുന്ന മന്ത്രം 'സത്യം പരം ധീ മഹീ' എന്നാണ്. ഇതിന്റെ അര്‍ത്ഥം എന്റമനസ്സ് പ്രാപഞ്ചിക ഊര്‍ജ്ജത്തിലും പ്രപഞ്ച സത്യത്തിലും സാന്ദ്രമാകട്ടെ എന്നാണ്. രണ്ടാമത്തെ മന്ത്രം നാം ആലപിക്കാന്‍ പോകുന്നത് 'ഓം നമോ നാരായണ' എന്നാണ്. കേവലം നിങ്ങള്‍ക്കു ചുറ്റും ശ്രദ്ധിക്കൂ എന്നിട്ടറിയൂ: വൈദ്യുതി എല്ലായിടത്തുമുണ്ട്. എന്നാല്‍ നമുക്ക് വൈദ്യുതിയെ കാണാന്‍ കഴിയുന്നത് അത് ബള്‍ബിലൂടെ ഒഴുകുമ്പോഴാണ്. ഫിലമെന്റിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ അത് പ്രകാശിക്കുന്നു. അങ്ങനെ നമുക്ക് കാണാന്‍ കഴിയുന്നു. ഇതുപോലെയാണ് ശരിക്കും നാരായണ തത്വം. ഇത് ബോധമാണ്. ഈ ബോധം ശരീരങ്ങളിലൂടെയാണ് പ്രത്യക്ഷമാകുന്നതും പ്രകടമാകുന്നതും. എപ്പോഴെങ്കിലും ഒരു മുതിര്‍ന്ന വ്യക്തിയെയോ ജ്ഞാനിയായ ഒരു സന്യാസിയെയോ കണ്ടുമുട്ടുമ്പോള്‍ നാം കൈകൂപ്പികൊണ്ട് 'ഓം നമോ നാരായണ' എന്ന് പറയാറുണ്ട്. ഇതിന്റെ അര്‍ത്ഥം നാരായണന്‍ (ഈശ്വരന്‍) ഓരോ മനുഷ്യരിലും അന്തര്‍ലീനമാണ് എന്നതാണ്. അതിനാല്‍ നമ്മില്‍ തന്നെയുള്ള നാരായണതത്വത്തെ നാം ജ്വലിപ്പിക്കണം. 'ഓം നമോ നാരായാണാ' എന്ന് മന്ത്രിച്ചുകൊണ്ട് നമ്മുടെ ഉണ്മയെ ജ്വലിപ്പിക്കാന്‍ നമുക്ക് കഴിയണം. നാമെല്ലാവരും ചേര്‍ന്ന് ആത്മാര്‍ത്ഥമായി ഒരു ലക്ഷ്യത്തോടെ ഇങ്ങനെ മന്ത്രിക്കുമ്പോള്‍ അതിന്റെ നിയതമായ ഫലം ലോകത്താകമാനമുള്ള എല്ലാ മനുഷ്യരിലേക്കും എത്തുന്നു. നമ്മള്‍ മന്ത്രം ഉരുവിടുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥിക്കാം: ഈ ലോകം ആക്രമണങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും, എല്ലാ അസുഖങ്ങളില്‍ നിന്നും എല്ലാ നിഷേധ കാര്യങ്ങളില്‍ നിന്നും മുക്തമാകട്ടെ! ആഗോളജനതയുടെ സാമാധാനത്തിനും സന്തോഷത്തിനും വേണ്ടിയാകട്ടെ നമ്മുടെ മന്ത്രോച്ചാരാണവും ഭജനാലാപാനവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.