കനാല്‍ വസ്തു കയ്യേറി കൃഷിയിറക്കുന്നു

Saturday 30 January 2016 10:01 pm IST

അനൂപ് തൊണ്ടിക്കുഴ തൊടുപുഴ:  കനാലില്‍ മലിനമാക്കുക മാത്രമല്ല കനാലിനെ നാശത്തിലേക്ക് തള്ളിയിട്ട് വ്യാപകമായി ഭൂമി കൈയ്യേറുകയും ചെയ്യുന്നുണ്ട്.   ജനവാസ മേഖലകളിലാണ് ഇത്തരം  കൈയേറ്റങ്ങളില്‍ അധികവും.  പഞ്ചായത്ത് അധികൃതര്‍ പോലും മൂക്കിനു താഴെ നടക്കുന്ന ഇത്തരം കൈയ്യേറ്റങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്. മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും വെള്ളം പുറന്തള്ളുന്ന ഇടം മുതലുള്ള ഡാമിന്റെ മുഴുവന്‍ പദ്ധതി പ്രദേശങ്ങളും, ഏകദേശം 60 കി.മീ. ദൂരം മൊത്തം വരുന്ന ഇരുകനാലുകളുടെ ഭാഗങ്ങളും എംവിഐപിയുടെ കീഴിലുള്ള സ്ഥലങ്ങളാണ്.  ഡാമിന്റെ പദ്ധതി പ്രദേശത്ത് മാത്രം നിരവധി ഇടങ്ങളിലാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറി റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം വരുന്ന സ്ഥലത്ത് ഇത്തരം കൈയ്യേറ്റങ്ങളും ആരുടേയും ശ്രദ്ധയില്‍പ്പെടുന്നില്ല. അതേ സമയം കനാലിന്റെ അതീവ സുരക്ഷിത മേഖലയില്‍പെടുന്ന പ്രദേശങ്ങള്‍ കൃഷിയ്ക്കായാണ് അധികവും കൈയേറി ഇരിക്കുന്നത്. ഇരുവശങ്ങളിലും ഉള്ള കനാല്‍ ബണ്ടിന്റെ മുകള്‍ ഭാഗത്തുള്ള മണ്ണ് ഇളക്കിയാണ് ഇത്തരം കൃഷി അധികവും. ഇത് മഴക്കാലത്ത് മണ്ണ് കനാലിലേക്ക് ഒലിച്ചിറങ്ങുന്നതിനും അത് വഴി കനാലിന്റെ സുഗമമായ ഒഴുക്കിനും  തടസ്സമാകുന്നുണ്ട്. ഇടവെട്ടിയില്‍ തൊഴിലുറപ്പ് ജോലിക്കാര്‍ ഇങ്ങനെ അടിയുന്ന മണ്ണ് എല്ലാ വര്‍ഷവും കോരി മാറ്റാറുണ്ട്.  ഇങ്ങനെ കോരുന്ന മണ്ണ് കനാലിന്റെ മുകളില്‍ തന്നെയാണ് ഇവര്‍ നിക്ഷേപിക്കുന്നത്. അടുത്ത മഴയത്ത് ഇവയെല്ലാം വീണ്ടും കനാലിലേക്ക് എത്തുമെന്നതാണ് തമാശ. ഇടതുകര കനാലിന്റെ പുറമ്പോക്ക് ഭൂമിയില്‍ ചെറുചായക്കടകള്‍ വരെ നിര്‍മ്മിച്ചിട്ടുണ്ട്. സ്വന്തം സ്ഥലത്ത് മതില്‍ കെട്ടുന്നതു പോലെ കനാല്‍ ഭൂമിയിലേക്ക് കയറ്റി കെട്ടിയ മതിലുകള്‍, ഗേറ്റുകള്‍ എന്നിവയും നിരവ ധിയാണ്. കമുക്, പ്ലാവ്, വാഴ, ചേമ്പ്, ചേന, പയര്‍, മഞ്ഞള്‍, ഇഞ്ചി, കപ്പ, തീറ്റപ്പുല്ല്  തുടങ്ങിയവയെല്ലാം കനാലിന്റെ ഇരുവശങ്ങളിലും കൃഷി ചെയ്തിരിക്കുകയാണ്. പട്ടയം കവലയ്ക്ക് സമീപം വലിയ ഇല്ലി പോലും നട്ടുവളര്‍ത്തുന്നുണ്ട് തൊട്ടടുത്തുള്ള സ്ഥലത്തിന്റെ ഉടമസ്ഥന്‍. കനാലിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ തങ്ങളുടെ സ്ഥലത്തിന്റെ അതിരിന് അനുസരിച്ച് കനാലിലേക്ക് ഇറങ്ങി കൃഷി നടത്തുകയാണ് ചെയ്യുന്നത്. ഇടവെട്ടി, പട്ടയം കവല, പെരുമ്പള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ എന്നിവിടങ്ങളിലാണ് കൈയേറ്റങ്ങളിലധികവും. ഇത്തരത്തിലുള്ള കൈയ്യേറ്റങ്ങള്‍ കനാലിനെ നിത്യ നാശത്തിലേക്ക് തള്ളിവിടുകയാണ്. ചില ഇടങ്ങള്‍ ഒഴിച്ച് കനാലിന്റെ മറ്റ് ഭൂരിഭാഗം പ്രദേശങ്ങളും കാട്കയറി, ചപ്പുചവറു നിറഞ്ഞ് കിടക്കുകയാണ്. ഇടതുകര കനാലാണ് ഇത്തരത്തില്‍ നശിച്ച് കിടക്കുന്നത്. മലങ്കര ഡാമില്‍ വെള്ളം കുറവായതിനാല്‍ ഇന്നലെ മുതല്‍ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.             (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.