നാനൂറില്‍ തിളക്കം കുറവ്

Sunday 31 January 2016 2:15 am IST

കോഴിക്കോട്: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ട്രാക്കില്‍ കേരളത്തിന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ട്രാക്കില്‍ ഇന്നലെ നടന്ന 400 മീറ്ററില്‍ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും ഒരു വെങ്കലും മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഉഷ സ്‌കൂളിന്റെ സന്തതികളായ ഷഹര്‍ബാന സിദ്ദീഖും (സീനിയര്‍ പെണ്‍). സ്‌നേഹ. കെ (ജൂനിയര്‍ പെണ്‍)യുമാണ് 400 മീറ്ററില്‍ സ്വര്‍ണ്ണം നേടി കേരളത്തിന്റെ അഭിമാനമായത്. അതേസമയം സീനിയര്‍ ആണ്‍കുട്ടികളുടെയും സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെയും ജൂനിയര്‍ ആണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പൊന്നണിയാന്‍ കഴിഞ്ഞില്ല. സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ കേരളത്തിന് പ്രാതിനിധ്യവുമുണ്ടായിരുന്നില്ല. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് വെള്ളിയും വെങ്കലവും. ചിത്ര. സിയും ചാന്ദ്‌നി. സിയുമാണ് മെഡല്‍ നേട്ടക്കാര്‍. സീനിയര്‍ പെണ്‍കുട്ടികളില്‍ 56.73 സെക്കന്റില്‍ ഓടിയെത്തിയാണ് ഉഷയുടെ ശിഷ്യയായ ഷഹര്‍ബാന സിദ്ദീഖ് പൊന്നണിഞ്ഞത്. തമിഴ്‌നാടിന്റെ വി. ശുഭ 57.29 സെക്കന്റില്‍ വെള്ളിയും കര്‍ണാടകയുടെ വെനിസ കരോള്‍ ക്വാഡ്രോസ് 57.92 സെക്കന്റില്‍ വെങ്കലവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ 57.01 സെക്കന്റിലാണ് കെ. സ്‌നേഹ സ്വര്‍ണ്ണം നേടി മലയാളികളുടെ അഭിമാനമായത്. ആന്ധ്രയുടെ ദണ്ഡി ജ്യോതിക ശ്രീ 58.60 സെക്കന്റില്‍ വെള്ളിയും പശ്ചിമ ബംഗാളിന്റെ സുമിത ഭൗമിക് 59.14 സെക്കന്റില്‍ വെങ്കലവും സ്വന്തമാക്കി. മറ്റൊരു മലയാളിതാരമായ ലിനറ്റ് ജോര്‍ജ് അഞ്ചാമതായി. സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ 1:00.16 സെക്കന്റില്‍ ഓടിയെത്തി സി. ചിത്ര വെള്ളിയും 1:00.09 സെക്കന്റില്‍ ചാന്ദ്‌നി. സി വെള്ളിയും നേടിയപ്പോള്‍ പൊന്നണിഞ്ഞത് മഹാരാഷ്ട്രയുടെ ബംഹാനെ തായ്. സമയം 58.71 സെക്കന്റ്. സീനിയര്‍ ആണ്‍കുട്ടികളില്‍ തമിഴ്‌നാടിന്റെ ആര്‍. നവീന്‍ 48.39 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ദല്‍ഹിയുടെ അമോജ് ജേക്കബ്, മഹാരാഷ്ട്രയുടെ ഹര്‍ഷവര്‍ദ്ധന്‍ ബോസ്ലേ വെങ്കലവും നേടി. കേരളത്തിന്റെ ആല്‍ബിന്‍ ബാബു അഞ്ചാം സ്ഥാനത്താണ് ഓടിയെത്തിയത്. ജൂനിയര്‍ ആണ്‍കുട്ടികളില്‍ തെലങ്കാനയുടെ ധനവദ് ശ്രീകാന്ത് 48.97 സെക്കന്റില്‍ സ്വര്‍ണ്ണവും മഹാരാഷ്ട്രയുടെ യാഷ് സുഖ്‌വാനി 50 സെക്കന്റില്‍ വെള്ളിയും പഞ്ചാബിന്റെ ജഷാന്‍പ്രീത് സിങ് 50.19 സെക്കന്റില്‍ വെങ്കലവും സ്വന്തമാക്കിയപ്പോള്‍ ഈയിനത്തില്‍ മലയാളി താരം ശ്രീനാഥ് നാലാം സ്ഥാനം കൊണ്ട് തൃപ്തനായി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല. ബീഹാറിന്റെ ആഹുതി രഞ്ജന്‍ സ്വര്‍ണ്ണവും യുപിയുടെ റഷീദ് ചൗധരി വെള്ളിയും ദല്‍ഹിയുടെ നിസാര്‍ അഹമ്മദ് വെങ്കലവും സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.