എബിവിപി സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം

Sunday 31 January 2016 3:02 am IST

  കൊച്ചി: എബിവിപി സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. സംഘടനാ ശക്തി വിളിച്ചോതി നടന്ന പ്രകടനവും പൊതുസമ്മേളനവും കൊച്ചി നഗരത്തില്‍ ചരിത്രം കുറിച്ചു. രാജേന്ദ്രമൈതാനിയില്‍ രാവിലെ സംസ്ഥാന പ്രസിഡന്റ് സി.കെ.രാകേഷ്, സെക്രട്ടറി എ.പ്രസാദ് എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തിയതോടെ രണ്ട് ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിച്ചു. സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി വിനയ്ബിന്ദ്രെ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ശക്തി തെളിയിച്ച് നടന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. രാജേന്ദ്രമൈതാനിയില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹൈക്കോടതി ജംഗ്ഷന്‍ വഴി മൈതാനത്ത് തന്നെ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ദേശീയ സഹ സംഘടന സെക്രട്ടറി ജി.ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ രാഷ്ട്രീയവത്ക്കരിക്കുകയാണ് ഇടതു-വലതുമുന്നണികള്‍ ചെയ്യുന്നതെന്ന് ജി.ലക്ഷമണ്‍ പറഞ്ഞു. എസ്എഫ്‌ഐ നടത്തുന്നത് ഗുണ്ടായിസമാണ്. ഇത് തുടച്ച്‌നീക്കേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞു. എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തിന്റെ ഇരകളാണ് പരുമലയാറ്റില്‍ മരിച്ചവരും സച്ചിനുമെല്ലാമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ജാതീയത വളര്‍ത്തുകയാണ്. ദളിത് വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത് ഇരട്ടത്താപ്പാണ്. ദലിത് പ്രേമം പറയുന്ന സീതാറാം യെച്ചൂരി തങ്ങളുടെ പാര്‍ട്ടിയിലെ പോളിറ്റ് ബ്യൂറോയില്‍ ഒരു ദളിതനെ പോലും ഉള്‍ക്കൊള്ളിക്കാത്തതിന് മറുപടി പറയണമെന്നും എബിവിപി ആവശ്യപ്പെട്ടു. ദളിത് വിഷയത്തില്‍ സംവാദത്തിന് തയ്യാറുണ്ടോയെന്നും ലക്ഷ്മണ്‍ ചോദിച്ചു. സംസ്ഥാന പ്രസിഡന്റ് സി.കെ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ ദേശീയ നിര്‍വാഹക സമിതിയംഗം ശരത്ത് ശിവന്‍, കുസാറ്റ് സെനറ്റ് മെംമ്പര്‍ പ്രസീദ്, ജിജ്ഞാസ ആയാം പ്രമുഖ് വിനീത് മോഹന്‍, നിയമ വിദ്യാര്‍ത്ഥി രേഷ്മ, എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ ഹരിഗോവിന്ദ് സായി സ്വാഗതവും കെ.പി.അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു. നേരത്തെ നടന്ന പ്രകടനത്തിന് സി.കെ.രാകേഷ്, എ.പ്രസാദ്, പ്രിന്റു മാസ്റ്റര്‍, കെ.എസ്.സനൂപ്, കെ.പി.അരുണ്‍, ഹരിഗോവിന്ദ് സായി, വരുണ്‍ പ്രസാദ്, സ്റ്റിനിജോണ്‍, ശ്യാംരാജ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ 11 ന് ദളിത് രാഷ്ട്രീയവും അംബേദ്ക്കറും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സംഘര്‍ഷം മേമനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ : വിനയ്ബിന്ദ്ര കൊച്ചി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ ദളിതരും ദളിതരല്ലാത്തവരും തമ്മിലുള്ളതല്ലെന്നും യാക്കൂബ് മേമനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ളതാണെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിനയ്ബിന്ദ്ര പറഞ്ഞു. എബിവിപി 31-ാം സംസ്ഥാന സമ്മേളനം എറണാകുളം രാജേന്ദ്രമൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ആദ്യം വിദ്യാര്‍ത്ഥികളായി കാണണമെന്നും അവരുടെ മതമല്ല ആദ്യം പരിഗണിക്കേണ്ടതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കലാലയങ്ങളില്‍ ദേശീയതയെ വളര്‍ത്തുന്ന രീതിയിലുള്ള പാഠ്യപദ്ധതിയാണ് നടപ്പിലാക്കേണ്ടതെന്നും നിര്‍ഭാഗ്യവശാല്‍ ചില പ്രസ്ഥാനങ്ങളുടെയും കുടുംബങ്ങളിലെയും ചരിത്രം മാത്രമാണ് പഠിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. ദേശീയ ഉപാധ്യക്ഷന്‍ ഡോ. സുബ്ബയ്യാ ഷണ്‍മുഖന്‍ മുഖ്യാതിഥിയായി. കൊച്ചി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം പി. ശ്യാംരാജ് സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എസ്. മനു സ്വാഗതവും സംസ്ഥാന സെക്രട്ടറി എ. പ്രസാദ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 'ദളിത് പൊളിറ്റിക്‌സ് ആന്റ് അംബേദ്ക്കര്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ബി. അശോക് ഉദ്ഘാടനം ചെയ്യും. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, എബിവിപി ദേശീയ ഉപാധ്യക്ഷന്‍ ഡോ. സുബ്ബയ്യ, സംസ്ഥാന പ്രസിഡന്റ് സി.കെ. രാഗേഷ്, ജനറല്‍ സെക്രട്ടറി എ. പ്രസാദ് എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.