തിരുവനന്തപുരം: അമൃതം റ്റീ എന്ന പേരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വിതരണം ചെയ്ത വ്യാജ തേയില ഫുഡ് സേഫ്റ്റി കമ്മീഷണര്‍ പിടിച്ചെടുത്തു. ഉപയോഗിച്ചു കഴിഞ്ഞ തേയിലയുടെ ചണ്ടിയില്‍ കൃത്രിമ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് അമൃതം ടി എന്ന പേരില്‍ പായ്ക്ക് ചെയ്ത് വില്പന നടത്തി വരുന്നത്. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ വിതരണക്കാരായി പ്രവര്‍ത്തിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്ന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോഡൗണുകള്‍ പരിശോധിച്ച് ഏകദേശം 1500-ഓളം കിലോ തേയില പിടിച്ചെടുക്കുകയും ഗോഡൗണുകള്‍ സീല്‍ ചെയ്യുകയും ചെയ്തു.
ലേബലില്‍ കണ്ട കമ്പനിയുടെ വിലാസവും മറ്റ് വിവരങ്ങളും വ്യാജമാണ്. തിരുവനന്തപുരം അസിസ്റ്റന്റ് ഫുഡ്സേഫ്റ്റി കമ്മീഷണര്‍മാരായ സുധ, എ. സതീഷ്കുമാര്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ അജയകുമാര്‍, ഗൗരീഷ്, ഇന്ദു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് വ്യാജ തേയില പിടിച്ചെടുത്തത്. ഇവയുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഓഫീസിലെ 8943346526, 8943346529, 8943346198 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: