അരാജകത്വം സൃഷ്ടിക്കാന്‍ സിപിഎം ശ്രമം : കുമ്മനം

Saturday 30 January 2016 10:11 pm IST

തൃശൂര്‍: അസ്വസ്ഥതയും അക്രമങ്ങളും നടത്തി സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. ലോകാരാധ്യനായ സ്വാമി ചിദാനന്ദപുരിയെയും പ്രമുഖ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസനെയും കയ്യേറ്റം ചെയ്ത സിപിഎം കാലടിയില്‍ ആര്‍എസ്എസ് കാര്യാലയവും കയ്യേറി. സമാധാനാന്തരീക്ഷം തകിടം മറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. ടി.പി.ശ്രീനിവാസനെ കയ്യേറ്റം ചെയ്തത് പോലീസ് സാന്നിധ്യത്തിലാണ്. സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസ് നിലപാടാണ് പോലീസിനെ നിഷ്‌ക്രിയമാക്കിയതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. വിമോചന യാത്രയില്‍ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. ടി.പി.ശ്രീനിവാസനെ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച പിണറായി വിജയന്റെ സമീപനം കാടത്തമാണ്. ശ്രീനിവാസന്‍ വിദ്യാഭ്യാസ വിചക്ഷണനല്ലെന്നാണ് സംഭവം സംബന്ധിച്ച് പിണറായി പ്രതികരിച്ചത്. വിദ്യാഭ്യാസ വിചക്ഷണരല്ലാത്തവരെല്ലാം തല്ലുവാങ്ങാന്‍ വിധിക്കപ്പെട്ടവരെന്നാണോ സിപിഎം നിലപാടെന്ന് വിശദീകരിക്കണം. ബാര്‍ കോഴ കേസില്‍ മന്ത്രിപ്പണി നഷ്ടപ്പെട്ടവരെ തിരികെ മന്ത്രിസഭയിലെത്തിക്കാനുള്ള യുഡിഎഫിന്റെ ശ്രമം തരംതാണ നടപടിയാണ്. അഴിമതി ഒരു അലങ്കാരമാക്കി കാണുന്നവര്‍ക്കേ ഇങ്ങിനെ ചെയ്യാന്‍ കഴിയൂ എന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.