ടിപി വധക്കേസില്‍ സിബിഐ അന്വേഷണം വേണം: കുമ്മനം

Saturday 30 January 2016 10:51 pm IST

തൃശൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഈ ആവശ്യം ഉന്നയിച്ച് തന്നെവന്നുകണ്ട ആര്‍എംപി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം. ടിപി വധത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി കേരള ജനത വിശ്വസിക്കുന്നു. അത് പുറത്തുവരണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ബിജെപി ജനങ്ങളുടെ ഈ ആഗ്രഹത്തിനൊപ്പമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പി.ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഈ നിവേദനം പരിഗണിച്ച് എത്രയും പെട്ടെന്ന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്നും കുമ്മനം പറഞ്ഞു. സിബിഐ അന്വേഷണം വേണമെങ്കില്‍ ഒന്നുകില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശവേണം. അല്ലെങ്കില്‍ കോടതി ഉത്തരവ് വേണം. ബിജെപി സിബിഐ അന്വേഷണമെന്ന ആര്‍എംപിയുടെ ആവശ്യത്തെ പിന്തുണക്കുകയാണ്. ഇതിനായി കഴിയുന്ന എല്ലാ സഹായങ്ങളും ആര്‍എംപി നേതൃത്വത്തിന് ഉറപ്പ് നല്‍കിയതായും കുമ്മനം പറഞ്ഞു. സിബിഐ അന്വേഷണമെന്ന ആവശ്യത്തിന് എല്ലാവിധ പിന്തുണയും കുമ്മനം ഉറപ്പു നല്‍കിയതായി ചര്‍ച്ചക്ക് ശേഷം ആര്‍എംപി സംസ്ഥാന അദ്ധ്യക്ഷന്‍ വേണുവും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വേണുവിന്റെ നേതൃത്വത്തില്‍ നാലംഗ ആര്‍എംപി പ്രതിനിധി സംഘമാണ് തൃശൂര്‍ രാമനിലയത്തില്‍ കുമ്മനം രാജശേഖരനെ സന്ദര്‍ശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.