ജപ്പാന്‍ പദ്ധതി കാര്യക്ഷമമല്ല കുടിവെള്ള ക്ഷാമം തുടരുന്നു

Sunday 31 January 2016 8:10 pm IST

ആലപ്പുഴ: ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പാക്കിയെങ്കിലും ചേര്‍ത്തല മേഖലയില്‍ ജനങ്ങള്‍ക്ക് കൃത്യമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മറവന്‍ തുരുത്ത് പഞ്ചായത്തില്‍ പൈപ്പ് പൊട്ടിയതു മൂലം ഒരു പമ്പ് മാത്രം ഉപയോഗിച്ചാണ് പമ്പിങ് നടത്തുന്നതെന്നും രാത്രിയില്‍ പമ്പിങ് നടത്തരുതെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. തകഴി-എടത്വാ റോഡിലെ ടാറിങ് ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കു നിര്‍ദേശം നല്‍കി. യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ പുരോഗതി അവലോകനം പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറിയതായി കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്ത് ഈ നേട്ടം കൈവരിച്ച ആദ്യ ജില്ലയാണ് ആലപ്പുഴ. ആസൂത്രണ ബോര്‍ഡിന്റെ 'പ്ലാന്‍ സ്‌പേസ്' വെബ്‌സൈറ്റിലൂടെയാണ് പുരോഗതി അവലോകനം ചെയ്യുക. എല്ലാ വകുപ്പുകളും എല്ലാ മാസവും പത്തിനകം പുരോഗതി വിവരങ്ങളും ചെലവഴിച്ച തുകയും ഭൗതിക നേട്ടങ്ങളും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഹൗസ് ബോട്ടുകളില്‍നിന്നുള്ള മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിലെ കാന്‍സര്‍ രോഗികളുടെ എണ്ണം ആരോഗ്യവകുപ്പ് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും പുറക്കാട് സ്മൃതി വനത്തിനായി ഏറ്റെടുത്ത സ്ഥലം ഉപയോഗയോഗ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം. നാലു ഡോക്ടര്‍മാരാണ് ചമ്പക്കുളത്ത് ഉള്ളതെന്നും 24 മണിക്കൂറും സേവനം ലഭ്യമാക്കാന്‍ എട്ടു പേരുടെ സേവനം ആവശ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. മുമ്പ് 24 മണിക്കൂറും ഇവര്‍ സേവനം നല്‍കിയിരുന്നെന്നും കഴിഞ്ഞദിവസം രോഗിയുടെ കൂട്ടിരുപ്പുകാര്‍ ഡോക്ടറെ കൈയേറ്റം ചെയ്തതോടെയാണ് ഡോക്ടര്‍മാര്‍ പിന്തിരിഞ്ഞതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു. 127.96 കോടി രൂപ ചെലവഴിച്ച് 281 സംസ്ഥാന പ്ലാന്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. 85.06 ശതമാനം വിഹിതം ചെലവഴിച്ചു. 140.46 കോടി രൂപ ചെലവഴിച്ച് 16 കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പൂര്‍ത്തീകരിച്ച് 99.71 ശതമാനം വിഹിതം ചെലവഴിച്ചു. മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 81.08 ശതമാനം വിഹിതം ചെലവഴിച്ചു. 38.39 കോടി രൂപ ചെലവഴിച്ച് 12 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി യോഗം വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.