കേരളത്തെ ജീവിക്കാന്‍ കൊള്ളാത്ത നാടാക്കരുത്

Sunday 31 January 2016 8:32 pm IST

''ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും; ഊന്നുകോലും ജരാനര ദുഃഖവും'' എന്നെഴുതിയ കവി വാക്കുകള്‍ കേരളത്തിലെ സിപിഎം-കോണ്‍ഗ്രസ് കക്ഷികള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഈ കുറിപ്പെഴുതുന്ന ദിവസം ഗാന്ധിജി എന്ന മഹാത്മാവിന് രാഷ്ട്രം പ്രണാമമര്‍പ്പിക്കുന്ന ദിനമാണ്. പ്രഭാത പത്രങ്ങളിലെല്ലാം വന്ന മുഖ്യവാര്‍ത്തകളും ചാനലുകള്‍വഴി കിട്ടിക്കൊണ്ടിരിക്കുന്ന വിവരങ്ങളും കൂട്ടി വായിക്കുമ്പോള്‍ അമ്പരപ്പോടെ തലയ്ക്ക് കൈവെച്ച് സ്തംഭിച്ചിരിക്കാത്ത ഒരാളുമുണ്ടാവില്ല. സഹിഷ്ണുതയുടെപേരില്‍ ഊറ്റംകൊള്ളുന്ന സിപിഎം-കോണ്‍ഗ്രസ് കക്ഷികള്‍ എത്രമാത്രം സാമൂഹ്യ വിരുദ്ധരും നിയമവാഴ്ചയുടെ അടിവേരുകള്‍ തകര്‍ക്കുന്നവരുമാണെന്ന സത്യത്തിലേക്കാണ് വാര്‍ത്തകള്‍ വിരല്‍ ചൂണ്ടുന്നത്. ലോകമെമ്പാടും മലയാളി അഭിമാന പുരസ്സരം അംഗീകാരം നല്‍കി നെഞ്ചിലേറ്റിയിട്ടുള്ള നയതന്ത്ര വിദഗ്ധനാണ് യുഎസ്സില്‍ ഡെപ്യൂട്ടി അമ്പാസിഡറായും യു.എന്നില്‍ ഇന്ത്യന്‍ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുള്ള ടി.പി.ശ്രീനിവാസന്‍. ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന്റെ വേദിയിലേക്ക് പോയി എന്ന കുറ്റമാരോപിച്ച് എസ്എഫ്‌ഐ നേതാവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പരസ്യമായി അദ്ദേഹത്തെ അക്രമിച്ച് അടിച്ച് വീഴ്ത്തുകയായിരുന്നു. ടി.പി.ശ്രീനിവാസനു നേരെ നടന്ന അക്രമം നിന്ദ്യമെന്ന് കരുതാത്ത ഒരാളും കേരളക്കരയിലുണ്ടാവില്ല. തന്നെ അക്രമിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്ന് ടി.പി.ശ്രീനിവാസനുള്‍പ്പെടെ എല്ലാവര്‍ക്കും ബോധ്യമായിട്ടുമുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സി.പി.എമ്മുകാരെ ഭയന്നോ അല്ലെങ്കില്‍ അവരുമായുണ്ടായ ധാരണപ്രകാരമോ സമ്മേളനത്തില്‍നിന്നും അവസാനം വിട്ടു നില്‍ക്കുകയായിരുന്നു. ടി.പി.ശ്രീനിവാസന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ഭയനും തന്റേടിയുമായി പോയതിന്റെ പേരിലാണ് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ സിപിഎം ഗുണ്ടായിസത്തിന് ഇരയായത്. കേരളത്തിലെ ഒരു പ്രമുഖ പത്രം ടി.പി.ശ്രീനിവാസനുനേരെയുണ്ടായ അക്രമത്തെ സാക്ഷര കേരളത്തിന്റെ കവിളത്തേറ്റ അടിയെന്ന് വിശേഷിപ്പിച്ചത് തികച്ചും ഉചിതമാണ്. നിയമവാഴ്ചയില്‍ വിശ്വാസമുള്ള ആരുംതന്നെ സിപിഎം കാട്ടിയ ഈ കാടത്തത്തെ ന്യായീകരിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് തോന്നുന്നില്ല. എന്നാല്‍ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും ഉന്നതരായ നേതാക്കള്‍ ഭംഗ്യന്തരേണ ഈ അഴിഞ്ഞാട്ടത്തെ ന്യായീകരിച്ചിരിക്കയാണ്. സിപിഎം നേതാക്കളുടെ ഈ സമീപനമാണ് കേരള സംസ്ഥാനം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളിലൊന്ന്. സാക്ഷരതയെപ്പറ്റി വാതോരാതെ ഗീര്‍വാണപ്രസംഗം നടത്തുന്നവരാണ് ഇപ്പോള്‍ പരസ്യമായി ടി.പി.ശ്രീനിവാസനുനേരെയുണ്ടായ അക്രമത്തെ ന്യായീകരിക്കുന്നത്. വടകരയ്ക്കടുത്ത് അരൂരില്‍വെച്ച് പൂജനീയ സ്വാമി ചിദാനന്ദപുരി നടത്തിയ ശാങ്കരഭാഷ്യ പ്രഭാഷണത്തെ അലങ്കോലപ്പെടുത്താനും സ്വാമിജിയെ അപായപ്പെടുത്താനും സിപിഎം ശ്രമിക്കുകയുണ്ടായി. വിനാശകാലേ വിപരീതബുദ്ധി എന്ന തോന്നലാണ് ഇതെല്ലാം സൃഷ്ടിച്ചിട്ടുള്ളത്. കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയം എത്രമാത്രം അധ:പതിക്കുകയും സാമൂഹ്യവിരുദ്ധമാകുകയും ചെയ്തിരിക്കുന്നു എന്നതിനുള്ള തെളിവായി ഇത്തരം സംഭവങ്ങളെ കാണേണ്ടതുണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി തലശ്ശേരി കോടതി തള്ളിയതിനെതിരെ സിപിഎം രംഗത്തുവന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരും സിബിഐയും ചേര്‍ന്നു നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ച് സിപിഎം മുതലെടുക്കാന്‍ ശ്രമിക്കയാണ്. നിരവധി തവണ കേസന്വേഷണത്തിന് നിയമാനുസൃതം സിബിഐ നോട്ടീസ് നല്‍കിയിട്ടും അതുമായി സഹകരിക്കാത്ത ആളാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. ക്രിമിനല്‍ കേസില്‍ മുന്‍പ് ശിക്ഷിക്കപ്പെട്ട ഇയാള്‍ക്ക് കൊലക്കേസില്‍ ബന്ധമില്ലെന്നും രാഷ്ട്രീയവിരോധം കാരണം ഒരു അടിസ്ഥാനവുമില്ലാതെ പ്രതിയാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി പാര്‍ട്ടിയുടെ പ്രമുഖരായ നേതാക്കളെല്ലാം കൊലക്കേസുകളില്‍ പ്രതികളായ ചരിത്രമുള്ള പാര്‍ട്ടിയാണ് സിപിഎം. അവരൊക്കെ പ്രതികളായത് ബിജെപി സര്‍ക്കാരിന്റെ ഇടപെടല്‍കൊണ്ടായിരുന്നോ? കണ്ണൂര്‍ ജില്ലയിലെ ഷുക്കൂര്‍ വധം, ഫസല്‍ വധം തുടങ്ങി എത്രയോ ഹീനമായ കൊലകളില്‍ സിപിഎം നേതാക്കന്മാര്‍ പ്രതികളായിട്ടുണ്ടെങ്കില്‍ അതിനും ഉത്തരവാദികള്‍ ആര്‍എസ്എസ് ആണെന്ന് ആരോപിക്കുമോ? ആര്‍എസ്എസും ബിജെപിയും ശക്തിപ്രാപിക്കുന്നതിന് എത്രയോ മുന്‍പുതന്നെ കേരളം രാഷ്ട്രീയ സംഘട്ടനങ്ങളുടെ ശാപഭൂമിയായി മാറിയ നാടാണ്. അക്രമങ്ങളുടെയും നിയമവാഴ്ച തകര്‍ന്നതിന്റെയും പേരില്‍ ഭാരതത്തില്‍ ആദ്യമായി ഒരു സംസ്ഥാന ഭരണകൂടത്തെ പിരിച്ചുവിട്ടത് കേരളത്തിലാണ്. 1957 ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ. ഇതിനു കാരണം കമ്യൂണിസ്റ്റ് അക്രമവാസനയും സെല്‍ഭരണവുമായിരുന്നില്ലേ? കേരളത്തിലെ 90 ശതമാനം രാഷ്ട്രീയ അക്രമ കേസുകളിലും സിപിഎം ഒരു ഭാഗത്തുണ്ട്. കൊലക്കുറ്റത്തിന് ഏറ്റവും കൂടുതല്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ട പാര്‍ട്ടിയും സിപിഎമ്മാണ്. അക്രമം ഉപേക്ഷിക്കാനും പേശീബലരാഷ്ട്രീയം സിപിഎം വേണ്ടെന്നു വെയ്ക്കുകയും ചെയ്യണം. സമാധാനവും ശാന്തവുമായ ജീവിതം കേരളത്തില്‍ നിലനില്‍ക്കണമെങ്കില്‍ സിപിഎം ആത്മപരിശോധനയ്ക്ക് തയ്യാറാവുകയും തങ്ങളുടെ തെറ്റുതിരുത്തുകയുമാണ് വേണ്ടത്. യഥാര്‍ത്ഥ ജനാധിപത്യ സംസ്‌കാരം അവര്‍ സ്വീകരിക്കാന്‍ തയ്യാറാവണം. ടി.പി. ശ്രീനിവാസന്‍ സംഭവത്തില്‍ പോലീസ് കാട്ടിയ ബോധപൂര്‍വ്വമായ നിഷ്‌ക്രിയത്വവും അക്രമം തടയാതിരുന്നതും മലയാളികള്‍ ആഴത്തില്‍ വിലയിരുത്തേണ്ട വിഷയമാണ്. അവിടെയുണ്ടായിരുന്ന പോലീസ് സംവിധാനത്തിന് ഞൊടിയിടയില്‍ അക്രമം തടയാമായിരുന്നു. പക്ഷേ അവര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലെ കാഴ്ചക്കാരെപോലെ അത് കണ്ടാസ്വദിക്കയായിരുന്നു. സിപിഎം അധികാരത്തില്‍ വന്നേക്കുമെന്ന ധാരണയില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ബോധപൂര്‍വ്വം മുന്‍കൂര്‍ വിധേയത്വം ഉറപ്പിക്കയായിരുന്നു. നവകേരള മാര്‍ച്ചുകാര്‍ അധികാരത്തില്‍വന്നാല്‍ കേരളം എവിടെയെത്തുമെന്നതിന്റെ സൂചനയും മുന്നൊരുക്കവുമാണിത്. അത്യന്തം ആപത്കരമാണ് ഇത്തരം സമീപനങ്ങള്‍. ഇതെല്ലാം കേരളം ജനജീവിതത്തിന് പറ്റാത്ത നാടായി മാറുന്നുവെന്ന തോന്നലാണ് സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കും മറ്റുമെതിരെ, തന്നില്‍ നിക്ഷിപ്തമായ ജുഡീഷ്യല്‍ വിവേചനാധികാരം ഉപയോഗിച്ചതിന്റെപേരില്‍ ഒരു സത്യസന്ധനായ ജുഡീഷ്യല്‍ ഓഫീസറെ തലങ്ങും വിലങ്ങും അപമാനിച്ചും ഭീഷണിപ്പെടുത്തിയും കോണ്‍ഗ്രസ് നിലംപരിശാക്കിയിരിക്കയാണ്. ഭരണപക്ഷ നേതാക്കന്മാര്‍ തൃശൂര്‍ വിജിലന്‍സ് ജഡ്ജിയെ അപമാനിച്ച് തങ്ങളുടെ ജനവിരുദ്ധത തെളിയിച്ചിരിക്കയാണ്. ജഡ്ജിയുടെ കോലം കത്തിക്കാനും, ശവമഞ്ചം ഒരുക്കാനും, അസഭ്യവും ഭീഷണിയും മുഴക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നു. ഇതെല്ലാം കണ്ട് ജോലി ഉപേക്ഷിച്ച് ആ ന്യായാധിപന്‍ പോകേണ്ടിവന്നിരിക്കുന്നു. ഇതൊക്കെ നിയമവാഴ്ചയ്ക്ക് നേരെ നടക്കുന്ന കൊടുംപാതകങ്ങളായി വിലയിരുത്തേണ്ടതുണ്ട്. കേരളം എന്നാല്‍ ''കെട്ട ഇടം'' എന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. കാര്‍ഷികരംഗം മുതല്‍ കായികരംഗം വരെ സമസ്തമേഖലകളിലും നാം തകര്‍ച്ചയിലാണ്. ട്രഷറി പൂട്ടേണ്ട ഗതികേടിലാണ് നാടുള്ളത്. സാമൂഹ്യ തിന്മ•കളെകൊണ്ട് പൊറുതിമുട്ടി നട്ടം തിരിയുന്ന നാടാണിപ്പോള്‍ കേരളം. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് രാഷ്ട്രീയം മൂല്യങ്ങളുടെ അന്തകരായി ഇവിടെ അരങ്ങുവാഴുകയാണ്. രാഷ്ട്രീയ ലേബലില്‍ എന്ത് നേരുകേടും നെറികേടുമാകാമെന്ന നിലയിലേക്ക് കേരളം അധഃപതിച്ചിരിക്കുന്നു. ഇവിടെ അരാജകത്വവും അക്രമവും തേര്‍വാഴ്ച നടത്തുന്നു. നിയമപാലകര്‍ നോക്കുകുത്തികളായി ഒരു നാടിന്റെ തകര്‍ച്ചയ്ക്കു കൂട്ടുനില്‍ക്കുന്നു. ഈ പരിതാപകരമായ അവസ്ഥയില്‍ നാം എങ്ങോട്ടെന്ന ചോദ്യം സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും വേണം. ദൈവത്തിന്റെ സ്വന്തം നാട് ദൈവംപോലും ഭീതിയോടെ നോക്കികാണുന്ന ദുരവസ്ഥയ്‌ക്കെതിരെ മലയാളി ജാഗരൂകരാകയാണുവേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.