ദേശീയ ഫുട്‌ബോള്‍ മല്‍സരത്തിന് കുടുംബശ്രീ ബാലസഭ താരവും

Sunday 31 January 2016 9:00 pm IST

  കണിയാമ്പറ്റ : രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ ദേശീയ ഫുട്‌ബോള്‍ മല്‍സരത്തിന് കുടുംബശ്രീ ബാലസഭ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായ ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥിയും. സംസ്ഥാന ടീമില്‍ അംഗമായ ആര്‍.സജിതക്കാണ് ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ജഴ്‌സി അണിയാനുള്ള ഭാഗ്യം ലഭിച്ചത്. ഇതാദ്യമായാണ് ജില്ലയിലെ ഗോത്രമേഖലയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ ടീമില്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ മല്‍സരത്തിന് തെരഞ്ഞെടുത്ത 16 അംഗ സംസ്ഥാന ടീമില്‍ ഏക വയനാട്ടുകാരിയുമാണ് ആര്‍.സജിത. കാട്ടിക്കുളം സ്വദേശിയായ സജിതയാണ് കേരളത്തിന്റെ പ്രതിരോധനിര കാക്കുന്നത്. കണിയാമ്പറ്റ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുടുംബശ്രീ ബാലസഭാ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് സജിത. ഫുട്‌ബോള്‍ കോച്ചായ വി.സിറാജിന്റെ നേതൃത്വത്തില്‍ രണ്ടുവര്‍ഷമായി കണിയാമ്പറ്റ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുടുംബശ്രീ ബാലസഭ ഫുട്‌ബോള്‍ പരിശീലന ക്യമ്പ് നടക്കുന്നു. കുടുംബശ്രീയുടെ പ്രഥമ ഫുട്‌ബോള്‍ പരിശീലനകേന്ദ്രമാണ് കണിയാമ്പറ്റയിലുള്ളത്. രണ്ട് വര്‍ഷത്തെ പരിശീലനത്തിനിടക്ക് ഒട്ടേറെ അവസരങ്ങളും അംഗീകാരങ്ങളും ബാലസഭാ ടീമിനെ തേടിയെത്തി. കോഴിക്കോട് കഴിഞ്ഞ വര്‍ഷം നടന്ന പെണ്‍കുട്ടികളുടെ സംസ്ഥാന ക്യാമ്പില്‍ ബാലസഭാ ടീമില്‍ നിന്നും മുന്ന് പെണ്‍കുട്ടികള്‍ ഒന്നിച്ച് പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. സെലക്ഷന്‍ ലഭിച്ചതോടെ ഒറീസയിലെ കട്ടക്കില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പ്രതിരോധ നിരയില്‍ ആര്‍ .സജിതക്ക് അവസരം ലഭിച്ചു. എറണാകുളത്ത് നടന്ന സബ്ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സില്‍ നിന്നാണ് ജില്ലയില്‍ നിന്നും പങ്കെടുത്ത മൂന്ന് പേരും സംസ്ഥാന കോച്ചിംഗ് ക്യാമ്പലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെ.വി.വിഷ്ണുപ്രിയ, ആര്‍. സജിത, ജിഷ്ണ ബി ജയന്‍ എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്. മലപ്പുറത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന സുബ്രദോ മുഖര്‍ജി കപ്പ് ഫുട്‌ബോള്‍ മത്സരത്തിലും, ജില്ലാ സീനിയര്‍ വനിത ടീമിന് വേണ്ടിയും, തൊടുപുഴയില്‍ നടത്തിയ സംസ്ഥാന പൈക്ക ഫുട്‌ബോള്‍ മത്സരത്തിലും ജില്ലക്കുവേണ്ടി ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. കണ്ണുരില്‍ സംസ്ഥാന സ്‌കുള്‍ കായിക മേളയോടനുബന്ധിച്ച് നടന്ന ഫുട്‌ബോള്‍ മല്‍സരത്തില്‍ വയനാട് ജില്ലാ ടീമില്‍ 10 കുട്ടികളും എറണാകുളത്ത് നടന്ന പൈക്ക സംസ്ഥാന മല്‍സരത്തിനായി തെരഞ്ഞെടുത്ത ജില്ലാ ടീമില്‍ എട്ട് കുട്ടികളും കണിയാമ്പറ്റ ബാലസഭാ ടീമിലുള്ളവരായിരുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കിയത് സജിതയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.