ഹൈറേഞ്ചില്‍ വന്‍തോതില്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നു

Sunday 31 January 2016 9:58 pm IST

കുമളി: വേനല്‍ക്കാലമായതോടെ ജില്ലയുടെ ഹൈറേഞ്ച് ഉള്‍പ്പെടുന്ന തോട്ടം മേഖലയില്‍ ഭൂഗര്‍ഭജലം ചൂഷണം വ്യപാകമാകുന്നു. പ്രതിദിനം ദശ ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് കുഴല്‍കിണറുകളില്‍ നിന്നും ചോര്‍ത്തിയെടുത്ത് കൃഷി ആവശ്യത്തിനും, വിനോദ സഞ്ചാര മേഖലയിലുമായി ഉപയോഗിക്കുന്നത്. വലിയ വൈദ്യുതി മോട്ടോറുകളുടെ സഹായത്തോടെയാണ് രാപ്പകലില്ലാതെ ഇത്തരം ചൂഷണം വര്‍ദ്ധിക്കുന്നത്. അതീവ പരിസ്ഥിതി ലോല പട്ടികയില്‍പെടുന്ന ഭൂപ്രദേശങ്ങളില്‍ പോലും ആയിരക്കണക്കിന് കുഴല്‍ കിണറുകളാണ് കൃഷിയുടെ പേരില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശാസ്ത്രീയടിസ്ഥാനത്തതില്‍ സ്ഥാനനിര്‍ണയം നടത്താതെ നിര്‍മ്മിക്കുന്ന ഇത്തരം കിണറുകളില്‍ ഏറെയും ചുരുങ്ങിയ കാലയളവില്‍ തന്നെ ഉപേക്ഷിക്കപെടുന്നത് പതിവ് കാഴ്ചയാണ്. മുന്‍കാലങ്ങളില്‍ ചെറിയ കുഴല്‍കിണറുകളാണ് നിര്‍മ്മിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അയല്‍ സംസ്ഥാനത്ത് നിന്നും എത്തിക്കുന്ന വലിയ യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ആറു മുതല്‍ ഒന്‍പതു ഇഞ്ചു വരെ വ്യാസത്തില്‍ ആയിരത്തിയിരുന്നൂര്‍ അടി ആഴത്തില്‍ വരെ കിണറുകള്‍ നിര്‍മ്മിക്കുന്നു. ഒരു ഏക്കര്‍ ചുറ്റളവില്‍ ഒന്നിലധികം എണ്ണം ഓരോ ഏലതോട്ടങ്ങളില്‍ സാധാരണയാണ്. ഒരു ലക്ഷം രൂപ വരെ ഓരോ കിണറുകള്‍ക്കും ചെലവ് വരുന്നതിനാല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് വേനല്‍ ചാകര കാലമാണ്. പട്ടണ പ്രദേശങ്ങളില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് ആവശ്യമാണെന്നിരിക്കെ യാതൊരു മാനദണ്ഡങ്ങളും ഇവിടെ പാലിക്കപെടുന്നില്ല. ഭാവിയില്‍ വലിയ പാരിസ്ഥിധിക പ്രശ്‌നമായേക്കാവുന്ന ഈ വിഷയത്തില്‍ അധികാരികള്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നാണ് പൊതുജന അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.