ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ‘വൈ–ത്രഡ്’ വിഭാഗം സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെ ഉച്ചയോടെ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ വസതിയില്‍ എത്തിയ കേന്ദ്രത്തിന്റെ എസ്എസ്ജി (സ്പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പ്)യിലെ 13 അംഗ കമാന്‍ഡോ സംഘമാണ് സുരക്ഷാ ചുമതലയേറ്റെടുത്തത്.
വെള്ളാപ്പള്ളിയുടെ വീട്ടിലും സംസ്ഥാനത്തിനകത്തെ സന്ദര്ശനവേളകളിലുമാണ് സുരക്ഷയൊരുക്കുക. വെള്ളാപ്പള്ളിയുടെ വീടിന് സമീപത്തെ ഓഫിസിന് മുകള്‍ നിലയില്‍ ഇവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡപ്യൂട്ടി കമാണ്ടന്റ് ഭാസ്കര്‍ കുമാര്‍ ഇവിടെയെത്തി കമാന്‍ഡോ സംഘത്തിന് നിര്‍ദേശങ്ങള്‍ നല്കി. വീടും പരിസരവും ഓഫിസും വഴികളും ഇവരുടെ സുരക്ഷാവലയത്തിലാവും. വെള്ളാപ്പള്ളിയുടെ ഓഫീസിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രത്യേക രജിസ്റ്ററും ഏര്‍പ്പെടുത്തി. വെള്ളാപ്പള്ളി തൊടുപുഴയിലെ പരിപാടിക്ക് പോയിരുന്നതിനാല്‍ രാത്രി വൈകിയാണ് എത്തിയത്. കോയമ്പത്തൂരില്‍ നിന്ന് അല്‍-ഉമയുടെ പേരില്‍ തപാലിലൂടെ നേരത്തെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും വധഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് സംസ്ഥാന പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചന ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: