പേട്ടതുള്ളല്‍ : അമ്പലപ്പുഴ സംഘം പുറപ്പെട്ടു

Sunday 8 January 2012 12:47 pm IST

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം യാത്ര പുറപ്പെട്ടു. 52 ദിവസത്തെ അന്നദാനവും 18 ആഴിപൂജയും നടത്തിയാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും സംഘം യാത്ര തിരിച്ചത്. എരുമേലി പേട്ടതുള്ളലിന് എഴുന്നെള്ളിക്കാനുള്ള സ്വര്‍ണ്ണതിടമ്പ് ക്ഷേത്ര മേല്‍ശാന്തി കേശവന്‍ നമ്പൂതിരി പൂജിച്ച് സമൂഹപെരിയോര്‍ കുളത്തില്‍ ചന്ദ്രശേഖരനായര്‍ക്ക് നല്‍കിയതോടെയാണ് യാത്രയുടെ ചടങ്ങുകള്‍ക്ക് തുടക്കമായത്. തിടമ്പ് പ്രത്യേകം തയാറാക്കിയ രഥത്തിലേക്ക് എഴുന്നെള്ളിച്ച് രഥഘോഷയാത്രയുടെ അകമ്പടിയോടെ സംഘം എരുമേലിക്ക് തിരിച്ചു. എഴുപതില്‍പ്പരം കേത്ര ദര്‍ശനങ്ങള്‍ക്കും മണിമലക്കാവ് ആഴിപൂജയ്ക്കും ശേഷം പതിനൊന്നാം തിയതി സംഘം എരുമേലിയിലെത്തും. പന്ത്രണ്ടിന് പേട്ടതുള്ളലിന് ശേഷം ആഴിപൂജയും കഴിഞ്ഞ് പമ്പ സദ്യയും നടത്തി സംഘം മല ചവിട്ടും. സന്നിധാനത്തെത്തുന്ന സംഘം മകരവിളക്കിനു ശേഷം മാളികപുറത്തു ശീവേലിയും കര്‍പ്പൂരാഴിയും നടത്തും. ശബരിമല ശാസ്താവിന്റെ മാതൃ സ്ഥാനീയരായ അമ്പലപ്പുഴക്കാര്‍ക്കാണ് എരുമേലിയില്‍ ആദ്യം പേട്ടതുള്ളുന്നതിനുള്ള അവകാശം. ചെമ്പകശേരി രാജാവാണ് ഈ അവകാശം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.