അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്:ഇന്ത്യയ്ക്ക് മൂന്നാം ജയം

Monday 1 February 2016 9:54 pm IST

മിര്‍പൂര്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ഡിയിലെ മൂന്നാം മത്സരത്തില്‍ നേപ്പാളിനെ ഏഴു വിക്കറ്റിന് തകര്‍ത്തു ഇന്ത്യ. സ്‌കോര്‍: നേപ്പാള്‍ അണ്ടര്‍ 19 - 169/8 (48), ഇന്ത്യ അണ്ടര്‍ 19 - 175/3 (18.1) ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും നേപ്പാളും നേരത്തെ ക്വാര്‍ട്ടര്‍ഫൈനല്‍ ഉറപ്പിച്ചിരുന്നു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ എതിരാളികളെ കെട്ടിയിട്ടു. മൂന്നു വിക്കറ്റെടുത്ത ആവേഷ് ഖാനും, രണ്ട് വീതം ഇരകളെ കണ്ടെത്തിയ മായങ്ക് ദാഗറും, വാഷിങ്ടണ്‍ സുന്ദറും നേപ്പാളിനെ 169ല്‍ ഒതുക്കി. ഓപ്പണര്‍ സന്ദീപ് സുനര്‍ (37) ടോപ് സ്‌കോറര്‍. രാജ്ബീര്‍ സിങ് (35), പ്രം തമങ് (29 നോട്ടൗട്ട്), ആരിഫ് ഷെയ്ഖ് (26) എന്നിവര്‍ പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍ ഋഷഭ് പന്തിന്റെ വെടിക്കെട്ട് പ്രകടനമാണ് മുപ്പത് ഓവറുകള്‍ ശേഷിക്കെ ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. 24 പന്തില്‍ ഒമ്പത് ഫോറും അഞ്ച് സിക്‌സറും സഹിതം 78 റണ്‍സെടുത്തു ഋഷഭ്. അണ്ടര്‍ 19 വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധശതകവും ഋഷഭ് പേരിലാക്കി. 18 പന്തില്‍ അമ്പത് തികച്ചു താരം. നായകന്‍ ഇഷാന്‍ കിഷനും (50) അര്‍ധശതകം നേടി. സര്‍ഫറാസ് ഖാനും (21 നോട്ടൗട്ട്), അര്‍മാന്‍ ജാഫറും (12 നോട്ടൗട്ട്) ജയം പൂര്‍ത്തിയാക്കി. കളിയിലെ താരം ഋഷഭ്. നമീബിയയോ ബംഗ്ലാദേശോ ആകും ക്വാര്‍ട്ടര്‍ എതിരാളികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.