കോഴിക്കോട്: സ്പ്രിന്റ് റിലേയില്‍ ട്രാക്കില്‍ പോരാട്ടം പൊടിപാറിയെങ്കിലും കേരളത്തിന് നിരാശ. ആറ് ഫൈനലുകളില്‍ കേരളത്തിന് നേടാന്‍ കഴിഞ്ഞത് രണ്ട് സ്വര്‍ണം മാത്രം. കൂടെ ഒരു വെള്ളിയും രണ്ട് വെങ്കലവും. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ കേരളാ പ്രതിനിധ്യമുണ്ടായിരുന്നതുമില്ല. തമിഴ്നാടും രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടി കരുത്തറിയിച്ചു. ബാറ്റണ്‍ കൈമാറുന്നതില്‍ വന്ന നേരിയ താമസമാണ് രണ്ട് ഉറച്ച സ്വര്‍ണ മെഡലുകള്‍ കേരളത്തിന് നഷ്ടമാക്കിയത്. സീനിയര്‍ ആണ്‍കുട്ടികളുടെയും ജൂനിയര്‍ പെണ്‍കുട്ടികളുടെയും വിഭാഗത്തിലാണ് കേരളം പൊന്നണിഞ്ഞത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിനറ്റ് ജോര്‍ജ്, അപര്‍ണ റോയ്, ഫാത്തിമ. പി.പി., അഞ്ജലി പി.ഡി എന്നിവരടങ്ങിയ ടീം 48.95 സെക്കന്‍ഡി ഫിനിഷിങ് ലൈന്‍ തൊട്ടു പൊന്നണിഞ്ഞു. അവസാന ലാപ്പില്‍ ഓടിയുടെ അഞ്ജലിയുടെ മിന്നുന്ന വേഗമായിരുന്നു കേരളത്തെ തുണച്ചത്. കനത്ത വെല്ലുവിളി ഉയര്‍ത്തിയ തമിഴ്നാട് 49.06 സെക്കന്‍ഡില്‍ വെള്ളിയും മഹാരാഷ്ട്ര 49.37 സെക്കന്‍ഡില്‍ വെങ്കലവും നേടി.
അതേസമയം, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞു. അഖില്‍. പി.എസ്, ശ്രീനാഥ്. എം.കെ., മെഹ്ദി നൂറുദ്ദീന്‍, അമല്‍. ടി.പി എന്നിവരടങ്ങിയ ടീം 43.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. 43.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തമിഴ്നാട് സ്വര്‍ണം നേടിയപ്പോള്‍ കേരളത്തെ ഫോട്ടോഫിനിഷില്‍ പിന്തള്ളി ഒഡീഷ വെള്ളി കരസ്ഥമാക്കി. ബാറ്റണ്‍ കൈമാറ്റത്തില്‍ വന്ന പിഴവാണ് കേരളത്തിന് തിരിച്ചടിയായത്.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 42.21 സെക്കന്‍ഡില്‍ കേരളം സ്വര്‍ണം നേടി. സനീഷ്. കെ.എസ്, അഷ്കര്‍ ഹാരിസ്, അശ്വിന് സണ്ണി, പ്രണവ്. കെ.എസ് എന്നിവര്‍ കേരളത്തിനായി അണിനിരന്നു.
എന്നാല്‍, ഇതേ വിഭാഗം പെണ്‍കുട്ടികളില്‍ ഉറച്ച സ്വര്ണ്ണണം ആതിഥേയര്‍ക്കു നഷ്ടമായി. ഡൈബി സെബാസ്റ്റന്‍, അഖിന, സയന. പി.ഒ, ഷഹര്‍ബാന സിദ്ദീഖ് എന്നിവരടങ്ങിയ ടീം 49.02 സെക്കന്റില്‍ വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞു. രണ്ടും മൂന്നും ലാപ്പുകളിലോടിയ താരങ്ങള്‍ തമ്മില്‍ ബാറ്റണ്‍ കൈമാറുന്നതില്‍ വന്ന കാലതാമസം ആതിഥേയര്‍ക്കു തിരിച്ചടിയായി. അവസാന ലാപ്പിലോടിയ ഷഹര്‍ബാന സര്‍വശക്തിയും പുറത്തെടുത്ത് കുതിച്ചുപാഞ്ഞെങ്കിലും മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ. 48.13 മീറ്ററില്‍ ഫിനിഷ് ലൈന്‍ കടന്ന തമിഴ്നാട് സ്വര്‍ണവും 48.36 സെക്കന്‍ഡില്‍ ഒാടിയെത്തിയ കര്‍ണാടക വെള്ളിയും നേടി.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍51.41 സെക്കന്‍ഡില്‍ ഓടിയെത്തി കേരളം വെള്ളി നേടി. അഞ്ജന. എം.എസ്, അമൃതമേരി, ആന്‍ റോസ് മേരി, ഗൗരി നന്ദന എന്നിവരാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്. 51.36 സെക്കന്‍ഡില്‍ മഹാരാഷ്ട്ര സ്വര്‍ണവും 52.70 സെക്കന്‍ഡില്‍ തമിഴ്നാട് വെങ്കലവും നേടി. ആണ്‍കുട്ടികളില്‍ 44.79 സെക്കന്‍ഡില്‍ ദല്‍ഹി സ്വര്‍ണവും 46.46 സെക്കന്‍ഡില്‍ മഹാരാഷ്ട്ര വെള്ളിയും, 46.53 സെക്കന്‍ഡില്‍ തമിഴ്നാട് വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: