കേരളയാത്ര വേദിയില്‍ ആര്യാടന്‍; ലീഗ് അണികളില്‍ പ്രതിഷേധം ശക്തം

Monday 1 February 2016 10:42 pm IST

മലപ്പുറം: മുസ്ലിം ലീഗിനെ ശത്രുവായി പ്രഖ്യാപിച്ച് നിരന്തരം വേട്ടയാടികൊണ്ടിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗ് വേദിയിലെത്തി. പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് മലപ്പുറം എടക്കരയില്‍ നല്‍കിയ സ്വീകരണത്തിലാണ് ആര്യാടന്‍ പങ്കെടുത്തത്. ആര്യാടന്‍ വേദിയിലെത്തിയത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലീഗിനെ കാലങ്ങളായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ആര്യാടനെ അടുപ്പിക്കാന്‍ പാടില്ലെന്നാണ് ബഹുഭൂരിപക്ഷം ലീഗ് അണികളുടെയും അഭിപ്രായം. കേരളയാത്രയുടെ സ്വീകരണയോഗത്തിലേക്ക് ആര്യാടനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. എന്നാല്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് ആര്യാടന്‍ കഴിഞ്ഞ ദിവസം ലീഗ് നേതാക്കളെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലീഗ് നേതൃത്വം സമ്മതം മൂളുകയായിരുന്നു. എന്നാല്‍ കൗശലക്കാരനായ രാഷ്ട്രീയ നേതാവിന്റെ നീക്കമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. സോളാര്‍ കേസില്‍ അടുത്തിടെ ഉണ്ടായ ആരോപണത്തെ നേരിടാനും നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ പിന്തുണ നേടാനുമുള്ള ശ്രമമാണ് ആര്യാടന്‍ നടത്തുന്നതെന്നാണ് പറയപ്പെടുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് മകനെ മത്സരിപ്പിക്കാനാണ് ആര്യാടന്റെ നീക്കം. ലീഗിന്റെ പിന്തുണയില്ലെങ്കില്‍ വിജയം അസാധ്യമാകുമെന്ന് ആര്യാടന് അറിയാം. മകന്റെ വിജയം ഉറപ്പിക്കാനുള്ള തന്ത്രമാണിതിന്റെ പിന്നിലെന്നും സൂചനയുണ്ട്. ലീഗ് നേതൃത്വം ആര്യാടന്റെ വരവിനെ സ്വാഗതം ചെയ്‌തെങ്കിലും അണികള്‍ അസംതൃപ്തരാണ്. മലപ്പുറത്തെ യുഡിഎഫില്‍ കോണ്‍ഗ്രസിന് അര്‍ഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്നായിരുന്നു ആര്യാടന്റെ പ്രധാന ആരോപണം. ലീഗ് നേതാക്കള്‍ക്കെതിരെ എന്നും പരസ്യയുദ്ധം പ്രഖ്യാപിച്ചായിരുന്നു ആര്യാടന്റെ പ്രവര്‍ത്തനങ്ങള്‍. അഞ്ചാം മന്ത്രി വിവാദത്തില്‍ ലീഗിനെതിരെ ശക്തമായി രംഗത്ത് വന്നതും ആര്യാടനായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എട്ടുകാലി മമ്മൂഞ്ഞാണെന്ന് വരെ ആര്യാടന്‍ പറഞ്ഞിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയും ആര്യാടന്‍ കരുക്കള്‍ നീക്കിയിരുന്നു. ലീഗിനെതിരെയുള്ള ആര്യാടന്റെ നിരന്തര എതിര്‍പ്രസ്താവനകള്‍ക്കെതിരെ ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ രംഗത്ത് വന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.