റബ്ബര്‍: ഇറക്കുമതി നിരോധനം നീട്ടും സംസ്ഥാനത്തിന് 500 കോടി അനുവദിച്ചേക്കും

Monday 1 February 2016 11:22 pm IST

ന്യൂദല്‍ഹി: നികുതിയില്ലാതെയുള്ള റബ്ബര്‍ ഇറക്കുമതി നിരോധനം ഒരു വര്‍ഷംകൂടി നീട്ടാനും നിയന്ത്രിത ഇറക്കുമതി അപ്രധാന തുറമുഖങ്ങളിലൂടെയാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വാണിജ്യ വകുപ്പുമന്ത്രി നിര്‍മ്മലാ സീതാരാമനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ കൂടിക്കാഴ്ച നടത്തവേ ഈ തീരുമാനങ്ങള്‍ മന്ത്രി അറിയിച്ചതായി ജോസ്.കെ. മാണി എംപി പറഞ്ഞു. സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസകരമാണ് കേന്ദ്ര തീരുമാനം. ഇതിനുപുറമേ, റബ്ബര്‍ വിലത്തകര്‍ച്ചയ്ക്ക് പരിഹാരമായി സംസ്ഥാനത്തിന് 500 കോടി രൂപ അനുവദിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഉടന്‍ കൈമാറുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഉറപ്പു നല്‍കിയെന്ന് ജോസ് കെ.മാണി പറഞ്ഞു. സംസ്ഥാനത്തിന്റെ റബ്ബര്‍ ഇന്‍സെന്റീവ് പദ്ധതിക്ക് ഈ കേന്ദ്ര സഹായം ലഭിച്ചാല്‍ ഒരു കിലോ റബ്ബറിന് കര്‍ഷകര്‍ക്ക് 200 രൂപ ഉറപ്പാക്കാനാകും. റബര്‍ ബോര്‍ഡ് അടിയന്തരമായി പുനസ്സംഘടിപ്പിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.