കുടിവെള്ളമില്ലാതെ കൂരിരുട്ടില്‍ തലസ്ഥാന നഗരം നഗരസഭയില്‍ ഭരണ സ്തംഭനം

Monday 1 February 2016 11:39 pm IST

തിരുവനന്തപുരം: നഗരസഭയില്‍ ഉദ്യോഗസ്ഥ ഭരണമെന്ന് വ്യാപക ആരോപണം. മേയറെ ഭരണനിര്‍വ്വഹണ കാര്യങ്ങളില്‍ ഇടപെടിക്കാതെ സിഐടിയു യൂണിയന്‍ നേതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്നതായി കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ജനക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ മേയര്‍ക്കും സംഘത്തിനു കഴിഞ്ഞിട്ടില്ല. കൗണ്‍സില്‍ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ക്ക് മുമ്പേ തെരുവ് വിളക്കുകള്‍ കത്താതെ നഗരം കൂരിരുട്ടിലാണ്. പുതിയ നഗരസഭ ഭരണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും അതേ അവസ്ഥയാണ്. കേടായ തെരുവ് വിളക്കുകള്‍ ഇതുവരെയും മാറ്റി സ്ഥാപിച്ചിട്ടില്ല. പ്രധാന ജംഗ്ഷനുകള്‍പോലും കൂരിരുട്ടിലാണ്. വെയില്‍ കനത്തതോടെ നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കുടിവെള്ളം എത്തിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കൗണ്‍സിലര്‍മാരുടെ കൈയില്‍നിന്നു പണം ചെലവഴിച്ചാണ് ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്നത്. ആറ്റുകാല്‍ ഉത്സവത്തിന് മുന്നോടിയായി ചെയ്തു തീര്‍ക്കേണ്ട മരാമത്ത് പണികള്‍ക്കുള്ള നടപടിക്രമങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ പൊങ്കാല ഉത്സവത്തിന് നടത്തിയ പണികള്‍ക്കുള്ള തുകകള്‍പോലും ഇതുവരെയും നല്‍കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. മഴയ്ക്ക് മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ മേയര്‍ തയ്യാറാകുന്നില്ല. നഗരസഭാ ഓഫീസ് പ്രവര്‍ത്തനത്തില്‍ നിന്നു സാധാരണക്കാരെ അകറ്റി നിര്‍ത്തുന്നു. വിവിധ ക്ഷേമപെന്‍ഷനുകള്‍ക്കായി ദിവസങ്ങളോളം നഗരസഭ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതായി വരുന്നതിനാല്‍ വൃദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഉപഭോക്താക്കളോടുള്ള ജീവനക്കാരുടെ സമീപനം വളരെ പരുക്ഷമുള്ളതാണെന്നും ആരോപണമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന കൗണ്‍സിലര്‍മാരോടു പോലും ജീവനക്കാര്‍ തട്ടിക്കയറുന്നു. കൗണ്‍സിലര്‍മാര്‍ ശുപാര്‍ശകത്തുകള്‍ കൊടുത്തയച്ചാല്‍ നീരസം പ്രകടിപ്പിക്കുന്ന ജീവനക്കാര്‍ പാര്‍ട്ടിനേതാക്കളുടെയും, സിപിഎം എംഎല്‍എ മാരുടെയും കത്തുകള്‍ കൊണ്ടുവന്നാല്‍ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു. മേയറെക്കാളും പാര്‍ട്ടി യൂണിയന്‍ നേതാക്കള്‍ നഗരസഭ ഭരണം കൈയ്യിലെടുത്തിരിക്കുകയാണ്. ഇതിനെതിരെ നഗരവാസികളെ സംഘടിപ്പിച്ചുകൊണ്ട് ശക്താമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബിജെപി ജില്ലാ നേതൃത്വം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.