മുംബൈ: ബോളിവുഡ് താരം അനുപം ഖേറിന് പാകിസ്ഥാൻ വിസ നിഷേധിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്ന കറാച്ചി സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അനുപം ഖേർ വിസയ്ക്ക് അപേക്ഷ നൽകിയിരുന്നത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ് വിസ അപേക്ഷ നിരസിച്ചത്. ട്വിറ്ററിലൂടെയാണ് അനുപം ഖേർ ഇക്കാര്യം അറിയിച്ചത്.
അപേക്ഷിച്ച 18 പേരിൽ പതിനേഴ് പേർക്കും വിസ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ അപേക്ഷ മാത്രം നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കറാച്ചി സാഹിത്യോത്സവത്തിന്റെ സംഘാടകരാണ് അതിഥിയായി അനുപം ഖേറിനെ ക്ഷണിച്ചിരുന്നത്. അതേസമയം അനുപം ഖേർ വിസയ്ക്കുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അപേക്ഷ നൽകിയില്ലെന്നും മറ്റുമാണ് പാക് ഹൈക്കമ്മീഷന്റെ പ്രതികരണം.
പാകിസ്ഥാനിലെ പ്രശസ്തമായ സാഹിത്യോത്സവമാണ് കറാച്ചിയിലേത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ കറാച്ചിയിലെ ബീച്ച് ലക്ഷ്വറി ഹോട്ടലിലാണ് ഇക്കുറി സാഹിത്യോത്സവം നടക്കുന്നത്. അനുപം ഖേർ ഭാരതത്തില്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പശ്ചാത്തലത്തിലാണ് വിസ നിഷേധിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
കഴിഞ്ഞ മെയിലും അനുപം ഖേറിന് പാകിസ്ഥാൻ വിസ നിഷേധിച്ചിരുന്നു. ലാഹോറിൽ ഒരു എൻജിഒ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അന്ന് അനുപം ഖേറിനെ ക്ഷണിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: