ഇവര്‍ വിവാഹിതരാകുമ്പോള്‍

Friday 12 May 2017 12:40 pm IST

കാലം കരുതിവച്ച കണ്ടുമുട്ടല്‍, കൂടിച്ചേരല്‍. നര്‍ത്തകരും അഭിനേതാക്കളുമായ ജോണ്‍ ജേക്കബിന്റെയും ധന്യാമേരി വര്‍ഗീസിന്റെയും സംഗമം ഒഴിവാക്കാനാവാത്തതായിരുന്നു. കലയുടെ അരങ്ങില്‍ തിളങ്ങിയ ഇരുവരും ഇനിമുതല്‍ ജീവിതത്തിന്റെ അരങ്ങില്‍ ഒരുമിക്കുകയാണ്‌. സമാന സാഹചര്യങ്ങളിലൂടെ കലാരംഗത്തെത്തിയ ഇരുവര്‍ക്കും വിവാഹവേളയില്‍ പറയാന്‍ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സസ്പെന്‍സിന്റെയും മുഹൂര്‍ത്തങ്ങളുണ്ട്‌.
തിരുവനന്തപുരം മുട്ടട കണ്ണിമറ്റത്ത്‌ പി.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായിരുന്ന ജേക്കബ്‌ സാംസണിന്റെയും ലളിതാ ജേക്കബിന്റെയും മൂത്തമകനായ ജോണ്‍ജേക്കബിന്‌ നൃത്തം തലയ്ക്ക്‌ പിടിക്കുന്നത്‌ എട്ടാം ക്ലാസിലാണ്‌. പട്ടം സെന്റ്‌ മേരീസ്‌ സ്കൂള്‍ വേദിയില്‍ ആടിത്തിമിര്‍ത്ത ആ ചുവടുകള്‍ പിന്നീടൊരിക്കലും പിന്നോട്ടുപോയിട്ടില്ല. വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ ജോണ്‍ ഡാന്‍സുമായി നടന്നു. കൂട്ടുകാരുമൊത്ത്‌ റോയല്‍ ഗെയ്സ്‌ എന്ന അടിപൊളി ഡാന്‍സ്‌ ട്രൂപ്പുണ്ടാക്കി. മാര്‍ ഇവാനിയോസ്‌ കോളേജിലെത്തിയപ്പോഴും ജോണിന്റെ ഗ്രൂപ്പും ഡാന്‍സും ചിരപരിചിതമായിക്കഴിഞ്ഞിരുന്നു.
2004 - ലെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ജോണിന്റെ നേതൃത്വത്തിലിറങ്ങിയ ടീം മൈമില്‍ ജേതാക്കളായും കഴിവ്‌ തെളിയിച്ചു. ഡിഗ്രി കഴിഞ്ഞ്‌ ഭവന്‍സില്‍ ജേര്‍ണലിസം പഠനം. കുറച്ചുകാലം പോപ്പുലര്‍ വെഹിക്കിള്‍സില്‍ സെയില്‍സ്‌ ഓഫീസര്‍. തുടര്‍ന്ന്‌ എം.ബി.എ. ചെയ്ത ജോണ്‍ മുഴുവന്‍ സമയവും ഡാന്‍സിന്‌ പിറകേ പോകാന്‍ തയ്യാറായില്ല. അച്ഛന്റെ പിന്തുണയോടെ പി.എ. അസീസ്‌ കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ സഹോദരന്‍ സാമുവലുമൊത്ത്‌ സാംസണ്‍ ആന്റ്‌ സണ്‍സ്‌ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക്‌ നേതൃത്വം നല്‍കി. കമ്പനിയുടെ ഉയര്‍ച്ചക്കൊപ്പം ഡാന്‍സിലും ജോണ്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചുകൊണ്ടിരുന്നു. അമൃതയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ഫൈനല്‍ 20 പേരിലെത്തിയായിരുന്നു തുടക്കം.
സൂപ്പര്‍ ഡാന്‍സറിലെ പ്രകടനം, സ്വാമി അയ്യപ്പന്‍, സതി ലീലാവതി തുടങ്ങിയ സീരിയലുകളിലെത്തിച്ചു. സൂര്യ ടിവിയിലെ തില്ലാന തില്ലാന പരിപാടിയില്‍ ഫസ്റ്റ്‌ റണ്ണര്‍ അപ്പായ ജോണ്‍ അമൃത ടിവിയിലെ ലെറ്റ്സ്‌ ഡാന്‍സ്‌ പരിപാടിയിലും റണ്ണര്‍ അപ്പായി. ഇതിനിടെ സിനിമയിലും അവസരം ലഭിച്ചു. റോബിന്‍ തിരുമലയുടെ ചെമ്പടയില്‍ തുടക്കം. അമൃതയിലെ പരിചയം ശ്യാമപ്രസാദിന്റെ ഋതുവില്‍ അവസരമൊരുക്കി. മെട്രോ മനോരമ സംഘടിപ്പിച്ച മിസ്റ്റര്‍ ഹാന്‍ഡ്സം പരിപാടിയിലെ വിജയിയായ വേളയില്‍ ഷാജി കൈലാസിന്റെ ദ്രോണയിലും അവസരം ലഭിച്ചു. ചേകവര്‍, സകുടുംബം ശ്യാമള തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കൈരളി ടിവിയിലെ താരോത്സവം പരിപാടിയില്‍ രണ്ട്‌ സീസണില്‍ വിജയിയായി. ഇതിനിടെയാണ്‌ ടൂര്‍ണമെന്റിലെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തില്‍ ലാല്‍ ജോണിന്‌ അവസരം നല്‍കുന്നത്‌. ചിത്രത്തിലെ ഗാനരംഗത്തിന്‌ കൊറിയോഗ്രാഫി നിര്‍വ്വഹിക്കാനും ജോണിനായി. ഫെബ്രുവരിയില്‍ ഷലീല്‍ കല്ലൂരിന്റെ ഡോള്‍സ്‌ എന്ന ചിത്രത്തിലൂടെ നായകനായി ജോണ്‍ വെള്ളിത്തിരയിലെത്തും.
കൂത്താട്ടുകുളം ഇടയാര്‍ വെട്ടിക്കപറമ്പില്‍ ഹൗസില്‍ വി.പി.വര്‍ഗീസിന്റെയും ഷീബാവര്‍ഗീസിന്റെയും മൂത്ത മകള്‍ ധന്യാമേരിയുടെയും കുട്ടിക്കാലത്തെ ഹരം നൃത്തമായിരുന്നു. മൂന്നരവയസ്സ്‌ മുതല്‍ നൃത്തരംഗത്തെത്തിയ ധന്യ ക്ലാസിക്കല്‍ ഡാന്‍സും പഠിച്ചിട്ടുണ്ട്‌. പിറവം സെന്റ്‌ ജോസഫ്‌ ഹൈസ്കൂളിലും എം.കെ.എം.എച്ച്‌.എസ്‌.എസിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ധന്യ ഡിഗ്രിക്ക്‌ എറണാകുളം സെന്റ്‌ തെരേസസ്‌ കോളേജിലെത്തിയതോടെ മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തിരുടി എന്ന തമിഴ്‌ ചിത്രത്തിലൂടെയായിരുന്നു ധന്യയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. മലയാളത്തില്‍ നന്മ എന്ന ചിത്രവും തമിഴില്‍ വീറവും ഈരവും എന്ന ചിത്രത്തിലും അഭിനയിച്ച ധന്യ ശ്രദ്ധിക്കപ്പെടുന്നത്‌ തലപ്പാവിലൂടെയാണ്‌. വൈരം, നായകന്‍, കോളേജ്‌ ഡേയ്സ്‌, കേരള കഫേ, കരയിലേക്ക്‌ ഒരു കടല്‍ ദൂരം, ഓര്‍മ്മമാത്രം, പ്രണയം തുടങ്ങിയ ചിത്രങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവച്ച ധന്യയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍ ശിവപുരം, എന്നെന്നും ഓര്‍മ്മയ്ക്കായി, പ്ലാറ്റ്ഫോം നമ്പര്‍-1 എന്നിവയാണ്‌.
നാളെ വിവാഹിതരാകുന്ന ജോണും ധന്യയും തങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ചും കൂടിച്ചേരലിനെക്കുറിച്ചും മനസ്സ്‌ തുറക്കുന്നു. ജോണ്‍: 2010 ല്‍ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പ്രോഗ്രാമിലെ നൂറാം എപ്പിസോഡിന്‌ വേണ്ടി നടത്തിയ സ്റ്റേജ്‌ ഷോയാണ്‌ ധന്യയെ പരിചയപ്പെടാന്‍ വേദിയായത്‌. ഡാന്‍സ്‌ പരിപാടിയുടെ റിഹേഴ്സല്‍ ക്യാമ്പില്‍ വച്ചായിരുന്നു സൗഹൃദത്തിന്റെ തുടക്കം. മൂന്നുനാലുമാസം കഴിഞ്ഞ്‌ ഫെഫ്കയുടെ അവാര്‍ഡ്‌ ഷോ നൈറ്റില്‍ വീണ്ടും കണ്ടുമുട്ടി.
ധന്യ: ആദ്യം ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം കളിയാക്കുകയും കാര്യങ്ങള്‍ തുറന്നുസംസാരിക്കുകയും ചെയ്തിരുന്നു. സെപ്തംബറില്‍ നടന്ന മാവേലി എഫ്‌.എം 20.11 എന്ന അമേരിക്കന്‍ യാത്രയാണ്‌ ജോണിന്റെയും എന്റെയും ജീവിതത്തില്‍ വഴിത്തിരിവായത്‌.
ജോണ്‍ : എന്റെ വീട്ടില്‍ കല്യാണം ആലോചിക്കുന്ന വേളയായിരുന്നു. എന്തുകൊണ്ട്‌ ധന്യയായിക്കൂടാ എന്ന്‌ തോന്നി. വീട്ടുകാര്‍ എന്നെ ഒരു കലാകാരനെന്ന നിലയില്‍ അംഗീകരിച്ചിരുന്നു. ധന്യയും നൃത്തത്തെയും സിനിമയെയും ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി. ഒരു അഭിനേത്രിയായിട്ടും ജാടകളൊന്നുമില്ലാത്ത, നിഷ്കളങ്കയായ പെണ്‍കുട്ടി. ഇരുവരുടെയും ഇഷ്ടങ്ങളില്‍ സമാനതകള്‍. അടിച്ചുപൊളിയല്ലാത്ത, മിതമായ ജീവിതശൈലി, എം.എ. സോഷ്യോളജി കഴിഞ്ഞു. മതപരമായും എതിര്‍പ്പുകളുണ്ടാവാന്‍ സാധ്യതയില്ല. ഇതാണ്‌ ധന്യയെ പ്രൊപ്പോസ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചത്‌.
ധന്യ: അമേരിക്കയിലെ യാത്രാപരിപാടിയില്‍ ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായിരുന്നു. ഷോപ്പിംഗിനും മറ്റും ഒരുമിച്ച്‌ പോവുകയും പതിവായിരുന്നു. ജോണിന്റെ കീയറിംഗ്‌ എന്തെങ്കിലും ഉണ്ടോയെന്ന സംശയമുണര്‍ത്തിയിരുന്നു. പക്ഷേ, ഞാന്‍ വേറൊരു രീതിയില്‍ ചിന്തിച്ചിരുന്നില്ല. കാനഡയിലേക്കുള്ള യാത്രാമദ്ധ്യേ ജോണിന്‌ അങ്ങനെ വല്ല താല്‍പര്യവുമുണ്ടോ എന്ന എന്റെ ചോദ്യമാണ്‌ വഴിത്തിരിവായത്‌. ജോണ്‍ ഇഷ്ടം അവതരിപ്പിച്ച രീതി വളരെയേറെ ആകര്‍ഷകമായിരുന്നു.
ജോണ്‍: ധന്യയ്ക്ക്‌ സംശയമുണ്ടാവാതിരിക്കാന്‍ ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ്‌ എത്രയെന്ന്‌ ചോദിച്ചു. 80 എന്ന്‌ ഞാന്‍ തന്നെ പറഞ്ഞു. എനിക്കിപ്പോള്‍ 28 വയസ്സായി ഇനി ബാക്കിയുള്ളത്‌ 52. വര്‍ഷം അപ്പോള്‍ ബാക്കിയുള്ള ദിനങ്ങള്‍ 52 ഃ365 = 18980. അങ്ങനെയെങ്കില്‍ ജീവിതത്തില്‍ ബാക്കിയുള്ള പകലുകള്‍ 9490. ഈ പകലുകളില്‍ എന്നോടൊപ്പം ജീവിക്കുന്നോ എന്നായിരുന്നു ചോദ്യം. കുറച്ചുനേരം ധന്യ ഒന്നും മിണ്ടിയില്ല. പിന്നീടായിരുന്നു മറുപടി. ജോണില്‍ പറയത്തക്ക കുറവുകളൊന്നും കാണുന്നില്ല. പക്ഷേ, എനിക്ക്‌ വീട്ടില്‍ ആലോചിക്കണമെന്നായിരുന്നു മറുപടി.
ജോണിന്റെ അവതരണരീതി ശരിക്കും സര്‍പ്രൈസായിരുന്നു. ജോണ്‍ അന്ന്‌ അങ്ങനെ അത്‌ അവതരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ വിവാഹം ഇപ്പോള്‍ നടക്കില്ലായിരുന്നു. പിന്നീട്‌ ഒരിക്കലും ജോണിനത്‌ പറയാന്‍ പറ്റുമെന്ന്‌ കരുതുന്നില്ല. ജോണ്‍ തന്നെ അത്‌ പറഞ്ഞിട്ടുമുണ്ട്‌. ഭയങ്കര ബഹളം വയ്ക്കുന്ന സ്വഭാവമല്ല ജോണിന്റേത്‌. ബന്ധങ്ങളില്‍ മിതത്വം പാലിക്കുന്നയാള്‍. ഒരിക്കലും ഒരു പരിധിവിട്ടുള്ള പെരുമാറ്റം ഉണ്ടാവില്ല. ജോണുമായി ഇടപഴകുമ്പോള്‍ ഒരു അന്യത്വം ഒരിക്കലും തോന്നിയിരുന്നില്ല. രണ്ടുപേര്‍ക്കും യാത്രകള്‍ ഇഷ്ടമാണ്‌. സിഡ്നിയില്‍ പോയപ്പോഴും രണ്ടുപേരും ഒരുപോലെ അടിച്ചുപൊളിച്ചു. വിനോദങ്ങള്‍ ആസ്വദിക്കുന്നവര്‍. ജോലിയുടെ കാര്യത്തിലും ജീവിത വീക്ഷണത്തിലും പക്വതയാര്‍ന്ന, സമാനമായ കാഴ്ചപ്പാടാണ്‌ ഇരുവര്‍ക്കും. അതുകൊണ്ടുതന്നെ വിഷയം വീട്ടില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു.
ജോണ്‍ : അമേരിക്കന്‍ യാത്രയ്ക്കിടെ അത്യാവശ്യമായി വീട്ടില്‍ വന്നുപോകേണ്ട സാഹചര്യമുണ്ടായിരുന്നു. വീട്ടില്‍ വന്നവേളയില്‍ ധന്യയുടെ കാര്യം അവതരിപ്പിച്ചു. വീട്ടുകാര്‍ക്ക്‌ എതിര്‍പ്പുണ്ടായിരുന്നില്ല. ഈ സമയം ധന്യ ഫോണിലൂടെ വീട്ടില്‍ വിഷയം അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. മടങ്ങിയെത്തിയപ്പോള്‍ ഇരുവര്‍ക്കും കൈമാറാനുണ്ടായിരുന്നത്‌ സന്തോഷവാര്‍ത്തയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന്‌ ഹോട്ടലിലെത്തിയപ്പോള്‍ ധന്യ ഫോണുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഫോണിന്റെ മറുവശത്ത്‌ ധന്യയുടെ അമ്മയായിരുന്നു.
ധന്യ: ജോണിന്‌ വീട്ടില്‍നിന്ന്‌ അനുവാദം കിട്ടുമെന്ന്‌ ഭയങ്കര ഉറപ്പായിരുന്നു. ജോണ്‍ നാട്ടിലെത്തിയശേഷം ജോണിന്റെ അമ്മ എന്നെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കിയിരുന്നു. എന്റെ വീട്ടില്‍ വിഷയം ആദ്യം അമ്മയോടാണ്‌ അവതരിപ്പിച്ചത്‌. അമ്മയ്ക്ക്‌ ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന്‌ ഹോട്ടലിലെത്തിയ ഉടന്‍ ജോണ്‍ എന്റെ അമ്മയോട്‌ കാര്യങ്ങള്‍ സംസാരിച്ചു. പിന്നീട്‌ യാത്രകഴിഞ്ഞ്‌ നാട്ടിലെത്തിയ ഉടന്‍ പെണ്ണുകാണല്‍ ചടങ്ങ്‌ നടന്നു. നവംബര്‍ 14ന്‌ വിവാഹനിശ്ചയവും കഴിഞ്ഞു.
ജോണ്‍ : വളരെ പെട്ടെന്ന്‌ വിവാഹനിശ്ചയം കഴിഞ്ഞു, വിവാഹവുമെത്തി. വിവാഹശേഷം വേണം ഒന്നു പ്രണയിക്കാന്‍. നിശ്ചയംകഴിഞ്ഞ വേളയില്‍ മഴവില്‍ മനോരമയ്ക്കുവേണ്ടി സംവിധായകന്‍ മധുപാലിന്റെ ദൈവത്തിന്‌ സ്വന്തം ദേവൂട്ടി എന്ന സീരിയലില്‍ ഒരുമിച്ച്‌ അഭിനയിക്കാനും അവസരം ലഭിച്ചു. ദൈവത്തിന്‌ സ്വന്തം ദേവൂട്ടിയിലെ ധന്യയുടെ അഭിനയമാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടതും.
ധന്യ: കല്യാണം ഉറപ്പിച്ചശേഷമാണ്‌ ജോണിന്റെ പല ഡാന്‍സ്‌ പരിപാടികളും സിനിമകളും ശ്രദ്ധിച്ചത്‌. അഭിനയരംഗത്ത്‌ ശ്രദ്ധിച്ചാല്‍ നന്നായി ചെയ്യാന്‍ ജോണിനാവും. എന്നാല്‍ ജോണിന്‌ അത്രവലിയ താല്‍പര്യമില്ല. ബിസിനസ്‌ കഴിഞ്ഞ്‌ കിട്ടുന്ന സമയം ലഭിക്കുന്ന അവസരങ്ങള്‍ മതിയെന്നാണ്‌ ജോണിന്റെ പക്ഷം. സിനിമയിലൂടെ കാശുണ്ടാക്കുക എന്ന ആഗ്രഹം ജോണിനില്ല. ഇതേ വീക്ഷണമാണ്‌ എന്റേതും. എന്റെ കാര്യത്തില്‍ നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുത്ത പ്രോജക്ടുകള്‍ പലതും ശരിയായില്ല. ഭാഗ്യം എന്നത്‌ നിര്‍ണ്ണായക ഘടകമാണ്‌. ഞങ്ങള്‍ രണ്ടുപേരും വ്യക്തിപരമായ ജീവിതത്തിന്‌ മുന്‍തൂക്കം കൊടുക്കുന്നവരാണ്‌. അതുകൊണ്ട്‌ തന്നെ വിവാഹശേഷവും രണ്ടുപേര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുകയുള്ളു.
സി. രാജ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.