യാത്രാദുരിതത്തിന് എട്ടാണ്ട്; ചാത്തന്നൂര്‍-പരവൂര്‍ റോഡിന് ശാപമോക്ഷമില്ല

Tuesday 2 February 2016 3:10 pm IST

ചാത്തന്നൂര്‍: യാത്രാദുരിതത്തിന്റെ എട്ടാണ്ട് പിന്നിട്ടിട്ടും പരവൂര്‍-ചാത്തന്നൂര്‍ റോഡിന് ശാപമോക്ഷമില്ല. നവീകരണത്തിന്റെ പേരില്‍ ഇതിനകം കോടികളാണ് കൈമറിഞ്ഞുപോയത്. എട്ടുവര്‍ഷത്തിലധികമായി തകര്‍ന്നുകിടന്ന റോഡിന്റെ നിര്‍മാണം ആരംഭിച്ച് രണ്ടുവര്‍ഷം പിന്നിട്ടു. പൂര്‍ത്തിയായത് പരവൂര്‍ ടൗണ്‍ മുതല്‍ മീനാട് ക്ഷേത്രം വരെ മാത്രം. ചാത്തന്നൂര്‍ തിരുമുക്ക് മുതല്‍ പരവൂര്‍ വരെ ഏഴു കിലോമീറ്റര്‍ പുനര്‍നിര്‍മാണത്തിന് ഏഴ് കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഏഴര മീറ്റര്‍ വീതിയില്‍ ഉയര്‍ന്ന നിലവാരത്തില്‍ പുനര്‍നിര്‍മാണം നടത്താനാണ് പദ്ധതി. റോഡിന്റെ നിര്‍മാണം എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് വിശദമായ രൂപരേഖ മുന്‍കൂട്ടി തയാറാക്കാത്തതിനാല്‍ തുടക്കത്തില്‍ത്തന്നെ പ്രവര്‍ത്തനങ്ങള്‍ തകിടംമറിഞ്ഞു. എസ്റ്റിമേറ്റ് അംഗീകരിച്ച് പണി കരാറായതിനുശേഷമാണ് റോഡിന്റെ ചില ഭാഗങ്ങളില്‍ ഉയരക്കൂടുതല്‍ വേണമെന്നുള്ള കാര്യം പൊതുമരാമത്തുവകുപ്പിന് ബോധ്യമായത്. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന നെടുങ്ങോലം വടക്കേമുക്കില്‍ ഉയരം കൂട്ടാനും പരവൂര്‍ ദയാബ്ജി ജങ്ഷനു സമീപം ചപ്പാത്തുള്ള ഭാഗത്ത് ഉയരം കൂട്ടി ഓട നിര്‍മിക്കാനും പിന്നീടാണ് തീരുമാനിച്ചത്. ഇതിന് ഒരു കോടി രൂപ വകമാറ്റി. ഇത്രയും പണം ചെലവഴിച്ചിട്ടും വെള്ളക്കെട്ടിന് ശമനമുണ്ടായില്ല. വെള്ളം ഒലിച്ചുപോകാന്‍ സംവിധാനമില്ലാത്തതാണ് പ്രശ്‌നകാരണം. മാറിയ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കേണ്ട സാഹചര്യമുണ്ടായി. ഇതിന്റെ പേരില്‍ മാസങ്ങളോളമാണ് നിര്‍മാണം മുടങ്ങിയത്. പിന്നീട് നിലവിലുള്ള തുക ഉപയോഗിച്ച് ചെയ്യാവുന്നത്ര പണി നടത്താന്‍ ധാരണയായി. ഏഴുകിലോമീറ്റര്‍ മൂന്നു ഭാഗങ്ങളാക്കി. പരവൂര്‍ ജങ്ഷന്‍ മുതല്‍ ദയാബ്ജി ജങ്ഷനുസമീപം വരെ ഒരു കിലോമീറ്റര്‍ ഭാഗം ഒരാള്‍ക്കും അവിടം മുതല്‍ മീനാട് ധര്‍മശാസ്താ ക്ഷേത്രം വരെ നാല് കിലോമീറ്റര്‍ ഭാഗം മറ്റൊരാള്‍ക്കും നല്‍കി. ശേഷിക്കുന്ന തിരുമുക്കുവരെയുള്ള ഭാഗത്തിന് പണം തികയാത്തതിനാല്‍ പുതിയ എസ്റ്റിമേറ്റ് വരുന്ന മുറയ്ക്ക് ചെയ്യുന്നതിനായി മാറ്റിവെച്ചു. ഇതില്‍ പരവൂര്‍ ജങ്ഷന്‍ മുതലുള്ള ഒരു കിലോമീറ്റര്‍ ആദ്യം പൂര്‍ത്തീകരിച്ചു. ഒരുവര്‍ഷം കഴിഞ്ഞാണ് മീനാട് ക്ഷേത്രം വരെയുള്ള ഭാഗത്ത് പണി പൂര്‍ത്തിയായത്. ജോലികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് ലഭിക്കാനുള്ള പണം നല്‍കാന്‍ പൊതുമരാമത്തു വകുപ്പ് തയാറാകാത്തതാണ് പണി അനിശ്ചിതമായി നീളാന്‍ കാരണമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, മീനാട് ക്ഷേത്രം മുതല്‍ തിരുമുക്കുവരെയുള്ള ഭാഗത്തെ അവസാനഘട്ട നിര്‍മാണം പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് ആരംഭിച്ച ശേഷവും ഇഴഞ്ഞുനീങ്ങുകയാണ്. പാലമുക്കിനു സമീപം രണ്ടിടത്ത് വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളില്‍ ഇന്റര്‍ലോക്ക് ചെയ്യുന്ന ജോലി പൂര്‍ത്തിയായിട്ടുതന്നെ മാസങ്ങള്‍ കഴിഞ്ഞു. ഇന്റര്‍ലോക്ക് സംവിധാനവും പൊട്ടിപൊളിഞ്ഞു കഴിഞ്ഞു. ശേഷിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണമായും കുണ്ടും കുഴിയുമായി കിടക്കുന്നു. ഇളകിക്കിടക്കുന്ന മെറ്റലുകളില്‍ തട്ടി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.