തപസ്യ കലാസാഹിത്യ വേദി സഹ്യസാനുയാത്ര നാലിന് ജില്ലയില്‍

Tuesday 2 February 2016 7:53 pm IST

കല്‍പ്പറ്റ : എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്‌ക്കാരം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തികൊണ്ട് നമ്മുടെ ഭൂമിയും ഭാഷയും നേരിടുന്ന അപകടകരമായ പ്രതിസന്ധികളെ തിരിച്ചറിയുവാനും അവയെ തരണം ചെയ്യാനുമുള്ള ശക്തി ആര്‍ജ്ജിക്കുന്നതിനുമായി ഫെബ്രുവരി ഒന്നിന് ഗോകര്‍ണ്ണം മൂകാംബിക സന്നിദ്ധിയില്‍ നിന്നാരംഭിച്ച തപസ്യ കലാസാഹിത്യവേദിയുടെ സഹ്യസാനുയാത്ര ഫെബ്രുവരി നാല്, അഞ്ച് തിയതികളില്‍ വയനാട്ടില്‍ പര്യടനം നടത്തും. മഹാകവി എസ്.രമേശന്‍നായര്‍ നയിക്കുന്ന യാത്ര കൊട്ടിയൂര്‍ പെരുമാളിനെ ദര്‍ശിച്ച് ഫെബ്രുവരി നാലിന് രാവിലെ ഒന്‍പത് മണിക്ക് ജില്ലയിലേക്ക് പ്രവേശിക്കും. യാത്രയെ പ്രവേശനകവാടമായ ബോയ്‌സ്ടൗണില്‍ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് പഴശ്ശിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായ പോരാട്ടം നടന്ന തലപ്പുഴയില്‍ ആദ്യസ്വീകരണം. രാവിലെ പത്ത് മണിക്ക് മാനന്തവാടിയില്‍ എത്തിച്ചേരുന്ന യാത്രയെ എരുമത്തെരുവില്‍നിന്ന് ആനയിച്ച് പോസ്റ്റ്ഓഫീസ് ജംഗ്ഷനില്‍ സ്വീകരിക്കും. പഴശ്ശികുടീരത്തില്‍ യാത്രാംഗങ്ങള്‍ പുഷ്പ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് കലാപരിപാടികളും സമ്മേളനവും നടക്കും. 11 മണിക്ക് തലക്കര ചന്തുവിന്റെ സ്മരണകളിരമ്പുന്ന പനമരത്തെ സ്വീകരണത്തിനുശേഷം തലക്കരചന്തു മണ്ഡപത്തിലെത്തി പുഷ്പ്പാര്‍ച്ചന. 12 മണിക്ക് ചരിത്രമുറങ്ങുന്ന സീതാദേവിയുടെ മണ്ണായ പുല്‍പ്പള്ളിയിലെ സ്വീകരണം. ഉച്ചക്ക് മൂന്ന് മണിക്ക് ഗണപതിവട്ടത്ത് സ്വീകരണ പരിപാടി ഒരുക്കും. വൈകുന്നേരം നാല് മണിക്ക് അമ്പലവയലില്‍ സമാപനസമ്മേളനം നടക്കും. സമ്മേളനത്തില്‍ വത്സന്‍ തില്ലങ്കേരി, കെ.പി.രാധാകൃഷ്ണന്‍, അനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. ഫെബ്രുവരി അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് മുട്ടില്‍ സ്വാമി വിവിവേകാനന്ദ മെഡിക്കല്‍മിഷന്‍ സന്ദര്‍ശനം. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലെ സ്വീകരണം പത്ത് മണിക്ക് അനന്തവീര തിയേറ്ററിന് സമീപം നടക്കും. 11 മണിക്ക് ചുണ്ടയിലെ സ്വീകരണമേറ്റുവാങ്ങി ചരിത്രസമൃതിയുണര്‍ത്തുന്ന കരിന്തണ്ടന്‍ സ്മാരകം സന്ദര്‍ശിച്ച് കോഴിക്കോട് ജില്ലയിലെ പര്യടനം ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളില്‍ അതാതുപ്രദേശത്തെ കലാ-സാഹിത്യ-സാംസ്‌ക്കാരിക മേഖലകളില്‍ പ്രമുഖരായ വ്യക്തികളെ ആദരിക്കുകയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്യും. തപസ്യ സംസ്ഥാന സംഘടനാസെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, പ്രൊഫസര്‍ ടി.ജി.ഹരിദാസ്, കെ.പി.വേണുഗോപാല്‍, ബാലകൃഷ്ണന്‍ കൊളവയല്‍, കെ.പത്മനാഭന്‍, ഡോക്ടര്‍ എം.ബി.അനില്‍കുമാര്‍, ജില്ലയിലെ സാംസ്‌ക്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ യാത്രയില്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.