വിമോചനയാത്ര അഞ്ചിനും ആറിനും ജില്ലയില്‍

Tuesday 2 February 2016 8:05 pm IST

ആലപ്പുഴ: വികസിത കേരളത്തിനായി എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന സന്ദേശമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര ജില്ലയുടെ രാഷ്ട്രീയ മാറ്റത്തിനു വേഗത കൂട്ടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളജനതയോടും പ്രകൃതിയോടും ഇരുമുന്നണികളും കാട്ടിയ നീതികേടും വിവേചനവും തുറന്നുകാട്ടുന്ന വിമോചനയാത്രയുടെ സ്വീകരണ സമ്മേളനങ്ങള്‍ ബഹുജന പങ്കാളിത്തംകൊണ്ടും വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമാക്കാനുള്ള തയ്യാറെടുപ്പുകള്‍പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. നാലിന് വൈകിട്ട് ആറിന് ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കത്തെത്തുന്ന യാത്രയെ ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. അഞ്ചിന് രാവിലെ അരൂക്കുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന 'ദിശ'യിലെകുട്ടികള്‍ക്കൊപ്പമാണ് പ്രഭാതഭക്ഷണം. തുടര്‍ന്ന് ധീരജവാന്‍ ജോമോന്റെ വീട് സന്ദര്‍ശിക്കും. രാവിലെ 10ന് എരമല്ലൂര്‍ ജംഗ്ഷനിലാണ് അരൂര്‍ നിയോജകമണ്ഡലത്തിലെ പരിപാടി. 11ന് ചേര്‍ത്തല ദേവീക്ഷേത്രത്തിനു സമീപം സ്വീകരണസമ്മേളനം നടക്കും. ഉച്ചയ്ക്ക് 12ന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് സ്വീകരണം. തുടര്‍ന്ന് കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കുട്ടനാട് വികസന സമിതി ചെയര്‍മാന്‍ ഫാ. തോമസ് പീലിയാനിക്കലുമായി കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തും. സാമൂഹിക വ്യാവസായിക രംഗങ്ങളിലെ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്നിന് അമ്പലപ്പുഴ കച്ചേരി ജങ്ഷനില്‍ സ്വീകരണ സമ്മേളനം. തുടര്‍ന്ന് ആര്‍എസ്പി നേതാവ് ശ്രീകണ്ഠന്‍ നായരുടെ ഭാര്യ മഹേശ്വരിയമ്മയെ അദ്ദേഹം സന്ദര്‍ശിക്കും. തകഴി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തി പുഷ്പാര്‍ച്ചന നടത്തും. നാലിന് കുട്ടനാട് തലവടിയില്‍ സ്വീകരണ സമ്മേളനം, അഞ്ചിന് ഹരിപ്പാട് മാധവ ജങ്ഷനിലാണ് സ്വീകരണം. കായംകുളത്ത് ആറിന് പാര്‍ക്ക് മൈതാനിയില്‍ സ്വീകരണ സമ്മേളനം നടക്കും. പി.കെ. കുഞ്ഞിസാഹിബിന്റെ കബറിടം സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. തുടര്‍ന്ന് മാവേലിക്കരയില്‍ ബുദ്ധവിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഏഴിന് ബുദ്ധ ജങ്ഷനില്‍ സ്വീകരണ സമ്മേളനം. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആറിന് രാവിലെ സ്വാതന്ത്ര്യസമര സേനാനി കെ.കെ. കുഞ്ഞുസാഹിബിനെ സന്ദര്‍ശിക്കുകയും ചെട്ടികുളങ്ങരയിലെ ടി.കെ. മാധവന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യും. തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരത്തില്‍ സ്വീകരണ സമ്മേളനം. എല്ലാ സമ്മേളനവേദികളിലും പ്രതിഭകളെയും ബലിദാനി കുടുംബങ്ങളെയും ആദരിക്കും. പുറക്കാട് കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിക്കും. യാത്രയുടെ സന്ദേശത്തിന് അനുസൃതമായുള്ള വിവിധ പരിപാടികളും സന്ദര്‍ശനങ്ങളുമാണ് ജില്ലയില്‍ നടക്കുകയെന്നും കെ. സോമന്‍ പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.