ഓര്‍ക്കിഡിനെ വയനാട്ടിലെ വാണിജ്യവിളയാക്കിമാറ്റും : ഡോ. പി.രാജേന്ദ്രന്‍

Tuesday 2 February 2016 8:56 pm IST

അമ്പലവയല്‍ : ഭാരതത്തില്‍ പലഭാഗങ്ങളിലും സുലഭമായ ഓര്‍ക്കിഡിനെ 2020ഓടെ വയനാട്ടിലെ വാണിജ്യവിളയാക്കിമാറ്റുമെന്ന് അമ്പലവയല്‍ ആര്‍എആര്‍എസ് മേധാവി ഡോക്ടര്‍ പി.രാജേന്ദ്രന്‍. 5000 ല്‍ അധികം ഡാലിയച്ചെടികളും നാലായിരത്തിലധികം കള്ളിമുള്‍ച്ചെടികളും ആയിരത്തിലധികം ഓര്‍ക്കിഡുകളിലുമായി പൂപ്പൊലിയെ വയനാട് ജില്ല ഉത്സവമാക്കിമാറ്റിയ ആര്‍എആര്‍എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോക്ടര്‍ പി.രാജേന്ദ്രന്‍ ജന്മഭൂമിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് ഓര്‍ക്കിഡ് കൃഷിക്ക് പറ്റിയ ജില്ലയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍എആര്‍എസില്‍ ഓര്‍ക്കിഡ് കൃഷി ചെയ്തുവരുന്നു. പൂപ്പൊലി 2016ന്റെ ഭാഗമായി സിക്കിം നാഷണല്‍ റിസര്‍ച്ച് സെന്ററില്‍നിന്ന് 85 ഇനങ്ങളിലായി 640 ചെടികള്‍ അമ്പലവയലില്‍ എത്തിച്ചിട്ടുണ്ട്. സബ്‌സെന്ററായ ഡാര്‍ജലിംഗ് കിലംങ്‌പോങ്ങില്‍നിന്നും നിരവധി ഓര്‍ക്കിഡുകള്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. വയനാടിന്റെ കാലാവസ്ഥക്ക് ഏറ്റവും യോജിച്ചവ കണ്ടെത്തി അവയെ ബ്രീഡ് ചെയ്ത് പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കും. വയനാട് വഴി ഓര്‍ക്കിഡിന് വന്‍ വിപണിയും കണ്ടെത്താനാകും. മണ്ണിന്റെ ആവശ്യമില്ലാതെതന്നെ ഓര്‍ക്കിഡ് കൃഷി ചെയ്യാമെന്നതാണ് പ്രധാന പ്രത്യേകത. കാപ്പിതോട്ടങ്ങളിലും ഏലതോട്ടങ്ങളിലും കവുങ്ങ്, തെങ്ങ് തോട്ടങ്ങളിലും ഓര്‍ക്കിഡ് കൃഷി ചെയ്യാം. തോട്ടങ്ങളില്‍ കമ്പി വലിച്ചുകെട്ടിയും ഇത് ചെയ്യാം. ഓര്‍ക്കിഡേസിയ ഫാമിലിയിലെ വിവിധതരം ഓര്‍ക്കിഡുകളായ ബ്ലൂവാന്റ, ഡെന്‍ഡ്രോബിയം, കാറ്റേലിയ തുടങ്ങിയ ഇനങ്ങള്‍ വര്‍ണ്ണാഭങ്ങളാണ്. പരിസ്ഥിതി ടൂറിസം നിലവിലുള്ള വനഭാഗങ്ങളും ഓര്‍ക്കിഡ് കൃഷിക്ക് അനുയോജ്യമാണ്. ഇതിന് പ്രധാനമായി വേണ്ടത് ചകിരിയാണ്. അന്തരീക്ഷത്തില്‍നിന്നും ഓര്‍ക്കിഡ് വെള്ളവും വളവും വലിച്ചെടുക്കും. 2020 ഓടെ നൂറിലധികം വാണിജ്യ ഓര്‍ക്കിഡുകള്‍ വയനാട്ടില്‍ ഉത്പ്പാദിപ്പിക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 ദിവസമായി അമ്പലവയലില്‍ നടക്കുന്ന പുഷ്‌പ്പോത്സവമായ പൂപ്പൊലിയില്‍ പന്ത്രണ്ടര ലക്ഷംപേര്‍ സന്ദര്‍ശനം നടത്തി. ജനുവരി 31ന് എന്‍ട്രന്‍സ് ഫീ ഇനത്തില്‍ മാത്രം പതിനാലര ലക്ഷം ലഭിച്ചു. 350 സ്റ്റാളുകളിലായി 2333851 രൂപയും ഓപ്പണ്‍ സ്‌പേസ് ഇനത്തില്‍ 190000 രൂപയും വാഹന ഇനത്തില്‍ 105000 രൂപയും അമ്യൂസ്‌മെന്റ് പാര്‍ക്കിനത്തില്‍ 11 ലക്ഷം രൂപയും ഫുഡ്‌കോര്‍ട്ട് ഇനത്തില്‍ 899313 രൂപയും ഐസ്‌ക്രീമിനത്തില്‍ 718749 രൂപയും ഫോട്ടോ ഇനത്തില്‍ 15000 രൂപയും നഴ്‌സറി ഇനത്തില്‍ 75000 രൂപയും പൂപ്പൊലിയിലേക്ക് വരുമാനമായി എത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍ പി.രാജേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.