മലയാലപ്പുഴ: മലയാലപ്പുഴ ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ നല്ലൂര് തോമ്പില്‍ കൊട്ടാരം സംരക്ഷണ സമിതിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി ഇലക്കുളം ജെഎംപിഎച്ച്എസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബെഞ്ചുകളും ഡസ്കുകളും നല്കി. സ്കൂളില്‍ നടന്ന വാര്‍ഷിക ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീകല പി.അനില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ഇവ കൈമാറി. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ജി.അനിത ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാല്‍, എസ്.ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജാത അനില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് കെ.പി.ഹരിദാസ് , വാര്‍ഡ് മെമ്പര്‍മാരായ മുരളീധരക്കുറുപ്പ്, മനോജ് , ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രഘുനാഥന്‍നായര്‍, സെക്രട്ടറി അനില്‍കുമാര്‍, തോമ്പില്‍ കൊട്ടാരം സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ ശാന്തിയില്‍, അനില്‍കുമാര്‍ വട്ടത്തറ, ഡോ.ഗോവിന്ദ് കമ്മത്ത്, ഉണ്ണിനല്ലൂര്, മാതൃസമിതിയംഗങ്ങളായ ഗിരിജ, ലത തുടങ്ങിയവര്‍ സംബന്ധിച്ചു. തോമ്പില്‍ കൊട്ടാരം സംരക്ഷണ സമിതി ഇപ്പോള്‍ നടത്തിവരുന്ന സാമൂഹ്യ സേവന പദ്ധതികളായ ഗോദാനം, ഭവനദാനം, രക്തദാനം, നിര്‍ധനരായ അമ്മമാര്‍ക്ക് പ്രതിമാസം പെന്ഷന്, മംഗല്യസഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, ഗ്രന്ഥശാല, നിലത്തെഴുത്ത് പള്ളിക്കൂടം എന്നിവ കൂടാതെ ഭൂദാനം, പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് സേവനം എന്നിവ കൂടി പരിഗണനയില്‍ ഉണ്ടെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കൊട്ടാരം ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: