ആറളം ഫാമില്‍ കാട്ടുമൃഗശല്യം തടയാന്‍ മുള്ളുകമ്പിവേലി ഒരുങ്ങുന്നു

Tuesday 2 February 2016 9:52 pm IST

ആറളം: ആറളം ഫാം പുനരധിവാസ മേഖലയില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണം തടയാന്‍ മുള്ളുകമ്പി വേലി നിര്‍മിക്കുന്നു. 8 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയ്ക്കാണ് നിര്‍മാണച്ചുമതല. പുനരധിവാസ മേഖലയിലെ നിരവധി കുടുംബങ്ങള്‍ കാട്ടുമൃഗങ്ങളുടെ ശല്യംമൂലം ഫാമില്‍ താമസിക്കാനും കൃഷി ചെയ്യാനും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് 50 വീടുകളോടുചേര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ മുള്ളുകമ്പി വേലി സ്ഥാപിച്ചത്. ഇത് വിജയകരമായതോടെയാണ് പുനരധിവാസ മേഖലയിലെ എല്ലാ വീടുകളോടുചേര്‍ന്നും വേലി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒരു വീടിനു ചുറ്റും മുള്ളുകമ്പി ഇടുന്നതിന് ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് ഫാമിലെ എണ്ണൂറോളം കുടുംബങ്ങള്‍ക്കായി 8 കോടി രുപ വിനിയോഗിക്കുന്നത്. പുനരധിവാസ മേഖലയുടെ സമഗ്ര വികസനത്തിനായി പുതിയ പാലങ്ങളുടെയും റോഡുകളുടെയും സാംസ്‌കാരിക നിലയങ്ങളുടെയും നിര്‍മ്മാണത്തിനും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.