സ്വയംപ്രഭയുടെ ഗുഹയില്‍

Tuesday 2 February 2016 10:12 pm IST

  ദക്ഷിണദിക്കിലേക്കുപോയ വാനരപ്പട നാനാദേശങ്ങളും നഗരങ്ങളും കാനനങ്ങളും അരിച്ചുപെറുക്കി തിരഞ്ഞു. വിന്ധ്യാടവിയില്‍ കൊടുംകാട്ടിനുള്ളില്‍കൂടിപോകുമ്പോള്‍ പര്‍വതാകാരനായ ഒരു ഭീകരരാക്ഷസനെ കണ്ടു. പര്‍വതത്തിലെ വന്‍മൃഗങ്ങളെയും ആനകളേയുമൊക്കെ അവന്‍ പിടിച്ചുതിന്നുകയായിരുന്നു. കുറെ വാനരന്മാര്‍ ഇതാ രാവണന്‍ എന്നുപറഞ്ഞ് അവനെ ക്ഷണനേരംകൊണ്ട് അടിച്ചും ഇടിച്ചും കൊന്നു. പിന്നീടാണ് ഇവന് പത്തുതലയില്ല അതുകൊണ്ട് രാവണനല്ല എന്നു തീരുമാനിച്ചത്. അവന്‍ കാനനങ്ങളിലും നാട്ടിലും മേട്ടിലുമൊന്നും സീതയെകണ്ടു കിട്ടാതെ ഒരുമാസം കടന്നുപോയി. ഒരു ഭയങ്കരവനത്തില്‍ ചുറ്റിക്കറങ്ങി. ഒരിടത്തുവച്ച് വല്ലാത്ത ദാഹവും വിശപ്പുമുണ്ടായി. വെള്ളം തേടി നടക്കുമ്പോള്‍ പുല്ലുകളും കുറ്റിച്ചെടികളും കൊണ്ടുമൂടിയ ഒരു വലിയ ഗുഹ കണ്ടു. അതിനുള്ളില്‍ നിന്ന് നനഞ്ഞ ചിറകുള്ള ക്രൗഞ്ചങ്ങളും ഹംസങ്ങളും പുറത്തേക്കു വരുന്നതും കണ്ടു. ഇതില്‍ ജലം കാണും എന്നു പറഞ്ഞ് ആദ്യം ഹനുമാന്‍ ഗുഹയിലേക്കിറങ്ങി. ഏറെ ദൂരത്തോളം എല്ലാവരും ഇരുട്ടില്‍ തപ്പിനടന്നു. അതുകഴിഞ്ഞപ്പോള്‍ നല്ല വെളിച്ചമുള്ള ഒരു സ്ഥലത്തെത്തി. അവിടെ ധാരാളം ജലമുള്ള സരോവരങ്ങളും നിറയെ പഴുത്ത ഫലങ്ങളുള്ള വൃക്ഷങ്ങളും കണ്ടു. വെള്ളിയും സ്വര്‍ണവും കൊണ്ടു നിര്‍മ്മിച്ച ദിവ്യങ്ങളായ രണ്ടുനില മാളികകള്‍ അവിടെയുണ്ടായിരുന്നു. തികച്ചും വിജനമായ ആ സ്ഥലത്ത് ഒരു മാളികയില്‍ മണിമയമായ അലങ്കാരങ്ങളുള്ള രത്‌നസിംഹാസനത്തില്‍ ഒരു സുന്ദരിയായ യുവതി ഇരിക്കുന്നു. അവള്‍ വല്‍ക്കലം ധരിച്ച് യോഗിനിയെപ്പോലിരിക്കുന്നു. നിങ്ങളാരാണെന്ന് അവളുടെ ചോദ്യത്തിന് ഹനുമാന്‍ ദശരഥന്റെ വനയാത്ര മുതല്‍ വാനരന്മാരുടെ സീതാന്വേഷണം വരെ കഥ ചുരുക്കി വിവരിച്ചു. അതുകേട്ട് സന്തോഷത്തോടെ ആ യുവതി പറഞ്ഞു. ''നിങ്ങള്‍ ആദ്യം ഇവിടെനിന്ന് മതിയാവോളം മധുരഫലങ്ങള്‍ പറിച്ചു ഭക്ഷിക്കുക. ദാഹമകറ്റാന്‍ തേന്‍പോലുള്ള ജലവും പാനം ചെയ്തു. പിന്നീട് ഞാനാരാണെന്നു പറയാം.'' ആര്‍ത്തിയോടെ വാനരന്മാര്‍ മതിയാവോളം ഭക്ഷിച്ചു. വെള്ളവും കുടിച്ചു തൃപ്തിരായി. അപ്പോള്‍ അവള്‍ തന്റെ കഥ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.