യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ അറസ്റ്റില്‍

Tuesday 2 February 2016 11:43 pm IST

തിരുവനന്തപുരം: ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ ആറംഗസംഘം തടഞ്ഞുനിര്‍ത്തി മൃഗീയമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. കേസിലെ പ്രധാന പ്രതികളായ വക്കം ഉടക്കുവിളാകത്തു വീട്ടില്‍ സന്തോഷ്, സതീഷ്, ഇവരുടെ സുഹൃത്തുക്കളായ അണയില്‍ ഈച്ചംവിളാകത്ത് കിരണ്‍, വക്കം സ്വദേശി വിനായക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്. ഇവരെല്ലാം തന്നെ നേരത്തെയും വിവിധ കേസുകളില്‍ പ്രതികളാണ്. അടിപിടി, ആക്രമണം തുടങ്ങിയ കേസുകളാണ് പ്രതികള്‍ക്കെതിരെ നേരത്തെ നിലവിലുള്ളതെന്നും റൂറല്‍ എസ്പി പറഞ്ഞു. മാത്രമല്ല സംഭവം നടക്കുന്ന സമയം പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നു പിടിയിലായ വിനായക് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് നാലരയോടെ വക്കം തൊപ്പിക്കവിളാകം റെയ്ല്‍വെ ഗേറ്റിനു സമീപമായിരുന്നു ദാരുണമായ കൊലപാതകം നടന്നത്. ഷെബീറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മനാഭ മന്ദിരത്തില്‍ ഉണ്ണികൃഷ്ണന്‍ എന്നു വിളിക്കുന്ന ബാലുവിനും ഗുരുതര പരുക്കേറ്റിരുന്നു. എന്നാല്‍ ഇയാള്‍ തിങ്കളാഴ്ച ഉച്ചയോടെ ചികിത്സകഴിഞ്ഞു വീട്ടിലേക്കു മടങ്ങി. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തയാറായിരുന്നില്ല. ആക്രമണ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയാറായതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. ഡിജിപി ടി.പി. സെന്‍കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നു ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പ്രതികളെ പിടികൂടുന്നതിനായി റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായര്‍ എന്നിവരടങ്ങിയ പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ഇവരടങ്ങിയ സംഘമാണ് വിനായക് എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം മുമ്പ് വക്കത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയുടെ വാലില്‍ പിടിച്ചതിനെ തുടര്‍ന്ന് ആന വിരണ്ട സംഭവത്തില്‍ ഷബീറും ഉണ്ണികൃഷ്ണനും മറ്റു ചിലരും ചേര്‍ന്നു പ്രതികള്‍ക്കെതിരെ പോലീസില്‍ സാക്ഷിമൊഴി നല്‍കിയിരുന്നു. ഈ സംഭവത്തില്‍ ഷബീറിനെയും ഉണ്ണികൃഷ്ണനെയും അടുത്ത ഉത്സവം കാണിക്കില്ലെന്ന് പ്രതികള്‍ ആക്രോശിച്ചിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പോലീസിനോടു പറഞ്ഞു. ഈ സംഭവത്തിനു ശേഷവും ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് ഷബീര്‍ അക്രമിസംഘത്തിലെ ഒരാളുടെ വീട്ടില്‍ അക്രമസംഭവം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നും പൊലീസ് പറയുന്നു. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഷബീറിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംഭവത്തെ തുടര്‍ന്നു വക്കം പഞ്ചായത്തില്‍ ഇന്നലെ സിപിഎം ഹര്‍ത്താല്‍ ആചരിച്ചു. കടകളെല്ലാം പൂര്‍ണമായും അടഞ്ഞുകിടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.