വെള്ളമില്ല; കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുന്നു

Wednesday 3 February 2016 10:51 am IST

പത്തനാപുരം: കാര്‍ഷികവിളകള്‍ ഉണങ്ങിക്കരിയുന്നു. ഇനിയും കനാലുകള്‍ വഴിയുള്ള ജലവിതരണം ആരംഭിച്ചിട്ടില്ല. കിഴക്കന്‍ മേഖലയിലെ കൃഷിയിടങ്ങളില്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങുമ്പോഴും കെഐപി കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും കാറ്റും പകുതിയിലധികം കാര്‍ഷികവിളകള്‍ നശിച്ച കര്‍ഷകരുടെ ജീവിതം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഫെബ്രുവരി പകുതിയോടെ ശക്തി പ്രാപിച്ചിരുന്ന വേനല്‍ ഇത്തവണയാകട്ടെ ജനുവരി ആദ്യവാരത്തോടെ തന്നെ കടുത്തതിനാല്‍ ജലാശയങ്ങളെല്ലാം വറ്റിവരണ്ടു. കിഴക്കന്‍മേഖലയിലെ കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കെഐപി കനാല്‍ വഴിയുള്ള ജലസേചനമാണ് ആശ്വാസം. എന്നാല്‍ വേനല്‍ കനത്ത് കാര്‍ഷികവിളകള്‍ ഉണങ്ങിക്കരിയാന്‍ തുടങ്ങിയിട്ടും കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. തെന്മല ഡാമില്‍ നിന്നും ആരംഭിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള രണ്ട് കനാലുകളില്‍ വലതുകര കനാലാണ് കിഴക്കന്‍ മേഖലയിലൂടെ കടന്നുപോകുന്നത്. ഇതില്‍ നിന്നുമാരംഭിക്കുന്ന നിരവധി സബ്കനാലുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളില്‍ ജലമെത്തുന്നത്. മാത്രമല്ല, മിക്കയിടങ്ങളിലും കനാലുകള്‍ ശുചീകരിച്ചിട്ടുമില്ല. വര്‍ഷങ്ങളായി തൊഴിലുറപ്പ് തൊഴിലാളികളാണ് കനാലുകളിലെ കാടുകളഞ്ഞ് ശുചീകരണം നടത്തുന്നത്. ഇത്തവണ പലയിടങ്ങളിലും ശുചീകരണം പോലും നടന്നിട്ടില്ല. കാര്‍ഷികാവശ്യങ്ങള്‍ക്ക് പുറമേ നിരവധിയാളുകള്‍ വരള്‍ച്ചാസമയങ്ങളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കു പോലും ഈ ജലം ഉപയോഗിക്കുന്നുണ്ട്. വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. വരള്‍ച്ച ശക്തമായിട്ടും കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.