ചിന്തകള്‍ പോകുന്നവഴികള്‍

Wednesday 3 February 2016 9:36 pm IST

ട്രെയിന്‍ യാത്രയ്ക്കിടയില്‍ രണ്ട് അപരിചിതര്‍ കണ്ടുമുട്ടിയ കഥ കേട്ടിട്ടില്ലേ? തൊട്ടടുത്തിരുന്ന യാത്രക്കാരനോട് ചെറുപ്പക്കാരനായ യാത്രക്കാരന്‍ സമയം തിരക്കി. സമയം പറയുന്നതിനു പകരം അയാള്‍ ഈ ചെറുപ്പക്കാരനെ ചീത്ത വിളിച്ചു. വീണ്ടും വീണ്ടും ചീത്തവിളിക്കുന്നതു കേട്ട് കമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്ന മറ്റൊരാള്‍ ഇതില്‍ ഇടപെട്ടു.ഇത്രയേറെ ചീത്ത വിളിക്കാന്‍ എന്താണ് കാര്യം? സമയം ചോദിക്കുക മാത്രമല്ലേ അയാള്‍ ചെയ്തത്? ഒരാള്‍ ചോദിച്ചു. അപ്പോള്‍ ചീത്ത വിളിക്കുന്ന ആള്‍ പറഞ്ഞു:'ഇവര്‍ ഇപ്പോള്‍ എന്നോട് സമയം ചോദിച്ചു. ഞാന്‍ സമയം പറയും. അതു കഴിയുമ്പോള്‍ എന്നോട് ഇവര്‍ കാലാവസ്ഥയെപ്പറ്റി പറയും. അതുകഴിഞ്ഞ് പത്രവാര്‍ത്തയെപ്പറ്റി പറയും തുടര്‍ന്ന് എനിക്ക് ഇഷ്ടമുള്ള ഒരു വിഷയം സംസാരിച്ചു തുടങ്ങും. ഏതോ ജോലി തേടിപ്പോകുന്ന ഇവന്റെ സംസാരം എനിക്ക് ഇഷ്ടപ്പെടേണ്ടിവരും. അതുകൊണ്ട് ഈ ചെറുപ്പക്കാരനെ വീട്ടില്‍ വിളിച്ചുകൊണ്ടു പോകും. എനിക്ക് കാണാന്‍ കൊള്ളാവുന്ന ഒരു മകളുണ്ട്. എന്റെ അളവറ്റ സ്വത്തിന്റെ മുഴുവന്‍ അനന്തരാവകാശി അവളാണ്. വീട്ടില്‍ വരുന്ന ഇവന്റെ സംഭാഷണ ചാതുര്യത്തില്‍ എന്റെ മകള്‍ മയങ്ങി വീഴും. പിന്നെ അവന്‍ എന്നോട് അവളെ കല്ല്യാണം കഴിച്ചുക്കൊടുക്കാന്‍ പറഞ്ഞേക്കാം. സ്വന്തമായി വാച്ചുപോലും വാങ്ങികൊട്ടാന്‍ കഴിവില്ലാത്ത ഇവന് എന്റ മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായോക്കാം.' ഒറ്റശ്വാസത്തിലാണ് അയാള്‍ ഇതു പറഞ്ഞു നിര്‍ത്തിയത്. നോക്കൂ അയാളുടെ മനസ്സ് എവിടെ വരെ പോയി? ഒരു സഹയാത്രികനെക്കുറിച്ച് എന്തെല്ലാം ചിന്തിച്ചുകൂട്ടി? ട്രെയിനിന്റെ ജനാലയിലൂടെകാണുന്ന ഭംഗിയുള്ള പ്രകൃതിദൃശ്യങ്ങള്‍ അയാള്‍ കണ്ടില്ല. യാത്രയുടെ ഭംഗി അയാള്‍ക്ക് കിട്ടിയില്ല. ഇതുപോലെയാവരുത് മക്കളുടെ മനസ്സ്. ലോകത്തെ ഏറ്റവും വലിയ സഞ്ചാരി നമ്മുടെ മനസ്സാണ്. മനസ്സിനെ നിയന്ത്രിക്കുന്നതില്‍ കുറച്ച് പ്രയത്‌നം വേണം. ചിലര്‍ പറഞ്ഞു കേട്ടിട്ടില്ലേ, 'എന്റെ മകന് നല്ലബുദ്ധിയാണ് പക്ഷേ പഠിക്കാന്‍ അവന് ആഗ്രഹമില്ല' എന്ന്. ആഗ്രഹം ഇല്ലാതെ ബുദ്ധിയുണ്ടായിട്ട് എന്താണ് ഗുണം? അപ്പോള്‍ ബുദ്ധി ഉണ്ടെങ്കിലും പഠിക്കാന്‍ ആഗ്രഹം ഉണ്ടാകണം പ്രയത്‌നം ഉണ്ടാവണം. നമ്മുടെ ഭാഗത്തുനിന്ന് വേണം പ്രയത്‌നം തുടങ്ങേണ്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.