പയ്യന്നൂര്‍: കാര്‍ഷിക ഗ്രാമമായ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചു. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അഭാവം പരിഹരിച്ച് പഞ്ചായത്തിലെ എല്ലാ കര്‍ഷകര്‍ക്കും കുറഞ്ഞ വേതനത്തില്‍ കാര്‍ഷിക പ്രവര്‍ത്തികള്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്ത്തിപ്പിക്കാനടക്കം പരിശീലനം പൂര്‍ത്തിയാക്കി 13 പുരുഷന്മാരും 6 സ്ത്രീകളും അടങ്ങുന്നതാണ് തൊഴില്‍ സേന. പുതു തലമുറയെ കാര്‍ഷിക വൃത്തിയിലേക്ക് ആകര്‍ഷിച്ച് കര്‍ഷകര്‍ക്ക് വിവിധ സേവനങ്ങളും ലഭ്യമാക്കിക്കൊണ്ട് തരിശ് രഹിതവും ഉല്പാദന മേന്മയും നേടിയെടുക്കുകയാണ് കര്‍മ്മസേനയുടെ ലക്ഷ്യം.
നെല്‍കൃഷിക്ക് നിലമൊരുക്കല്‍ മുതല്‍ വിളവെടുപ്പ് വരെയും തെങ്ങുകൃഷിക്ക് തൈ നടീല്‍, തടം തുറക്കല്‍, മരുന്ന് തെളി, തേങ്ങപറിക്കല്‍ തുടങ്ങി, പച്ചക്കറി, ഇടവിള കൃഷി, വാഴ, ഔഷധ സസ്യ, ബയോഗ്യാസ്, മണ്ണിര കമ്പോസ്റ്റ്, പൈനാപ്പിള്‍ തുടങ്ങിയവക്കെല്ലാം സേനയുടെ സേവനം ലഭ്യമാക്കും. പഞ്ചായത്ത് ആസ്ഥാനമായ ചന്തപ്പുരയില്‍ ഇതിനായി ഓഫീസും തുടങ്ങി. ഫോണ്‍: 9605306471, 995318141. യന്ത്രസാമഗ്രികള്‍ സൂക്ഷിക്കാന്‍ കെട്ടിടം ഉടന്‍ നിര്‍മ്മിക്കും.
സേനയുടെ ഉദ്ഘാടനം നാളെ കുറ്റിയാട്ടും താഴെ വയലില്‍ നെല്ലുകൊയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ബാലന് നിര്‍വ്വഹിക്കും. പത്രസമ്മേളനത്തില്‍ ഇ.പി.ബാലന്, കൃഷി ഓഫീസര്‍ റൂബി ജാനറ്റ് ജോണി, സി.പ്രേമലത, കര്‍മ്മസേന പ്രസിഡണ്ട് കെ.വി.പത്മനാഭന്, സെക്രട്ടറി കെ.കുഞ്ഞിരാമന് മാസ്റ്റര്‍, ട്രെയിനര്‍ കെ.നാരായണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: