കണ്ണൂര്‍: സംസ്ഥാന കൃഷി വകുപ്പിന്റെയും ആത്മ കണ്ണൂരിന്റെയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഡിസ്ട്രിക്ട് സ്പെസിഫിക് ആക്ടിവിറ്റി – ഹരിതശ്രീക്ക് നാളെ കണ്ണൂരില്‍ തുടക്കമാവും. പളളിക്കുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൂപ്രണ്ട് ഗേറ്റ് ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹരിതശ്രീ പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ മില്‍മ ക്യാമ്പസില്‍ രാവിലെ 9.30 ന് പി.കെ.ശ്രീമതി എംപി നിര്‍വഹിക്കും. ആത്മ പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് വക്കത്ത് അധ്യക്ഷത വഹിക്കും.
വാഴ, പച്ചക്കറി, ഇഞ്ചി, മഞ്ഞള്‍, കറിവേപ്പില എന്നിവക്ക് പുറമെ അലങ്കാര മത്സ്യം, കാട എന്നിവയുടെ കൃഷിയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ജയില്‍, മില്‍മ, വനിത ജയില്‍, ആകാശവാണി, വനിത കോളേജ്, സ്പെഷ്യല്‍ സബ് ജയില്‍, ഗവ.പ്രസ്, പളളിക്കുന്ന് ഗവ.ഹൈസ്കൂള്‍ എന്നീ സ്ഥാപനങ്ങളുടെ ക്യാമ്പസില്‍ പദ്ധതി നിര്‍വഹണത്തിനായി സ്ഥലം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതാദ്യമായാണ് കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടെ കൂട്ടായ്മ ഒരു കാര്‍ഷിക പദ്ധതി സ്വന്തം ക്യമ്പസില്‍ നടപ്പിലാക്കുന്നത്. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ പങ്കാളികളാകുന്നു എന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്. വിളവെടുപ്പിന് ശേഷം പച്ചക്കറികളും മറ്റും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ഉദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: