സേവാഭാരതിയുടെ കാരുണ്യം പ്രിയ വരണമാല്യമണിഞ്ഞു

Wednesday 3 February 2016 10:17 pm IST

തിരുവനന്തപുരം: കൊട്ടും കുരവയുമില്ലാതെ നൂറു കണക്കിന് സുമനസ്സുകളുടെ അനുഗ്രഹത്തോടെ സേവാഭാരതി ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ തിരുവല്ലം പൂര്‍ണ്ണശ്രീ ബാലികാസദനത്തിലെ പ്രിയ വരണമാല്യമണിഞ്ഞു. വട്ടിയൂര്‍ക്കാവ് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രത്തിലെ ശ്രീ ദുര്‍ഗ്ഗാ കല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ഇടയ്‌ക്കോട് മിന്നില്‍ പൊട്ടനാണ്ടി ഹൗസില്‍ രൂപേഷാണ് പ്രിയയ്ക്ക് താലി ചാര്‍ത്തിയത്. ഭരതന്‍ രാധാമണി ദമ്പതികളുടെ പുത്രനാണ് രൂപേഷ്. സഹോദരങ്ങളായ രമ്യയ്ക്കും രജനീഷിനുമൊപ്പം ബന്ധുക്കളും ചടങ്ങിന് സാന്നിധ്യം വഹിച്ചു. മാതാപിതാക്കള്‍ ഇല്ലാത്ത പ്രിയയ്ക്കുവേണ്ടി സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. പ്രസന്നമൂര്‍ത്തിയായിരുന്നു ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന്‍, ജില്ലാ സെക്രട്ടറി സജിത്കുമാര്‍, മധൂസൂദനന്‍നായര്‍, കോമളവല്ലി, വിജയലക്ഷ്മി, കെ.സി. വിക്രമന്‍, രാജന്‍ കുരുക്കള്‍, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍, സിനിമാതാരം ഗോപകുമാര്‍, നന്ദകുമാര്‍, പ്രേമചന്ദ്രകുറുപ്പ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, പി.പി. മുരുകന്‍, നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി. ഗിരീഷ്‌കുമാര്‍, കൗണ്‍സിലര്‍ ഹരിശങ്കര്‍, ആര്‍എസ്എസ് പ്രാന്തീയ സഹ സേവാ പ്രമുഖ് ജി.വി. ഗിരീഷ്, വിഭാഗ് കാര്യകര്‍ത്താക്കളായ കൃഷ്ണകുമാര്‍, പി. സുധാകരന്‍, ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി കോലിയക്കോട് മോഹന്‍, സാമൂഹ്യ പ്രവര്‍ത്തക വിമലാമേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


തിരുവല്ലം പൂര്‍ണ്ണശ്രീ ബാലികാസദനത്തിലെ പ്രിയയെ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. പ്രസന്നമൂര്‍ത്തി രൂപേഷിന് കൈപിടിച്ചു നല്‍കിയപ്പോള്‍

2006 ലാണ് പ്രിയയും എട്ടുവയസ്സുകാരനായ അനുജന്‍ രാഹുലും സേവാഭാരതിയുടെ കൈകളിലെത്തുന്നത്. പ്രിയയ്ക്ക് അന്ന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം. പോത്തന്‍കോട് അയിരൂര്‍പ്പാറ സ്വദേശികളായ രാജു ശ്രീലത ദമ്പതികളുടെ മക്കളാണ് ഇരുവരും. ക്യാന്‍സര്‍ ബാധിതയായി അമ്മ മരിച്ചതോടെ അച്ഛനും നഷ്ടപ്പെട്ട ഇവര്‍ ബന്ധുക്കളുടെ കൂടെയായിരുന്നു താമസം. എന്നാല്‍ ബാധ്യതയേല്‍ക്കാന്‍ ബന്ധുക്കള്‍ തയ്യാറാത്ത സാഹചര്യത്തില്‍ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സേവാഭാരതിയെ വിവരം അറിയിക്കുകയായിരുന്നു. വാക് ചാതുര്യത്തില്‍ മിടുക്കിയായ പ്രിയ ബാലികസദനത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു. ഒരു അഭ്യുദയകാംഷി വാങ്ങിക്കൊടുത്ത സൈക്കിളിലുള്ള സ്വയം പരിശീലനം പോലും എന്തിനേയും അടുത്തറിയാനുള്ള പ്രിയയുടെ ആവേശങ്ങളിലൊന്നായിരുന്നുവെന്ന് ബാലികാ സദനം പ്രസിഡന്റ് ഗിരീഷും സെക്രട്ടറി മഹേശ്വരി പിള്ളയും പറയുന്നു.
ഫോര്‍ട്ട് സനാതനമിഷന്‍, മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം കഴിഞ്ഞ പ്രിയ ഹോട്ടല്‍മാനേജ്‌മെന്റ് കോഴിസിന് ചേര്‍ന്നു, എന്നാല്‍ കോഴ്‌സ് പൂര്‍ത്തിയാവും മുമ്പേ വിദ്യാനികേതന്റെ ടീച്ചേഴ്‌സ് പരിശീലനം നേടി സേവാഭാരതിയുടെ കീഴിലുള്ള മുട്ടത്തറ വിദ്യാമന്ദിരത്തില്‍ അധ്യാപികയായി. സ്‌കൂളിലെ കുട്ടികള്‍ക്ക് യോഗ പരിശീലനത്തിനും മാര്‍ഗ്ഗ ദര്‍ശിയായ പ്രിയ രാഷ്ട്ര സേവികാ സമിതി തിരുവല്ലം ശാഖയുടെ ചുമതലയും നോക്കിയിരുന്നു. സഹോദരന്‍ രാഹുല്‍ കോഴിക്കോട് സാമൂതിരി ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടൂവിന് ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും പഠിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.