ഹൈന്ദവ സംസ്‌കാരത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ടി വി ഹിന്ദു

Wednesday 3 February 2016 11:25 pm IST

തിരുവനന്തപുരം: ഹൈന്ദവ സംസ്‌കാരത്തിന്റെ അനന്തമായ അറിവും വിശ്വാസസംഹിതകളും ആചാരാനുഷ്ഠാനപെരുമയും സമഗ്രമായി പ്രേക്ഷകരിലെത്തിക്കുവാന്‍ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ഹൈന്ദവ ചാനലായ ടിവി ഹിന്ദുവിന് തുടക്കമായി. നാഗര്‍കോവിലില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ടിവി ഹിന്ദു ലോഗോ പ്രകാശനം ചെയ്തു. സനാതന ധര്‍മ്മത്തിന്റെ മഹത്വം പുതുതലമുറയിലെത്തിച്ച് മൂല്യാധിഷ്ഠിതമായ സമൂഹരചനയില്‍ പങ്കാളിയാവാന്‍ ടിവി ഹിന്ദുവിനാകട്ടെയെന്ന് ശ്രീശ്രീ രവിശങ്കര്‍ ആശംസിച്ചു. സമൂഹത്തില്‍ സംസ്‌കാരവും മൂല്യബോധവും വളര്‍ത്തുകയാണ് ശരിയായ മാധ്യമ ധര്‍മ്മം. ഹൈന്ദവ ധര്‍മ്മത്തിന് ലോകം മുഴുവന്‍ വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയുര്‍വേദത്തിന്റെയും യോഗയുടെയും നേട്ടം ലോകം മുഴുവന്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ ഇവയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നതില്‍ ശ്രദ്ധിക്കുന്നില്ല. നമുക്ക് വേണ്ടത് പോസിറ്റീവ് വാര്‍ത്തകളാണ്. ധാര്‍മ്മിക മൂല്യങ്ങള്‍ ജനഹൃദയങ്ങളിലെത്തിച്ച് സംസ്‌കാര സമ്പന്നമായ തലമുറയെ സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കുവാന്‍ ടിവി ഹിന്ദു മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി സദ്യോജാത, ആര്‍ട്ട് ഓഫ് ലിവിംഗ് കേരള അപ്പക്‌സ് ബോഡി ചെയര്‍മാന്‍ രാജേഷ്, അധ്യാപകരായ രാമചന്ദ്രന്‍, ബാബുരാജ്, ജയചന്ദ്രന്‍, ടിവി ഹിന്ദു പ്രതിനിധികളായ കൊല്ലം പണിക്കര്‍, ഹരിപ്രസാദ്, മോഹന്‍കുമാര്‍, ലീഗല്‍ അഡൈ്വസര്‍ അരുണ്‍കുമാര്‍, മോനു, അനില്‍കുമാര്‍, അജിത് കുമാര്‍ തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. സിഗ്നേച്ചര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രൊമോട്ടര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.