കൊപ്ര താങ്ങുവില കുത്തനെ കൂട്ടി

Thursday 4 February 2016 1:37 am IST

ന്യൂദല്‍ഹി: നാളികേര കര്‍ഷകര്‍ക്ക് വന്‍ ആശ്വാസമായി കൊപ്രയ്ക്ക് താങ്ങുവിലയില്‍ അസാധാരണമായ വര്‍ദ്ധന. ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 410 രൂപയും മില്‍ കൊപ്രയ്ക്ക് 400 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതിയിലാണ് തീരുമാനം. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വിലയും ഉല്‍പ്പാദന ലാഭവും ഉറപ്പാക്കാന്‍ എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ഫ്യൂച്ചര്‍ മാര്‍ക്കറ്റിങ് സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ് അറിയിച്ചു. അസോച്ചം സംഘടിപ്പിച്ച കമ്മോഡിറ്റി ഫ്യൂച്ചര്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊപ്രയുടെ പുതുക്കിയ താങ്ങുവില പ്രകാരം ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 6240 രൂപ ലഭിക്കും. നിലവില്‍ 5,830 രൂപയാണ്. മില്‍കൊപ്രയ്ക്ക് 5550 രൂപയായിരുന്നത് 5,950 രൂപയാക്കി. കര്‍ഷക ക്ഷേമത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ ഏറ്റവും പുതിയ തീരുമാനമാണിത്. കഴിഞ്ഞ ദിവസം നെല്‍-ധാന്യ കര്‍ഷകര്‍ക്കും കരിമ്പുകര്‍ഷകര്‍ക്കും വിവിധ ക്ഷേമപദ്ധതികളും ഉല്‍പ്പന്ന വില വര്‍ദ്ധനയും പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന എന്ന പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ രാജ്യത്തെ 50 ശതമാനം കര്‍ഷകരെ പദ്ധതിയുടെ സംരക്ഷണത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ പദ്ധതി. കര്‍ഷകരുടെ ക്ഷേമം ഉണ്ടാകാതെ രാജ്യത്തിന്റെ വികസനം സാധ്യമല്ലെന്നു വിവരിച്ച കൃഷിമന്ത്രി രാധാ മോഹന്‍സിങ്, ഫ്യൂച്ചര്‍ മാര്‍ക്കറ്റിങ് വഴി കര്‍ഷകര്‍ക്ക് ഉല്‍പ്പന്നത്തിനു ന്യായവില ലഭ്യമാക്കാന്‍ സഹായിക്കുമെന്നു വിശദീകരിച്ചു. വിലയിലെ ഏറ്റക്കുറച്ചില്‍ അവരെ ബാധിക്കില്ല. ഇതില്‍ നേരിട്ടു പങ്കാളികളാകാത്ത കര്‍ഷകര്‍ക്കും വിവിധ തലത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും, കൃഷി മന്ത്രി വിവരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.